EXODUS 11
11
ആദ്യജാതന്മാരുടെ മരണം
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഒരു ബാധകൂടി ഞാൻ ഫറവോയുടെയും ഈജിപ്തുകാരുടെയുംമേൽ അയയ്‍ക്കും; അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്‍ക്കും. അപ്പോൾ ഒരാൾപോലും ശേഷിക്കാതെ നിങ്ങളെ ഒന്നടങ്കം അവൻ ഓടിക്കും. 2നിങ്ങൾ ഓരോരുത്തരും സ്‍ത്രീയും പുരുഷനും തന്റെ അയൽക്കാരോടു സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങൾ ചോദിച്ചുവാങ്ങണമെന്നു ജനത്തോടു പറയണം. 3ഈജിപ്തുകാർക്ക് ഇസ്രായേല്യരോട് അനുഭാവം തോന്നാൻ സർവേശ്വരൻ ഇടയാക്കി. ഫറവോയുടെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ദൃഷ്‍ടിയിൽ മോശ ഈജിപ്തിലെ ഒരു മഹാനേതാവായി ഉയർന്നു.
4മോശ പറഞ്ഞു: “ഇത് സർവേശ്വരന്റെ വചനം. അർധരാത്രിയാകുമ്പോൾ ഞാൻ ഈജിപ്തിലൂടെ കടന്നുപോകും. 5അപ്പോൾ ഈജിപ്തിലെ ആദ്യജാതന്മാർ മരിക്കും. സിംഹാസനത്തിലിരിക്കുന്ന ഫറവോയുടെമുതൽ തിരികല്ലിൽ ധാന്യം പൊടിക്കുന്ന വേലക്കാരിയുടെവരെ ആദ്യജാതന്മാർ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചത്തൊടുങ്ങും. 6ഈജിപ്തിൽ എല്ലായിടത്തുനിന്നും നിലവിളി ഉയരും. അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. 7എന്നാൽ ഇസ്രായേൽജനങ്ങളുടെയോ അവരുടെ മൃഗങ്ങളുടെയോ നേർക്ക് ഒരു നായ് പോലും ശബ്ദിക്കുകയില്ല. അങ്ങനെ ഈജിപ്തുകാർക്കും ഇസ്രായേൽജനങ്ങൾക്കും ഇടയിൽ സർവേശ്വരൻ ഭേദം കല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും. 8അങ്ങയുടെ ഭൃത്യന്മാർ വന്ന് എന്നെ വണങ്ങിയിട്ട് ‘നീയും നിന്റെ ജനവും പൊയ്‍ക്കൊൾക’ എന്നു പറയും. അപ്പോൾ ഞാൻ പുറപ്പെടും.” പിന്നെ മോശ ഉഗ്രകോപത്തോടെ രാജസന്നിധിവിട്ട് ഇറങ്ങിപ്പോയി. 9സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “കൂടുതൽ അടയാളങ്ങൾ ഞാൻ ഈജിപ്തിൽ ചെയ്യുന്നതിനുവേണ്ടി ഫറവോ നിന്റെ വാക്ക് ഇനിയും അവഗണിക്കും. 10ഈ അടയാളങ്ങളെല്ലാം മോശയും അഹരോനും ഫറവോയുടെ മുമ്പാകെ ചെയ്തു; എന്നാൽ സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതുകൊണ്ട് ഇസ്രായേൽജനത്തെ അയാൾ തന്റെ ദേശത്തുനിന്നു വിട്ടയച്ചില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 11: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.