മോശ പറഞ്ഞു: “അവർ എന്നെ വിശ്വസിക്കുകയില്ല, ഞാൻ പറയുന്നതു ശ്രദ്ധിക്കുകയുമില്ല. ‘സർവേശ്വരൻ നിനക്കു പ്രത്യക്ഷപ്പെട്ടില്ല’ എന്ന് അവർ പറയും.” അപ്പോൾ അവിടുന്നു ചോദിച്ചു: “നിന്റെ കൈയിലിരിക്കുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: “ഒരു വടി.” അവിടുന്ന് അരുളിച്ചെയ്തു: “നീ അതു നിലത്തിടുക.” മോശ വടി താഴെയിട്ടപ്പോൾ അതു സർപ്പമായിത്തീർന്നു; മോശ അതിനെ കണ്ട് ഓടിയകന്നു. എന്നാൽ അവിടുന്നു മോശയോട് അരുളിച്ചെയ്തു: “നീ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക.” അദ്ദേഹം അതിനെ പിടിച്ചപ്പോൾ അതു വീണ്ടും വടിയായിത്തീർന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ നിനക്കു പ്രത്യക്ഷനായി എന്ന് അവർ ഇതുനിമിത്തം വിശ്വസിക്കും.” സർവേശ്വരൻ വീണ്ടും മോശയോടു കല്പിച്ചു: “നിന്റെ കൈ നിന്റെ മാറിടത്തിൽ വയ്‍ക്കുക.” മോശെ കൈ മാറിടത്തിൽ വച്ചു. തിരിച്ചെടുത്തപ്പോൾ അതു കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെള്ള നിറമായി. “കൈ വീണ്ടും മാറിടത്തിൽ വയ്‍ക്കുക.” ദൈവം കല്പിച്ചു. കൈ മാറിടത്തിൽ വച്ചിട്ടു തിരിച്ചെടുത്തപ്പോൾ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾപോലെ ആയിത്തീർന്നു. അവർ നിന്നെ വിശ്വസിക്കാതെ ആദ്യ അടയാളം നിരാകരിച്ചാൽ രണ്ടാമത്തെ അടയാളം വിശ്വസിക്കും. അവർ ഈ രണ്ട് അടയാളങ്ങളും അവിശ്വസിച്ചു നിന്റെ വാക്കു ശ്രദ്ധിക്കാതെയിരുന്നാൽ നൈൽനദിയിൽനിന്നു കുറെ വെള്ളമെടുത്ത് ഉണങ്ങിയ നിലത്തൊഴിക്കണം; അത് അവിടെ രക്തമായിത്തീരും.” മോശ സർവേശ്വരനോടു പറഞ്ഞു: “സർവേശ്വരാ, ഞാൻ വാക്സാമർഥ്യം ഇല്ലാത്തവൻ; അവിടുന്ന് ഈ ദാസനോട് സംസാരിക്കുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെതന്നെ. സംസാരിക്കുമ്പോൾ എനിക്ക് തടസ്സവുമുണ്ട്.” അപ്പോൾ അവിടുന്നു ചോദിച്ചു: “മനുഷ്യന് വായ് നല്‌കിയതാര്? ഒരുവനെ മൂകനോ, ബധിരനോ, കാഴ്ചയുള്ളവനോ, കാഴ്ചയില്ലാത്തവനോ ആക്കുന്നത് ആര്? സർവേശ്വരനായ ഞാൻ അല്ലേ? അതുകൊണ്ട് ഉടനെ പുറപ്പെടുക. ഞാൻ ഞാനാകുന്നവൻ തന്നെ, നിന്റെ നാവിനോടൊപ്പം ഉണ്ടായിരിക്കും. സംസാരിക്കേണ്ടത് ഞാൻ നിനക്കു പറഞ്ഞുതരും.” മോശയാകട്ടെ വീണ്ടും അപേക്ഷിച്ചു: “എന്റെ സർവേശ്വരാ, മറ്റാരെയെങ്കിലും അയയ്‍ക്കേണമേ.”
EXODUS 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 4:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ