EZEKIELA 24
24
ക്ലാവു പിടിച്ച പാത്രം
1പ്രവാസത്തിന്റെ ഒമ്പതാം വർഷം പത്താം മാസം പത്താം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. 2മനുഷ്യപുത്രാ, ഈ ദിവസം അതേ ഈ ദിവസം, ഏതെന്നു കുറിച്ചിടുക. ഇതേ ദിവസം തന്നെയാണ് ബാബിലോൺരാജാവ് യെരൂശലേമിനെ ആക്രമിച്ചത്. 3ധിക്കാരികളായ ജനത്തോട് ഈ ദൃഷ്ടാന്തം പറയുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഒരു കലം അടുപ്പത്തുവച്ച് അതിൽ വെള്ളം ഒഴിക്കുക. 4അതിൽ ആട്ടിൻപറ്റത്തിൽ മേന്മയേറിയ ആടിന്റെ തുടയിലെയും കൈക്കുറകിലെയും നല്ല കഷണങ്ങൾ ഇടണം. നല്ല എല്ലിൻകഷണങ്ങളും കൂടെ ഇട്ട് അതു നിറയ്‍ക്കുക. 5പാത്രത്തിനുകീഴെ വിറകടുക്കി തീ കത്തിച്ച് ഇറച്ചിക്കഷണങ്ങൾ വേവിക്കുക. എല്ലുകളും അതിൽ കിടന്നു തിളയ്‍ക്കട്ടെ.
6അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ക്ലാവു പിടിച്ച പാത്രമേ, വിട്ടുമാറാത്ത ക്ലാവു പിടിച്ച കലമേ, രക്തപങ്കിലമായ നഗരമേ, നിനക്കു ഹാ ദുരിതം! ആ കലത്തിൽനിന്നു കഷണങ്ങൾ ഓരോന്നും കോരി എടുക്കുക. 7ഒന്നും അവശേഷിക്കരുത്. നഗരം ചൊരിഞ്ഞ രക്തം ഇപ്പോഴും അവളുടെ മധ്യത്തിലുണ്ട്; അതു പാറപ്പുറത്താണ് അവൾ ഒഴുക്കിയത്. മണ്ണുകൊണ്ടു മൂടിപ്പോകത്തക്കവിധം അവൾ നിലത്തല്ല അതു ചൊരിഞ്ഞത്. 8എന്റെ ക്രോധം ഉണർത്തി പ്രതികാരം ചെയ്യാൻ വേണ്ടി അവൾ ചൊരിഞ്ഞ രക്തം ഞാൻ മറയ്‍ക്കാതെ ആ പാറപ്പുറത്തുതന്നെ നിറുത്തിയിരിക്കുന്നു. 9അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, നിനക്കു ദുരിതം! ഞാൻ തന്നെ വിറകു കൂമ്പാരം വലുതാക്കും. 10വിറകുകൂട്ടി തീ കൊളുത്തി മാംസം നന്നായി വേവിക്കുക. ചാറു വറ്റിക്കുക; എല്ലിൻകഷണങ്ങൾ കരിഞ്ഞുപോകട്ടെ. ആ പാത്രത്തിലുള്ളതെല്ലാം നീക്കിയശേഷം വീണ്ടും അതു തീക്കനലിന്മേൽ വയ്‍ക്കുക. 11അങ്ങനെ ചെമ്പു ചുട്ടുപഴുത്ത് അതിലെ കറ ഉരുകുകയും ക്ലാവു നശിച്ചു പോകുകയും ചെയ്യട്ടെ. 12എന്റെ അധ്വാനം നിഷ്ഫലമാണ്. അതിലെ കട്ടപിടിച്ച ക്ലാവ് അഗ്നിയിൽ ഉരുകുന്നതല്ല. 13നിന്റെ മ്ലേച്ഛമായ ഭോഗാസക്തിയാണ് നിന്നിലെ കട്ടപിടിച്ച ക്ലാവ്. ഞാൻ നിന്നെ ശുദ്ധമാക്കാൻ ശ്രമിച്ചിട്ടും നീ ശുദ്ധമായില്ല. എന്റെ ക്രോധം നിന്റെമേൽ ചൊരിഞ്ഞ് അതു തീരുന്നതുവരെ നീ ശുദ്ധയാകുകയില്ല. 14അതു സംഭവിക്കും; ഞാനതു നിറവേറ്റും. ഞാൻ പിന്മാറുകയില്ല. അതിന് ഒരു വിട്ടുവീഴ്ചയും കാണിക്കുകയോ മനസ്സു മാറ്റുകയോ ഇല്ല. നിന്റെ പ്രവൃത്തികൾക്കൊത്തവിധം ഞാൻ നിന്നെ വിധിക്കും. ഇതു ദൈവമായ സർവേശ്വരന്റെ വചനം.
പ്രവാചകപത്നിയുടെ മരണം
15സർവേശ്വരന്റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: 16“മനുഷ്യപുത്രാ, നിന്റെ നയനത്തിനാനന്ദം നല്‌കുന്നവളെ ഒറ്റയടിക്കു ഞാൻ നിന്നിൽനിന്നു നീക്കിക്കളയും; നീ കരയുകയോ വിലപിക്കുകയോ അരുത്; നീ കണ്ണീർ പൊഴിക്കയുമരുത്. 17നെടുവീർപ്പിട്ടുകൊൾക; എന്നാൽ അത് ഉച്ചത്തിലാകരുത്. മരിച്ചുപോയവരെ ഓർത്തു വിലാപം ആചരിക്കരുത്. നീ തലപ്പാവു ധരിക്കുകയും കാലിൽ ചെരുപ്പിടുകയും വേണം. നിന്റെ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ അരുത്. 18പ്രഭാതത്തിൽ ഞാൻ അങ്ങനെ ജനത്തോടു സംസാരിച്ചു; വൈകുന്നേരം എന്റെ ഭാര്യ മരണമടഞ്ഞു. എന്നോടു കല്പിച്ചിരുന്നതുപോലെ അടുത്ത പ്രഭാതത്തിൽ ഞാൻ പ്രവർത്തിച്ചു.
19നീ ഈ ചെയ്യുന്ന പ്രവൃത്തികളുടെ എല്ലാം അർഥം എന്ത് എന്നു ഞങ്ങളോടു പറയുകയില്ലേ എന്നു ജനം എന്നോടു ചോദിച്ചു. 20അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. 21സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേൽജനത്തോടു പറയുക. നിങ്ങളുടെ ഗർവിന്റെ ആധാരവും നിങ്ങളുടെ നേത്രങ്ങളുടെ ആനന്ദവും നിങ്ങളുടെ ആത്മാവിന്റെ അഭിവാഞ്ഛയുമായ എന്റെ വിശുദ്ധമന്ദിരം ഞാൻ അശുദ്ധമാക്കും. നിങ്ങൾ ഉപേക്ഷിച്ചുപോന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനിരയാകും. 22ഞാൻ പ്രവർത്തിച്ചതുപോലെ നിങ്ങളും അന്നു പ്രവർത്തിക്കും. നിങ്ങൾ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ ചെയ്യുകയില്ല. 23നിങ്ങളുടെ തലയിൽ തലപ്പാവും കാലിൽ ചെരുപ്പും ഉണ്ടായിരിക്കും. നിങ്ങൾ കരയുകയോ വിലപിക്കുകയോ ഇല്ല. എങ്കിലും നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ ക്ഷയിച്ചു പോകും. ഓരോരുത്തനും മറ്റുള്ളവനെ നോക്കി തേങ്ങിക്കരയും. 24ഇങ്ങനെ യെഹെസ്കേൽ ഒരു അടയാളമായിരിക്കും. അയാൾ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോൾ ഞാനാണു സർവേശ്വരനായ കർത്താവ് എന്നു നിങ്ങൾ അറിയും.
25മനുഷ്യപുത്രാ, അവരുടെ ശക്തിദുർഗവും അവരുടെ സന്തോഷവും മഹത്ത്വവും അവരുടെ നേത്രങ്ങളുടെ ആനന്ദവും അവരുടെ ഹൃദയത്തിന്റെ അഭിവാഞ്ഛയും ആയിരിക്കുന്ന എന്റെ മന്ദിരത്തെയും അവരുടെ പുത്രീപുത്രന്മാരെയും 26ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന ദിവസം ഒരു അഭയാർഥി വന്ന് ആ വാർത്ത നിന്നെ അറിയിക്കും. 27അയാളോടു നീ വാ തുറന്നു സംസാരിക്കും. അന്നുമുതൽ നീ മൂകനായിരിക്കുകയില്ല. അങ്ങനെ നീ അവർക്ക് അടയാളമായിരിക്കും. ഞാനാണ് സർവേശ്വരനെന്ന് അവർ അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA 24: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.