ഇതാ, എന്റെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാൻ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്ത് പാർക്കുമ്പോൾ നിങ്ങൾ അവയെല്ലാം പാലിക്കണം. നിങ്ങൾ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോൾ മറ്റു ജനതകളുടെ ദൃഷ്‍ടിയിൽ നിങ്ങൾ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങൾ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേൾക്കുമ്പോൾ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവർതന്നെ’ എന്ന് അവർ പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടുന്നു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര സമീപസ്ഥനായിരിക്കുന്ന ശ്രേഷ്ഠജാതി ഏതുണ്ട്? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന നിയമസംഹിതയിൽ അടങ്ങിയിരിക്കുന്നതുപോലെ നീതിനിഷ്ഠമായ നിയമങ്ങളും അനുശാസനങ്ങളും ഉള്ള ശ്രേഷ്ഠജനത വേറെ ഏതുണ്ട്? നിങ്ങൾ നേരിൽ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും നിങ്ങളുടെ ആയുഷ്കാലം മുഴുവൻ അവ നിങ്ങളുടെ മനസ്സിൽനിന്നു മാഞ്ഞുപോകാതിരിക്കാനും ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അവ അറിയിക്കണം. സീനായ്മലയിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിങ്ങൾ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവർ എന്റെ വാക്കു കേൾക്കട്ടെ; അങ്ങനെ അവർ ആയുഷ്കാലം മുഴുവൻ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാൻ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ. നിങ്ങൾ അടുത്തു വന്നു പർവതത്തിന്റെ അടിവാരത്തു നിന്നപ്പോൾ അഗ്നി ആകാശത്തോളം ഉയർന്ന് പർവതത്തെ ജ്വലിപ്പിക്കുകയായിരുന്നു. കനത്ത മേഘവും കൂരിരുട്ടും പർവതത്തെ മൂടി. അപ്പോൾ അഗ്നിയുടെ മധ്യത്തിൽനിന്നു സർവേശ്വരൻ നിങ്ങളോട് അരുളിച്ചെയ്തു: “നിങ്ങൾ ശബ്ദം മാത്രം കേട്ടു; ഒന്നും ദൃഷ്‍ടിഗോചരമായില്ല. അവിടുന്നു തന്റെ ഉടമ്പടി നിങ്ങളോടു പ്രഖ്യാപിച്ചു. നിങ്ങൾ പാലിക്കാൻ അവിടുന്നു കല്പിച്ച പത്തു കല്പനകളാണവ; അവിടുന്ന് അവ രണ്ടു കല്പലകകളിൽ എഴുതി. നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന സ്ഥലത്തു ചെല്ലുമ്പോൾ അനുഷ്ഠിക്കാൻവേണ്ടി നിയമങ്ങളും അനുശാസനങ്ങളും നിങ്ങളെ പഠിപ്പിക്കാൻ അവിടുന്ന് എന്നോടു കല്പിച്ചു.
DEUTERONOMY 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DEUTERONOMY 4:5-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ