GENESIS 17:1-16

GENESIS 17:1-16 MALCLBSI

സർവേശ്വരൻ അബ്രാമിന് പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തിനു തൊണ്ണൂറ്റിഒമ്പതു വയസ്സായിരുന്നു. അവിടുന്ന് അരുളിച്ചെയ്തു: “ഞാൻ സർവശക്തനായ ദൈവമാകുന്നു. നീ എന്റെ സാന്നിധ്യത്തിൽ ജീവിച്ച് കുറ്റമറ്റവനായിരിക്കുക. നീയുമായി ഞാൻ എന്റെ ഉടമ്പടി സ്ഥാപിക്കും. നിനക്ക് അനവധി സന്തതികളെ ഞാൻ നല്‌കും.” അപ്പോൾ അബ്രാം സാഷ്ടാംഗം പ്രണമിച്ചു. ദൈവം അരുളിച്ചെയ്തു: “ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യുന്നു. നീ അനേകം ജനതകളുടെ പിതാവായിത്തീരും. നിന്റെ പേര് ഇനിമേൽ അബ്രാം എന്നല്ല. നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നതിനാൽ നിന്റെ പേര് ഇനി അബ്രഹാം എന്നായിരിക്കും. ഞാൻ നിന്നെ സന്താനപുഷ്‍ടി ഉള്ളവനാക്കും. അനേകം ജനതകൾ നിന്നിൽനിന്നുണ്ടാകും. അവരിൽനിന്നു രാജാക്കന്മാരും ഉയർന്നുവരും. ഞാനും നീയും തമ്മിലുള്ള ഉടമ്പടി നിന്റെ ഭാവിതലമുറകളിലൂടെ എന്നേക്കും നിലനിർത്തും. നിനക്കും നിന്റെ സന്തതിപരമ്പരകൾക്കും ഞാൻ ദൈവമായിരിക്കും. ഞാൻ നിനക്കും അവർക്കും നീ ഇപ്പോൾ വന്നുപാർക്കുന്ന കനാൻദേശം മുഴുവൻ സ്ഥിരാവകാശമായി നല്‌കും. ഞാൻ അവരുടെ ദൈവവുമായിരിക്കും.” ദൈവം അബ്രഹാമിനോടു വീണ്ടും അരുളിച്ചെയ്തു: “നീയും നിന്റെ ഭാവിതലമുറകളും ഈ ഉടമ്പടി പാലിക്കണം. നീയും നിന്റെ സന്താനപരമ്പരകളും അനുസരിക്കേണ്ട ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏല്‌ക്കണം. ഈ അഗ്രചർമഛേദനം നാം തമ്മിലുള്ള ഉടമ്പടിയുടെ അടയാളം ആയിരിക്കും. നിന്റെ ഭവനത്തിൽ ജനിച്ചവനെന്നോ അന്യനിൽനിന്നു വിലയ്‍ക്കു വാങ്ങിയവനെന്നോ ഉള്ള ഭേദം കൂടാതെ നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം എട്ടാം ദിവസം പരിച്ഛേദനം ഏല്‌ക്കണം. ഭവനത്തിൽ ജനിച്ചവനും നീ വിലയ്‍ക്കുവാങ്ങിയവനും പരിച്ഛേദനം ഏറ്റേ തീരൂ. അങ്ങനെ എന്റെ ഈ ഉടമ്പടി നിങ്ങളുടെ ശരീരത്തിൽ ശാശ്വതമായ ഒരു അടയാളമായിരിക്കും. നിങ്ങളിൽ ആരെങ്കിലും പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാൽ അയാളെ ഉടമ്പടി ലംഘനത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നു പുറത്താക്കണം.” ദൈവം പിന്നെയും അബ്രഹാമിനോട് അരുളിച്ചെയ്തു: “നിന്റെ ഭാര്യയെ ഇനിമേൽ സാറായി എന്നല്ല ‘സാറാ’ എന്നാണു വിളിക്കേണ്ടത്. ഞാൻ അവളെ അനുഗ്രഹിക്കും. അവളിൽനിന്ന് ഞാൻ നിനക്ക് ഒരു മകനെ നല്‌കും. അവൾ അനേകം ജനതകളുടെ മാതാവായിത്തീരും. രാജാക്കന്മാരും അവളിൽനിന്നു ജനിക്കും.”

GENESIS 17 വായിക്കുക

GENESIS 17:1-16 - നുള്ള വീഡിയോ