EZEKIELA 35
35
എദോമിനു ശിക്ഷ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, നീ സെയീർ പർവതത്തിനു നേരെ തിരിഞ്ഞ് അതിനെതിരെ പ്രവചിക്കുക. 3സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക.
ഇതാ സെയീർപർവതമേ, ഞാൻ നിനക്കെതിരാണ്;
ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്നെ ശൂന്യവും പാഴും ആക്കും.
4നിന്റെ നഗരങ്ങൾ ഞാൻ പാഴാക്കും;
നീ ശൂന്യമായിത്തീരുകയും ചെയ്യും;
അങ്ങനെ ഞാനാണ് സർവേശ്വരനെന്ന് നീ അറിയും.
5നീ ഇസ്രായേലിനോട് നിത്യശത്രുത പുലർത്തുകയും അവരുടെ അന്ത്യശിക്ഷാ സമയത്ത്, അവരുടെ ആപൽസന്ധിയിൽതന്നെ അവരെ വാളിനിരയാക്കുകയും ചെയ്തതുകൊണ്ട്, 6സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു: നിന്റെ രക്തം ചൊരിയാൻ ഞാൻ ഇടവരുത്തും. രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരുകയും ചെയ്യും. നീ കൊലപാതകത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടു രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരും. 7സെയീർപർവതത്തെ ഞാൻ ശൂന്യവും പാഴുമാക്കും. അവിടെ വരികയും പോകുകയും ചെയ്യുന്നവരെ ഞാൻ സംഹരിക്കും. കൊല്ലപ്പെട്ടവരെക്കൊണ്ടു നിന്റെ മലകൾ ഞാൻ നിറയ്‍ക്കും. 8നിന്റെ കുന്നുകളിലും താഴ്‌വരകളിലും മലയിടുക്കുകളിലും വാളിനിരയായവർ നിപതിക്കും. 9ഞാൻ നിന്നെ എന്നേക്കും ശൂന്യമാക്കും. നിന്റെ നഗരങ്ങളിൽ മനുഷ്യവാസം ഉണ്ടാവുകയില്ല. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നീ അറിയും.
10സർവേശ്വരനായ ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും യെഹൂദായും ഇസ്രായേലും അവിടത്തെ ജനങ്ങളും എൻറേതാകുന്നു; ഞങ്ങൾ അവയെ കൈവശപ്പെടുത്തും എന്നു നീ പറഞ്ഞതുകൊണ്ടു 11സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു, അവരോടുള്ള വിദ്വേഷത്താൽ നീ അവരോടു കാട്ടിയ രോഷത്തിനും അസൂയയ്‍ക്കും തക്കവിധം ഞാൻ നിന്നോടു പെരുമാറും. നിന്നെ ഞാൻ വിധിക്കുമ്പോൾ ഞാൻ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും. 12ഇസ്രായേൽപർവതങ്ങൾക്കെതിരെ അവ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; അവയെ ഞങ്ങൾക്ക് ഇരയായി നല്‌കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ നീ പറഞ്ഞ ദൂഷണങ്ങൾ സർവേശ്വരനായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും. 13എനിക്കെതിരെയുള്ള നിങ്ങളുടെ വമ്പുപറച്ചിലും വാതോരാതെയുള്ള സംസാരവും ഞാൻ കേട്ടിരിക്കുന്നു. ഭൂമി മുഴുവൻ നിന്റെ പതനത്തിൽ ആഹ്ലാദിക്കാൻവേണ്ടി ഞാൻ നിന്നെ ശൂന്യമാക്കുമെന്നു 14സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 15ഇസ്രായേൽജനത്തിന്റെ അവകാശം ശൂന്യമാക്കപ്പെട്ടപ്പോൾ നീ ആഹ്ലാദിച്ചു. അതുപോലെ ഞാൻ നിന്നോടു ചെയ്യും. സെയീർ പർവതമേ, നിന്നെയും സമസ്ത എദോമിനെയും ഞാൻ ശൂന്യമാക്കും. അപ്പോൾ ഞാനാണ് സർവേശ്വരനെന്നു നീ അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA 35: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.