ESTHERI 4:5-14

ESTHERI 4:5-14 MALCLBSI

തന്നെ ശുശ്രൂഷിക്കാൻ രാജാവ് നിയോഗിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരാളായ ഹഥാക്കിനെ എസ്ഥേർ വിളിച്ച് ഇതെല്ലാം എന്തിനെന്നും ഇതിനു കാരണം എന്തെന്നും മൊർദ്ദെഖായിയുടെ അടുക്കൽ അന്വേഷിച്ചു വരാൻ കല്പിച്ചു. അയാൾ കൊട്ടാരവാതിലിനു മുമ്പിൽ തുറസ്സായ സ്ഥലത്ത് ഇരുന്നിരുന്ന മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു. തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത പണം എത്രയെന്നതും മൊർദ്ദെഖായി അയാളോടു പറഞ്ഞു. അവരെ നശിപ്പിക്കുന്നതിനു ശൂശനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിളംബരത്തിന്റെ പകർപ്പ് മൊർദ്ദെഖായി അയാളെ ഏല്പിച്ച്, അതു എസ്ഥേറിനെ കാണിച്ചു വിശദീകരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷിക്കാൻ എസ്ഥേറിനെ പ്രേരിപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഹഥാക്ക് തിരിച്ചു ചെന്ന് മൊർദ്ദെഖായി പറഞ്ഞ കാര്യങ്ങൾ എസ്ഥേറിനെ അറിയിച്ചു. മൊർദ്ദെഖായിക്ക് എസ്ഥേർ ഈ സന്ദേശം ഹഥാക്ക് വശം നല്‌കി. വിളിക്കപ്പെടാതെ ഒരു പുരുഷനോ സ്‍ത്രീയോ രാജാവിന്റെ അടുക്കൽ അകത്തളത്തിൽ ചെന്നാൽ അവർ ആരായാലും കൊല്ലപ്പെടും. എന്നാൽ രാജാവു സ്വർണച്ചെങ്കോൽ അവരുടെനേരെ നീട്ടിയാൽ അവർ ജീവനോടിരിക്കും. ഈ നിയമം രാജാവിന്റെ സകല ഭൃത്യന്മാർക്കും സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും അറിവുള്ളതാണ്. രാജാവ് എന്നെ വിളിച്ചിട്ടു മുപ്പതു ദിവസമായി. ഈ സന്ദേശം ഹഥാക്ക്, മൊർദ്ദെഖായിയെ അറിയിച്ചു. അപ്പോൾ മൊർദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്. ഈ സമയത്തു നീ മിണ്ടാതിരുന്നാൽ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദർക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദർഭത്തിൽ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീർന്നിരിക്കുന്നത്? ആർക്കറിയാം?”

ESTHERI 4 വായിക്കുക