നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കുകയും ഞാൻ ഇന്നു നല്കുന്ന അവിടുത്തെ കല്പനകൾ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താൽ അവിടുന്നു നിങ്ങളെ ഭൂമിയിലെ ഏറ്റവും വലിയ ജനതയാക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിച്ചു ജീവിച്ചാൽ ഈ അനുഗ്രഹങ്ങൾ നിങ്ങൾക്കു ലഭിക്കും. പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ അനുഗൃഹീതരാകും; അവിടുന്നു നിങ്ങളുടെ സന്താനങ്ങളെയും വയലിലെ വിളവുകളെയും മൃഗങ്ങളെയും ആടുമാടുകളെയും അനുഗ്രഹിക്കും. നിങ്ങളുടെ കുട്ടകളും മാവു കുഴയ്ക്കുന്ന തൊട്ടികളും സർവേശ്വരൻ അനുഗ്രഹിക്കും; നിങ്ങളുടെ സകല പ്രവൃത്തികളിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകും. ശത്രുക്കൾ നിങ്ങളെ ആക്രമിക്കുമ്പോൾ സർവേശ്വരൻ അവരെ തോല്പിക്കും; അവൻ നിങ്ങൾക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാൽ ഏഴു വഴിയെ പിന്തിരിഞ്ഞോടും. അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വഴികളിൽ നടക്കുകയും അവിടുന്നു നല്കുന്ന കല്പനകൾ പാലിക്കുകയും ചെയ്താൽ അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ അവിടുത്തെ വേർതിരിക്കപ്പെട്ട ജനമാക്കിത്തീർക്കും. നിങ്ങൾ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവർ നിങ്ങളെ ഭയപ്പെടുകയും ചെയ്യും. നിങ്ങൾക്കു നല്കുമെന്നു സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് അവിടുന്നു നിങ്ങൾക്കു നിരവധി സന്താനങ്ങളെയും കന്നുകാലികളെയും നല്കും; നിങ്ങളുടെ വിളവും വർധിപ്പിക്കും; സർവേശ്വരൻ ആകാശത്തിലെ തന്റെ വിശിഷ്ട സംഭരണികൾ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്കും; നിങ്ങളുടെ സകല പ്രവർത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങൾ മറ്റു പല ജനതകൾക്കും വായ്പ കൊടുക്കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടിവരികയില്ല. ഞാൻ ഇന്നു നിങ്ങൾക്കു നല്കുന്ന സർവേശ്വരന്റെ കല്പനകൾ ശ്രദ്ധാപൂർവം അനുസരിച്ചാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് ജനതകളുടെ നേതൃത്വം നല്കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നിൽ ആയിരിക്കുകയില്ല. നിങ്ങൾക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല. ഞാൻ ഇന്നു നിങ്ങളോട് കല്പിക്കുന്നതിൽനിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കാതെയോ ഞാൻ ഇന്നു നല്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും വിശ്വസ്തമായി പാലിക്കാതെയോ ഇരുന്നാൽ ഈ ശാപങ്ങൾ നിങ്ങളുടെമേൽ പതിക്കും. പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ ശാപഗ്രസ്തരാകും; നിങ്ങളുടെ കുട്ടകളും മാവു കുഴയ്ക്കുന്ന തൊട്ടികളും ശപിക്കപ്പെടും; നിങ്ങളുടെ സന്താനങ്ങളും ധാന്യവിളവുകളും കന്നുകാലികളും ആട്ടിൻപറ്റവും ശപിക്കപ്പെടും. നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങൾ ശപിക്കപ്പെട്ടവരായിത്തീരും.
DEUTERONOMY 28 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DEUTERONOMY 28:1-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ