EZEKIELA 8

8
യെഹെസ്കേലിന്റെ രണ്ടാമത്തെ ദർശനം
(8:1—10:22)
വിഗ്രഹാരാധന
1ആറാം വർഷം ആറാം മാസം അഞ്ചാം ദിവസം യെഹൂദായിലെ ജനപ്രമാണികളോടുകൂടി ഞാൻ എന്റെ ഭവനത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ സർവേശ്വരനായ കർത്താവിന്റെ ശക്തി എന്റെമേൽ വന്നു. ഞാൻ നോക്കി. 2അതാ, മനുഷ്യസദൃശമായ ഒരു രൂപം; അതിന്റെ അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിപോലെയിരുന്നു. അരക്കെട്ടിന്റെ മുകൾഭാഗം മിനുക്കിയ ഓടുപോലെ ശോഭയുള്ളതായി കാണപ്പെട്ടു. 3കൈപോലെ തോന്നിയ ഭാഗം നീട്ടി അയാൾ എന്റെ മുടിക്കു പിടിച്ചു; ദൈവാത്മാവ് എന്നെ ആകാശത്തിന്റെയും ഭൂമിയുടെയും മധ്യേ ഉയർത്തി ദിവ്യദർശനത്തിൽ എന്നെ യെരൂശലേമിലേക്കു നയിച്ചു; അവിടെ അകത്തെ അങ്കണത്തിന്റെ വടക്കേ വാതില്‌ക്കൽ എന്നെ നിർത്തി. ദൈവത്തിന്റെ തീക്ഷ്ണത ജ്വലിപ്പിക്കുന്ന ബിംബത്തിന്റെ പീഠവും അവിടെ ഉണ്ടായിരുന്നു. 4അതാ, ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ്! അത് സമതലത്തിൽവച്ചു ഞാൻ കണ്ട ദർശനത്തിലേതുപോലെ തന്നെ ആയിരുന്നു.
5അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ വടക്കോട്ടു നോക്കുക” ഞാൻ അവിടേക്കു നോക്കി. അതാ യാഗപീഠത്തിന്റെ വാതില്‌ക്കൽ വടക്കു ഭാഗത്തു ദൈവത്തിന്റെ തീക്ഷ്ണത ജ്വലിക്കുന്ന വിഗ്രഹം നില്‌ക്കുന്നു. 6അവിടുന്ന് എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, അവർ എന്താണ് ചെയ്യുന്നതെന്നു നീ കാണുന്നില്ലേ? ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകാനായി ഇസ്രായേൽജനം മഹാമ്ലേച്ഛതകൾ അവിടെ കാട്ടുന്നു. എന്നാൽ ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും.” 7പിന്നീട് അവിടുന്ന് എന്നെ അങ്കണത്തിന്റെ വാതില്‌ക്കൽ കൊണ്ടുവന്നു. ഞാൻ അവിടെ ചുവരിൽ ഒരു ദ്വാരം കണ്ടു. 8“മനുഷ്യപുത്രാ, ചുവർ കുത്തിത്തുറക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു; ഞാൻ ചുവർ തുരന്നു. അതാ, ഒരു വാതിൽ! 9“അകത്തു കടന്ന് അവർ അവിടെ ചെയ്യുന്ന നികൃഷ്ടവും മ്ലേച്ഛവുമായ കൃതൃങ്ങൾ കാണുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു. 10അങ്ങനെ ഞാൻ അകത്തു ചെന്നു നോക്കി. അതാ, ഇസ്രായേൽജനം ആരാധിക്കുന്ന വിഗ്രഹങ്ങളുടെയും എല്ലാവിധ ഇഴജന്തുക്കളുടെയും വെറുപ്പുളവാക്കുന്ന ജീവികളുടെയും ചിത്രങ്ങൾ ചുറ്റുമുള്ള ചുവരിൽ ആലേഖനം ചെയ്തിരിക്കുന്നു. 11ഇസ്രായേൽഗോത്രങ്ങളിലെ എഴുപതു ജനപ്രമാണികളും അവരുടെ കൂടെ ശാഫാന്റെ മകനായ യയസന്യായും അവയുടെ മുമ്പിൽ നില്‌ക്കുന്നു. ഓരോരുത്തരുടെയും കൈയിൽ ഉണ്ടായിരുന്ന ധൂപകലശത്തിൽനിന്നു സുഗന്ധധൂമം ഉയർന്നുകൊണ്ടിരുന്നു. 12അവിടുന്ന് എന്നോടു ചോദിച്ചു: “ഇസ്രായേലിലെ ജനനേതാക്കൾ ഇരുട്ടത്തു വിഗ്രഹങ്ങൾ നിറഞ്ഞ മുറിയിൽ ചെയ്യുന്നതെന്തെന്നു നീ കാണുന്നുണ്ടോ? സർവേശ്വരൻ നമ്മെ കാണുന്നില്ല; അവിടുന്നു നമ്മുടെ ദേശം ഉപേക്ഷിച്ചിരിക്കുന്നു എന്നവർ പറയുന്നു. 13ഇതിലും വലിയ മ്ലേച്ഛതകൾ അവർ ചെയ്യുന്നതു നീ കാണും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.
14അവിടുന്ന് എന്നെ ദേവാലയത്തിന്റെ വടക്കേ കവാടത്തിന്റെ മുമ്പിലേക്കു കൊണ്ടുവന്നു. അവിടെ #8:14 സസ്യങ്ങൾ ഉണങ്ങിക്കരിയുമ്പോൾ മരിക്കുകയും വർഷകാലത്ത് അവ പൊട്ടിക്കിളിർക്കുമ്പോൾ വീണ്ടും ജന്മമെടുക്കുകയും ചെയ്യുന്ന ബാബിലോൺ ദേവൻ.തമ്മൂസിനെ ചൊല്ലി സ്‍ത്രീകൾ വിലപിക്കുന്നുണ്ടായിരുന്നു. 15“മനുഷ്യപുത്രാ നീ ഇതു കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്ന് അവിടുന്നു പറഞ്ഞു.
16പിന്നീട് അവിടുന്നെന്നെ ദേവാലയത്തിന്റെ അകത്തെ അങ്കണത്തിൽ കൊണ്ടുവന്നു. അവിടെ ദേവാലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ ഇരുപത്തഞ്ചു പുരുഷന്മാർ ദേവാലയത്തിനു പുറം തിരിഞ്ഞു കിഴക്കോട്ടു നോക്കി നിന്നിരുന്നു. അവർ സാഷ്ടാംഗം വീണു സൂര്യനെ ആരാധിക്കുകയായിരുന്നു. പിന്നീട് അവിടുന്ന് എന്നോടരുളിച്ചെയ്തു: 17“മനുഷ്യപുത്രാ, നീ ഇതു കാണുന്നുവോ? യെഹൂദായിലെ ജനം ഇവിടെ കാട്ടിക്കൂട്ടുന്ന മ്ലേച്ഛതകൾ അത്ര നിസ്സാരമാണോ? അവർ ദേശം അക്രമങ്ങൾകൊണ്ടു നിറച്ചു; എന്റെ രോഷം വീണ്ടും ഉണർത്തി. കണ്ടില്ലേ അവർ എന്നെ എത്ര അധികം അധിക്ഷേപിക്കുന്നു? 18അതുകൊണ്ട് ഞാൻ അവരെ ക്രോധത്തോടെ നേരിടും; അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കയുമില്ല. അവർ എത്ര ഉറക്കെ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 8: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക