EFESI 4:22-31

EFESI 4:22-31 MALCLBSI

പൂർവകാലജീവിതത്തിനു നിങ്ങളെ പ്രേരിപ്പിച്ച പഴയ മനുഷ്യപ്രകൃതി ഉപേക്ഷിക്കുക. വഞ്ചനാത്മകമായ ദുർമോഹങ്ങൾകൊണ്ട് ആ പഴയ മനുഷ്യൻ നശിക്കുന്നു. നിങ്ങളുടെ ഹൃദയവും മനസ്സും സമ്പൂർണമായി നവീകരിക്കപ്പെടണം. യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്‍ടിക്കപ്പെട്ട പുതിയ മനുഷ്യപ്രകൃതി ധരിച്ചുകൊള്ളുക. അതിനാൽ ഇനി നിങ്ങൾ വ്യാജം പറയരുത്! നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം. കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യൻ അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്. സാത്താന് അവസരം കൊടുക്കരുതല്ലോ. മോഷ്‍ടിച്ചിരുന്നവർ ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാൻ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയിൽ ഏർപ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം. നിങ്ങളുടെ വായിൽനിന്ന് ദുർഭാഷണം പുറപ്പെടരുത്. കേൾക്കുന്നവർക്കു നന്മയുണ്ടാകത്തക്കവണ്ണം നിങ്ങളുടെ വാക്കുകൾ സന്ദർഭോചിതവും, ശ്രോതാവിന് ആത്മീയമായ പ്രചോദനം പ്രദാനം ചെയ്യുന്നതുമായിരിക്കണം. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; നിങ്ങളുടെ വീണ്ടെടുപ്പിന്റെ ദിവസത്തിലേക്കു ദൈവത്തിന്റെ വകയായി നിങ്ങളെ മുദ്രയിട്ടിരിക്കുന്നത് ആ പരിശുദ്ധാത്മാവിനാലാണല്ലോ; എല്ലാ വിദ്വേഷവും ക്രോധവും അമർഷവും ഉപേക്ഷിക്കുക; അട്ടഹാസവും, ദൂഷണവും, എന്നല്ല എല്ലാ പകയും നിങ്ങളിൽനിന്നു വിട്ടുപോകട്ടെ. ദയയോടും മനസ്സലിവോടുംകൂടി അന്യോന്യം പെരുമാറുകയും, ദൈവം നിങ്ങളോടു ക്രിസ്തു മുഖേന ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുകയും ചെയ്യുക.

EFESI 4 വായിക്കുക