നിങ്ങൾ ബുദ്ധിശൂന്യരാകാതെ നിങ്ങൾ ചെയ്യണമെന്നു കർത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക. വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്. സങ്കീർത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാൽ നിങ്ങൾ അന്യോന്യം സംസാരിക്കുകയും, പൂർണഹൃദയത്തോടെ ഗീതങ്ങളും സങ്കീർത്തനങ്ങളും പാടി കർത്താവിനെ സ്തുതിക്കുകയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം. ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം നിങ്ങൾ അന്യോന്യം വഴങ്ങുക. ഭാര്യമാരേ, കർത്താവിനെന്നവണ്ണം നിങ്ങളുടെ ഭർത്താക്കന്മാർക്കു സ്വയം വഴങ്ങുക. ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേൽ കർത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേൽ ഭർത്താവിന് അധികാരമുണ്ട്. അതുകൊണ്ട് സഭ ക്രിസ്തുവിനു സ്വയം സമർപ്പിക്കുന്നതുപോലെതന്നെ, ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു പൂർണമായും സ്വയം സമർപ്പിക്കേണ്ടതാണ്. ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്‍ക്കുവേണ്ടി സ്വജീവൻ അർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. സഭയെ ജലസ്നാനം ചെയ്ത്, വചനത്താൽ ശുദ്ധീകരിച്ച്, മാലിന്യമോ, ഊനമോ, മറ്റേതെങ്കിലും കുറവോ ഇല്ലാതെ അണിഞ്ഞൊരുങ്ങിയവളും പരിശുദ്ധയും നിഷ്കളങ്കയുമായി തന്റെ മുമ്പിൽ നിറുത്തുന്നതിനുവേണ്ടിയാണ് ക്രിസ്തു അപ്രകാരം ചെയ്തത്. പുരുഷന്മാർ സ്വന്തം ശരീരത്തെ എന്നവണ്ണം തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതാണ്. ഭാര്യയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. സ്വന്തം ശരീരത്തെ ആരും വെറുക്കുന്നില്ല. പകരം ക്രിസ്തു സഭയെ എന്നവണ്ണം അവൻ ഭക്ഷണം നല്‌കി ശരീരത്തെ പോഷിപ്പിക്കുകയാണല്ലോ ചെയ്യുന്നത്. നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. ഇതുകൊണ്ടാണ്, മനുഷ്യൻ മാതാപിതാക്കളെ വിട്ടു തന്റെ ഭാര്യയോട് ഏകീഭവിക്കുമെന്നും അവർ ഇരുവരും ഒന്നായിത്തീരുമെന്നും വേദപുസ്തകത്തിൽ പറയുന്നത്. ഇതിൽ അന്തർഭവിച്ചിട്ടുള്ള മർമ്മം വളരെ വലുതാണ്; ഞാൻ പറയുന്നത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചാണ്. അതു നിങ്ങളെ സംബന്ധിച്ചും വാസ്തവമത്രേ. ഭർത്താവ് തന്നെപ്പോലെ തന്നെ തന്റെ ഭാര്യയെ സ്നേഹിക്കുകയും ഭാര്യ തന്റെ ഭർത്താവിനെ ബഹുമാനിക്കുകയും വേണം.
EFESI 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EFESI 5:17-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ