EZEKIELA 21

21
സർവേശ്വരന്റെ വാൾ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, യെരൂശലേമിലേക്കു മുഖം തിരിച്ചു വിശുദ്ധമന്ദിരത്തിനെതിരെ പ്രഘോഷിക്കുക. ഇസ്രായേൽദേശത്തിനെതിരെ പ്രവചിക്കുക; 3സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേൽജനത്തോടു പറയുക; നോക്കുക, ഞാൻ നിനക്കെതിരാണ്; ഞാൻ ഉറയിൽനിന്ന് വാളൂരി നീതിമാനെയും ദുഷ്ടനെയും ഛേദിച്ചുകളയും. 4അങ്ങനെ തെക്കുമുതൽ വടക്കുവരെയുള്ള സകല മനുഷ്യരെയും നിഗ്രഹിക്കാനാണ് എന്റെ വാൾ ഉറയിൽനിന്ന് ഊരുന്നത്. 5സർവേശ്വരനായ ഞാൻ ഉറയിൽനിന്നു വാളൂരിയിരിക്കുന്നു എന്ന് എല്ലാവരും അറിയും. അതു പിന്നീട് ഉറയിലിടുകയില്ല. 6അതുകൊണ്ട് മനുഷ്യപുത്രാ, നീ നെടുവീർപ്പിടുക; അവരുടെ കൺമുമ്പിൽ ഹൃദയം പൊട്ടുംവിധം കഠിനദുഃഖത്തോടെ നെടുവീർപ്പിടുക. 7എന്തിനു നെടുവീർപ്പിടുന്നു എന്ന് അവർ നിന്നോടു ചോദിക്കുമ്പോൾ നീ പറയണം; കേൾക്കാൻ പോകുന്ന വാർത്ത നിമിത്തം തന്നെ, അതു കേൾക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകും; എല്ലാ കരങ്ങളും ദുർബലമാകും; എല്ലാ മനസ്സുകളും തളരും; എല്ലാ കാൽമുട്ടുകളും വിറയ്‍ക്കും. ഇതാ അതിനുള്ള സമയം സമാഗതമായിരിക്കുന്നു. അതു നിറവേറ്റുകതന്നെ ചെയ്യും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
8സർവേശ്വരന്റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി: 9“മനുഷ്യപുത്രാ, പ്രവചിക്കുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക. ഇതാ ഒരു വാൾ, തേച്ചുമിനുക്കി മൂർച്ച വരുത്തിയ വാൾ, 10സംഹാരം നടത്താൻ അതിനു മൂർച്ച കൂട്ടിയിരിക്കുന്നു. ഇടിമിന്നൽപോലെ തിളങ്ങുംവിധം അതു മിനുക്കിയിരിക്കുന്നു. അപ്പോൾ നാം ഉല്ലസിക്കുകയോ? എന്റെ ജനം എല്ലാ മുന്നറിയിപ്പുകളും ശിക്ഷയും അവഗണിക്കും. 11അതുകൊണ്ട് ഉടനെ ഉപയോഗിക്കാൻവേണ്ടി വാൾ തേച്ചു മിനുക്കാൻ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കൈയിൽ കൊടുക്കാൻ അതു തേച്ചുമിനുക്കി മൂർച്ച കൂട്ടിയിരിക്കുന്നു. 12മനുഷ്യപുത്രാ, നീ കരയുകയും മുറവിളികൂട്ടുകയും ചെയ്യുക. കാരണം അത് എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാർക്കും നേരെ പ്രയോഗിക്കാനുള്ളതാണ്. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്മാരും വാളിനിരയായിത്തീരും. അതുകൊണ്ട് നീ മാറത്തടിച്ചു കരയുക, 13ഇതൊരു പരീക്ഷണമാണ്. അവർ മനംതിരിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും? സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”
14“അതുകൊണ്ട്, മനുഷ്യപുത്രാ, നീ പ്രവചിക്കുക, കൈകൊട്ടുക. വാൾ തുടർച്ചയായി അവരുടെമേൽ പതിക്കട്ടെ. അവർക്കു ചുറ്റും ചുഴറ്റുന്ന സംഹാര ഖഡ്ഗമാണിത്. 15അവരുടെ ഹൃദയം ഉരുകാനും അനേകം ആളുകൾ നിപതിക്കുവാനും എല്ലാ കവാടങ്ങളിലും ഞാൻ ആ വാൾ സ്ഥാപിച്ചിരിക്കുന്നു. ഇടിമിന്നൽപോലെ അതു തിളങ്ങുന്നു. സംഹാരത്തിനുവേണ്ടി അതു തേച്ചുമിനുക്കിയിരിക്കുന്നു. 16വാളിന്റെ വായ്ത്തല തിരിയുന്നതനുസരിച്ചു ഇടംവലം ആഞ്ഞു വെട്ടുക. 17ഞാനും കൈ കൊട്ടും; എന്റെ രോഷത്തിനു ശമനം വരും. സർവേശ്വരനായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.”
ബാബിലോൺ രാജാവിന്റെ വാൾ
18സർവേശ്വരന്റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി: 19“മനുഷ്യപുത്രാ, ബാബിലോൺ രാജാവിന്റെ വാൾ കടന്നുവരുന്നതിനു രണ്ടു വഴികൾ നീ അടയാളപ്പെടുത്തുക. ഒരേ ദേശത്തുനിന്നുതന്നെ അവ രണ്ടും പുറപ്പെടണം. നഗരത്തിലേക്കുള്ള വഴിത്തലയ്‍ക്കൽ കൈ ചൂണ്ടി സ്ഥാപിക്കുക. 20അങ്ങനെ അമ്മോന്യരുടെ പട്ടണമായ രബ്ബയിലും യെഹൂദായിലെ കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട യെരൂശലേമിലും വാൾ കടന്നുവരുന്നതിനുള്ള വഴി അടയാളപ്പെടുത്തുക. 21കാരണം ബാബിലോൺരാജാവ് വഴിത്തലയ്‍ക്കൽ വഴി രണ്ടായി തിരിയുന്നിടത്ത് ശകുനം നോക്കി നില്‌ക്കുന്നു. ഏതു വഴിക്കു പോകണം എന്നറിയാൻ അയാൾ ശരങ്ങൾ ചലിപ്പിച്ചു നോക്കുകയും കുലദൈവങ്ങളോട് അരുളപ്പാടു ചോദിക്കുകയും ബലിമൃഗങ്ങളുടെ കരൾ നോക്കുകയും ചെയ്യുന്നു. 22യെരൂശലേമിനുള്ള നറുക്ക് അയാളുടെ വലങ്കൈയിൽ വീണിരിക്കുന്നു. കൂട്ടക്കൊലയ്‍ക്ക് ആജ്ഞ നല്‌കാനും പോർവിളി മുഴക്കാനും പ്രവേശനകവാടങ്ങളിൽ ചുവരുകളും മറ്റും ഇടിച്ചു നിരത്താനുള്ള യന്ത്രമുട്ടി സ്ഥാപിക്കാനും മൺതിട്ടകൾ ഉയർത്താനും ഉപരോധഗോപുരങ്ങൾ നിർമിക്കാനും നിർദേശം നല്‌കുന്നതായിരുന്നു ആ നറുക്ക്. 23അവർ ചെയ്ത സഖ്യംനിമിത്തം യെരൂശലേംനിവാസികൾക്ക് അതു വ്യാജശകുനമായി തോന്നും. അവർ പിടിച്ചടക്കപ്പെടാനിടവരുത്തിയ അകൃത്യങ്ങൾ അയാൾ അവരെ അനുസ്മരിപ്പിക്കുന്നു.”
24അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ അകൃത്യങ്ങൾ വെളിപ്പെടുത്തി നിങ്ങളുടെ അപരാധങ്ങൾ അനുസ്മരിപ്പിച്ചതുകൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളുടെ പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും നിങ്ങൾ എന്റെ ഓർമയെ ഉണർത്തിയതുകൊണ്ടും നിങ്ങൾ പിടിക്കപ്പെടും. 25അശുദ്ധനും ദുഷ്ടനുമായ ഇസ്രായേൽരാജാവേ, നിന്റെ അന്ത്യശിക്ഷാവിധിയുടെ ദിവസം ഇതാ വന്നിരിക്കുന്നു. 26സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക. കാര്യങ്ങൾ പഴയതുപോലെ തുടരുകയില്ല. താണവൻ ഉയർത്തപ്പെടും. ഉയർന്നവൻ താഴ്ത്തപ്പെടും. 27അതിനു നാശം നാശം! ഞാൻ നഗരത്തെ നാശകൂമ്പാരമാക്കും, നഗരത്തെ ന്യായം വിധിക്കാൻ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നവൻ വരുമ്പോൾ ഞാൻ അത് അവനെ ഏല്പിക്കും.
വാളും അമ്മോന്യരും
28“മനുഷ്യപുത്രാ, പ്രവചിക്കുക! സർവേശ്വരനായ കർത്താവ് അമ്മോന്യരെയും അവരുടെ അധിക്ഷേപത്തെയുംകുറിച്ച് ഇങ്ങനെ അരുളിച്ചെയ്യുന്നു. 29സംഹാരത്തിനായി ഒരു വാൾ ഊരിപ്പിടിച്ചിരിക്കുന്നു. ഇടിവാൾപോലെ വെട്ടിത്തിളങ്ങുംവിധം അതു തേച്ചുമിനുക്കിയിരിക്കുന്നു. നിങ്ങൾക്കുവേണ്ടി വ്യാജദർശനം കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന അശുദ്ധരായ ദുഷ്ടജനത്തിന്റെ കഴുത്തിൽ ആ വാൾ പതിക്കും. അവരുടെ ദിവസം വന്നിരിക്കുന്നു! അവരുടെ അന്ത്യശിക്ഷയുടെ ദിവസംതന്നെ. 30വാൾ ഉറയിലിടുക; നീ സൃഷ്‍ടിക്കപ്പെട്ട ദേശത്തു, നിന്റെ ജന്മദേശത്തുവച്ചുതന്നെ നിന്നെ ഞാൻ വിധിക്കും. 31എന്റെ രോഷം ഞാൻ നിന്റെമേൽ പകരും. എന്റെ ക്രോധാഗ്നി നിന്റെമേൽ ജ്വലിക്കും. ഞാൻ നിന്നെ സംഹാരവിരുതരായ നിഷ്ഠുരന്മാരുടെ കൈയിൽ ഏല്പിക്കും. 32നീ അഗ്നിക്കിരയാകും. നിന്റെ രക്തം ദേശത്തിന്റെ നടുവിലൂടെ ഒഴുകും. നിന്നെ ആരും ഓർമിക്കയില്ല.” സർവേശ്വരനായ ഞാനാണ് ഇത് അരുളിച്ചെയ്യുന്നത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 21: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക