ഞാൻ എന്നോടുതന്നെ പറഞ്ഞു: “സുഖഭോഗങ്ങളിൽ ഞാൻ മുഴുകട്ടെ; അതിന്റെ ആനന്ദം അനുഭവിക്കട്ടെ.” എന്നാൽ അതും മിഥ്യതന്നെ; ചിരിയെ ഞാൻ ഭ്രാന്തെന്നു വിളിക്കുന്നു; സുഖഭോഗങ്ങളെ വ്യർഥതയെന്നും. വീഞ്ഞുകൊണ്ടു ശരീരത്തെ സുഖിപ്പിക്കുന്നതെങ്ങനെയെന്നു ഞാൻ നോക്കി; ഭോഷത്തത്തെ ഞാൻ പുണർന്നു. അപ്പോഴും ജ്ഞാനത്തെ ഞാൻ കൈവിട്ടുകളഞ്ഞില്ല. മനുഷ്യന്റെ ക്ഷണികജീവിതത്തിൽ ആകാശത്തിൻകീഴിൽ കരണീയമായെന്തുള്ളൂ എന്ന് അറിയാനാണു ഞാൻ പരിശ്രമിച്ചത്. ഞാൻ മഹാകാര്യങ്ങൾ ചെയ്തു; എനിക്കുവേണ്ടി മന്ദിരങ്ങൾ നിർമ്മിച്ചു; മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി. എനിക്കുവേണ്ടി പൂന്തോപ്പുകളും ഉപവനങ്ങളും ഉണ്ടാക്കി. അവയിൽ എല്ലായിനം ഫലവൃക്ഷങ്ങളും നട്ടു. തൈമരങ്ങൾ നനയ്‍ക്കാൻ കുളങ്ങൾ കുഴിച്ചു. എന്റെ വീട്ടിൽ ജനിച്ചുവളർന്ന അടിമകൾക്കു പുറമേ, ദാസീദാസന്മാരെ ഞാൻ വിലയ്‍ക്കു വാങ്ങി; യെരൂശലേമിലെ എന്റെ മുൻഗാമികളെക്കാൾ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു. പൊന്നും വെള്ളിയും രാജാക്കന്മാരുടെയും സംസ്ഥാനങ്ങളിലെയും ഭണ്ഡാരങ്ങളിലെ സമ്പത്തും ഞാൻ സ്വന്തമാക്കി; ഗായികമാരും ഗായകന്മാരും എനിക്കുണ്ടായിരുന്നു. പുരുഷന്മാരുടെ ആനന്ദമായ അനേകം ഉപനാരിമാരെയും ഞാൻ സ്വായത്തമാക്കി. അങ്ങനെ ഞാൻ യെരൂശലേമിലെ എല്ലാ പൂർവഗാമികളെക്കാളും മഹാനായിത്തീർന്നു; എല്ലാവരെയും ഞാൻ അതിശയിപ്പിച്ചു. അപ്പോഴും ഞാൻ ജ്ഞാനത്തിൽനിന്ന് അകന്നുപോയില്ല. അഭിരാമമായി തോന്നിയവയിലെല്ലാം രമിക്കാൻ ഞാൻ എന്റെ നയനങ്ങളെ അനുവദിച്ചു; ഞാൻ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു. അതായിരുന്നു എന്റെ സർവപ്രയത്നങ്ങളുടെയും പ്രതിഫലം. എന്റെ സകല പ്രവൃത്തികളെയും അതിനുവേണ്ടി വന്ന അധ്വാനത്തെയുംകുറിച്ചു ഞാൻ പിന്നീട് ആലോചിച്ചു; എല്ലാം മിഥ്യ; എല്ലാം വ്യർഥം. സൂര്യനു കീഴെ യാതൊന്നും നേടാനില്ലെന്ന് എനിക്കുറപ്പായി. അങ്ങനെ ജ്ഞാനത്തെയും ഉന്മാദത്തെയും ഭോഷത്തത്തെയും ഞാൻ വിവേചിച്ചു; രാജാവിന്റെ പിൻഗാമിക്ക് എന്തു ചെയ്യാൻ കഴിയും? പണ്ടു ചെയ്തതു തന്നെ. പ്രകാശം അന്ധകാരത്തെ എന്നതുപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്ന് എനിക്കു മനസ്സിലായി. ജ്ഞാനിക്കു വഴി കാണാൻ കണ്ണ് ഉണ്ട്; ഭോഷൻ ഇരുളിൽ നടക്കുന്നു; എന്നാൽ ഇരുവർക്കും ഒരേ ഗതി തന്നെ എന്നു ഞാൻ ഗ്രഹിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “ഭോഷനും എനിക്കും ഗതി ഒന്നുതന്നെ; എങ്കിൽ ഞാൻ എന്തിനു ജ്ഞാനിയാകണം. ഇതും മിഥ്യ എന്നു ഞാൻ സ്വയം പറഞ്ഞു. ജ്ഞാനിയായാലും ഭോഷനായാലും ആരുടെയും സ്മരണ ശാശ്വതമായി നിലനില്‌ക്കുകയില്ല. കാലാന്തരത്തിൽ എല്ലാവരും വിസ്മൃതരാകും. ഹാ, ഭോഷനും ജ്ഞാനിയും മരിക്കുന്നത് ഒരുപോലെ!
THUHRILTU 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUHRILTU 2:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ