മോശ മോവാബ്സമഭൂമിയിൽനിന്ന് യെരീഹോവിന് എതിരെയുള്ള നെബോപർവതത്തിലെ പിസ്ഗാ ശിഖരത്തിൽ കയറി; ദാൻപട്ടണം വരെയുള്ള ഗിലെയാദുദേശവും നഫ്താലി, എഫ്രയീം, മനശ്ശെ എന്നിവരുടെ ദേശങ്ങളും, യെഹൂദ്യയുടെ പടിഞ്ഞാറുള്ള കടൽത്തീരം വരെയുള്ള ദേശവും ദക്ഷിണദേശവും സോവാർമുതൽ ഈന്തപ്പനകളുടെ നഗരമായ യെരീഹോവരെ വ്യാപിച്ചു കിടക്കുന്ന താഴ്‌വരയും സർവേശ്വരൻ മോശയ്‍ക്കു കാണിച്ചുകൊടുത്തു. പിന്നീട് അവിടുന്നു മോശയോടു പറഞ്ഞു: “തങ്ങളുടെ സന്താനങ്ങൾക്ക് കൊടുക്കുമെന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രദേശം ഇതാകുന്നു. അതു കാണാൻ ഞാൻ നിന്നെ അനുവദിച്ചു; എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.” അങ്ങനെ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സർവേശ്വരന്റെ ദാസനായ മോശ മോവാബിൽവച്ചു മരിച്ചു. മോവാബിൽ ബേത്ത്-പെയോർ പട്ടണത്തിന് എതിർവശത്തുള്ള താഴ്‌വരയിൽ അവിടുന്ന് മോശയെ സംസ്കരിച്ചു. മോശയെ സംസ്കരിച്ച സ്ഥലം ഇന്നുവരെ ആർക്കും അറിഞ്ഞുകൂടാ. മരിക്കുമ്പോൾ മോശയ്‍ക്കു നൂറ്റിഇരുപതു വയസ്സുണ്ടായിരുന്നു; അപ്പോഴും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. ഇസ്രായേൽജനം മോവാബ്സമഭൂമിയിൽ മുപ്പതു ദിവസം മോശയുടെ മരണത്തിൽ വിലപിച്ചു. മോശയ്‍ക്കുവേണ്ടിയുള്ള വിലാപകാലം പൂർത്തിയായി. നൂനിന്റെ പുത്രനായ യോശുവയുടെമേൽ മോശ കൈവച്ച് തന്റെ പിൻഗാമിയായി നിയോഗിച്ചിരുന്നതുകൊണ്ടു യോശുവ ജ്ഞാനപൂർണനായിത്തീർന്നു. ഇസ്രായേൽജനം യോശുവയെ അനുസരിച്ചു; മോശയിലൂടെ സർവേശ്വരൻ തങ്ങളോടു കല്പിച്ചിരുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്തു. മോശയെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഒരിക്കലും ഉണ്ടായിട്ടില്ല; അവിടുന്നു മുഖത്തോടു മുഖം മോശയോടു സംസാരിച്ചിരുന്നു. ഫറവോയ്‍ക്കും അയാളുടെ ദാസന്മാർക്കും രാജ്യത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കാൻ സർവേശ്വരൻ ഈജിപ്തിലേക്ക് നിയോഗിച്ചയച്ച മോശ സകല ഇസ്രായേൽജനവും കാൺകെ പ്രവർത്തിച്ച മഹത്തും ഭീതിദവുമായ പ്രവൃത്തികളിൽ അതുല്യനാണ്.
DEUTERONOMY 34 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DEUTERONOMY 34:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ