ഫറവോ മോശയെയും അഹരോനെയും ഉടൻതന്നെ വിളിച്ചുവരുത്തി പറഞ്ഞു: “നിങ്ങൾക്കും നിങ്ങളുടെ സർവേശ്വരനായ ദൈവത്തിനെതിരായി ഞാൻ പാപം ചെയ്തു. ഈ പ്രാവശ്യം കൂടി എന്റെ പാപം ക്ഷമിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. ഈ മാരകമായ ബാധയിൽനിന്ന് എന്നെ വിടുവിക്കാൻ ഒരിക്കൽകൂടി നിങ്ങളുടെ ദൈവമായ സർവേശ്വരനോട് അപേക്ഷിക്കുക.” മോശ രാജസന്നിധിയിൽനിന്നു പുറത്തുചെന്ന് ഫറവോയ്‍ക്ക് വേണ്ടി പ്രാർഥിച്ചു. സർവേശ്വരൻ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റടിപ്പിച്ചു; അതു വെട്ടുക്കിളികളെ മുഴുവൻ ചെങ്കടലിലേക്ക് തള്ളി വിട്ടു; ഈജിപ്തിൽ ഒരിടത്തും ഒരു വെട്ടുക്കിളിയും ശേഷിച്ചില്ല. എന്നാൽ സർവേശ്വരൻ ഫറവോയെ കഠിനചിത്തനാക്കി. അയാൾ ഇസ്രായേൽജനങ്ങളെ വിട്ടയച്ചുമില്ല. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ആകാശത്തേക്ക് കൈ ഉയർത്തുക; ഈജിപ്തിൽ ഇരുട്ടു പരക്കട്ടെ.” മോശ ആകാശത്തേക്കു കൈ ഉയർത്തി; അപ്പോൾ ഈജിപ്തിലെല്ലാം കൂരിരുട്ടു പരന്നു. അതു മൂന്നു ദിവസം നീണ്ടുനിന്നു. പരസ്പരം കാണാൻപോലും വയ്യാത്തതിനാൽ മൂന്നു ദിവസത്തേക്ക് ആരും സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റതുപോലുമില്ല. എന്നാൽ ഇസ്രായേൽജനം വസിച്ചിരുന്ന സ്ഥലത്ത് പ്രകാശം ഉണ്ടായിരുന്നു. ഫറവോ മോശയെ വരുത്തി പറഞ്ഞു: “സർവേശ്വരനെ ആരാധിക്കാൻ പൊയ്‍ക്കൊള്ളുക; കുട്ടികളും കൂടെ വന്നുകൊള്ളട്ടെ. എന്നാൽ നിങ്ങളുടെ കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഇവിടെത്തന്നെ നില്‌ക്കട്ടെ.” മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗങ്ങളും ഹോമങ്ങളും അർപ്പിക്കണം. അതിനാൽ ഞങ്ങളുടെ കന്നുകാലികൾ മുഴുവനെയും കൂടെ കൊണ്ടുപോകാൻ അനുവദിക്കണം. അവയിൽ ഒന്നിനെപ്പോലും ഇവിടെ വിട്ടിട്ടു പോകാൻ സാധ്യമല്ല; ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗം അർപ്പിക്കേണ്ടത് അവയിൽനിന്നാണ്. അവിടെ ചെല്ലുന്നതുവരെ, ഏതിനെയാണ് അർപ്പിക്കേണ്ടതെന്നു ഞങ്ങൾക്കു നിശ്ചയമില്ല.” സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതിനാൽ അയാൾ അവരെ വിട്ടയച്ചില്ല. ഫറവോ മോശയോടു പറഞ്ഞു: “കടന്നുപോകൂ. ഇനിമേൽ എന്റെ മുമ്പിൽ വരരുത്; വന്നാൽ അന്നു നീ മരിക്കും.” മോശ മറുപടി പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെയാകട്ടെ. ഇനിമേൽ ഞാൻ അങ്ങയുടെ മുഖം കാണുകയില്ല.”
EXODUS 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 10:16-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ