സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ ഞാൻ നിങ്ങളെ നിയമിച്ചിരിക്കുന്നുവെന്ന് ഇസ്രായേൽജനങ്ങളോടും ഈജിപ്തിലെ രാജാവായ ഫറവോയോടും പറയുക.” യാക്കോബിന്റെ ആദ്യജാതനായ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു; ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി. രൂബേൻഗോത്രത്തിലെ കുടുംബത്തലവന്മാർ ഇവരായിരുന്നു. ശിമെയോന്റെ പുത്രന്മാർ: യെമുവേൽ, യാമിൻ, ഓഹദ്, യാക്കിൻ, സോഹർ എന്നിവരും കനാന്യസ്‍ത്രീയിൽ ജനിച്ച ശൗലും ആകുന്നു. ഇവർ ശിമെയോൻഗോത്രത്തിലെ കുടുംബത്തലവന്മാർ. തലമുറയനുസരിച്ച് ലേവിയുടെ പുത്രന്മാർ ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരായിരുന്നു. ലേവി നൂറ്റിമുപ്പത്തേഴുവർഷം ജീവിച്ചിരുന്നു. ഗേർശോന്റെ പിൻതലമുറക്കാരാണ് ലിബ്നിയും ശിമെയിയും അവരുടെ കുടുംബങ്ങളും. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നിവർ. കെഹാത്ത് നൂറ്റിമുപ്പത്തിമൂന്നു വർഷം ജീവിച്ചിരുന്നു. മെരാരിയുടെ പുത്രന്മാരാണ് മഹ്ലിയും മൂശിയും. ലേവിയുടെ പിൻതലമുറക്കാരുടെ കുലങ്ങൾ ഇവയാണ്. അമ്രാം പിതൃസഹോദരിയായ യോഖേബെദിനെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് മോശയും അഹരോനും. അമ്രാം നൂറ്റിമുപ്പത്തേഴു വർഷം ജീവിച്ചിരുന്നു. ഇസ്ഹാരിന്റെ പുത്രന്മാർ കോരഹ്, നേഫെഗ്, സിക്രി എന്നിവരാകുന്നു. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി എന്നിവരായിരുന്നു. അമ്മീനാദാബിന്റെ പുത്രിയും നഹശോന്റെ സഹോദരിയുമായ എലീശേബയെ അഹരോൻ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് നാദാബും അബീഹൂവും എലെയാസാരും ഇഥാമാരും. കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാനാ, അബീയാസഫ്. ഇവരാണ് കോരഹ്‍വംശജർ. അഹരോന്റെ പുത്രനായ എലെയാസാർ പുതിയേലിന്റെ പുത്രിമാരിൽ ഒരാളെ വിവാഹം ചെയ്തു. അവളുടെ പുത്രനാണ് ഫീനെഹാസ്. ലേവിഗോത്രത്തിൽ പെട്ട കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്മാർ ഇവരാകുന്നു. ഇസ്രായേൽജനത്തെ കൂട്ടമായി ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ സർവേശ്വരൻ കല്പിച്ചത് ഈ മോശയോടും അഹരോനോടും ആയിരുന്നു. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു വിട്ടയയ്‍ക്കാൻ ഫറവോയോടു സംസാരിച്ചതും ഇവരാണ്. ഈജിപ്തിൽവച്ചു സർവേശ്വരൻ മോശയോടു സംസാരിച്ച ദിവസം അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ സർവേശ്വരൻ ആകുന്നു; ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തു രാജാവായ ഫറവോയോടു പറയണം.” മോശ സർവേശ്വരനോടു പറഞ്ഞു: “എനിക്ക് വാക്സാമർഥ്യമില്ല; പിന്നെ ഫറവോ എങ്ങനെ എന്നെ ശ്രദ്ധിക്കും?”
EXODUS 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 6:13-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ