GENESIS 16:1-9

GENESIS 16:1-9 MALCLBSI

അബ്രാമിന്റെ ഭാര്യയായ സാറായിക്ക് ഇതുവരെ മക്കളുണ്ടായില്ല. അവൾക്കു ഹാഗാർ എന്ന ഒരു ഈജിപ്തുകാരി ദാസിയുണ്ടായിരുന്നു. സാറായി അബ്രാമിനോടു പറഞ്ഞു: “സർവേശ്വരൻ എനിക്കു സന്താനഭാഗ്യം നല്‌കിയില്ല. അങ്ങ് എന്റെ ദാസിയെ പ്രാപിക്കുക. അവളിൽനിന്ന് എനിക്കു മക്കളെ ലഭിച്ചേക്കും.” സാറായിയുടെ ഉപദേശം അബ്രാം സ്വീകരിച്ചു. കനാൻദേശത്ത് വാസം തുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴാണു സാറായി തന്റെ ഈജിപ്തുകാരി ദാസി ഹാഗാറിനെ ഭർത്താവിന് ഉപഭാര്യയായി നല്‌കിയത്. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവൾ ഗർഭിണിയായി; താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾമുതൽ അവൾ യജമാനത്തിയെ നിന്ദിക്കാൻ തുടങ്ങി. സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ദുഃഖത്തിനു കാരണം അങ്ങുതന്നെ. എന്റെ ദാസിയെ അങ്ങേക്കു നല്‌കിയത് ഞാനാണല്ലോ. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷംമുതൽ അവൾ എന്നെ നിന്ദയോടെ വീക്ഷിക്കുന്നു. കുറ്റം നമ്മിൽ ആരുടേതെന്നു സർവേശ്വരൻ വിധിക്കട്ടെ.” അബ്രാം പറഞ്ഞു: “നിന്റെ ദാസി നിന്റെ അധികാരത്തിൻ കീഴിൽത്തന്നെയാണ്. നിന്റെ ഇഷ്ടംപോലെ അവളോടു വർത്തിക്കുക”. പിന്നീട് സാറായി ഹാഗാറിനോടു ക്രൂരമായി പെരുമാറി; അവൾ അവിടെനിന്ന് ഓടിപ്പോയി. മരുഭൂമിയിൽ ശൂരിലേക്കുള്ള വഴിമധ്യേ ഒരു നീരുറവിന്റെ അരികിൽവച്ച് സർവേശ്വരന്റെ ദൂതൻ അവളെ കണ്ടു. ദൂതൻ അവളോടു ചോദിച്ചു: “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” അവൾ പറഞ്ഞു: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്നു ഓടിപ്പോവുകയാണ്.” ദൂതൻ പറഞ്ഞു: “നിന്റെ യജമാനത്തിയുടെ അടുക്കലേക്കു തിരിച്ചുപോയി അവൾക്കു കീഴ്പെട്ടിരിക്കുക.

GENESIS 16 വായിക്കുക

GENESIS 16:1-9 - നുള്ള വീഡിയോ