DEUTERONOMY 25
25
1രണ്ടു പേർ തമ്മിൽ തർക്കമുണ്ടായാൽ പ്രശ്നം ന്യായാധിപന്മാരുടെ മുമ്പാകെ അവർ കൊണ്ടുവരണം; ന്യായാധിപന്മാർ വിസ്താരം നടത്തി നിരപരാധിയെ വിട്ടയയ്‍ക്കുകയും കുറ്റക്കാരനു ശിക്ഷ വിധിക്കുകയും വേണം. 2അടിശിക്ഷയാണു വിധിക്കുന്നതെങ്കിൽ കുറ്റക്കാരനെ കമഴ്ത്തിക്കിടത്തി ന്യായാധിപൻതന്നെ കുറ്റത്തിനു തക്കവിധം എണ്ണി അടിപ്പിക്കണം; 3നാല്പത് അടി വരെ നല്‌കാം. അതിലേറെയായാൽ നിന്റെ സഹോദരൻ നിന്ദ്യനാകുമല്ലോ. 4‘മെതിക്കുന്ന കാളയ്‍ക്കു മുഖക്കൊട്ട കെട്ടരുത്.’
ഭർത്തൃസഹോദരധർമം
5ഒരുമിച്ചു പാർത്തിരുന്ന രണ്ടു സഹോദരന്മാരിൽ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ ഭാര്യ അന്യന്റെ ഭാര്യ ആയിത്തീരരുത്. ഭർത്താവിന്റെ സഹോദരൻ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിക്കുകയും ചെയ്ത് ഭർത്തൃസഹോദരധർമം നിർവഹിക്കണം. 6അവർക്കു ജനിക്കുന്ന ആദ്യപുത്രനെ മരിച്ച സഹോദരന്റെ പുത്രനായി കരുതണം. അങ്ങനെ മരിച്ച സഹോദരന്റെ പേര് ഇസ്രായേലിൽനിന്ന് മാഞ്ഞുപോകാതിരിക്കട്ടെ; 7എന്നാൽ മരിച്ചയാളുടെ സഹോദരൻ സഹോദരഭാര്യയെ സ്വീകരിക്കാൻ വിസമ്മതിച്ചാൽ അവൾ പട്ടണവാതില്‌ക്കൽ നഗരനേതാക്കന്മാരുടെ അടുക്കൽ ചെന്നു പറയണം: “എന്റെ ഭർത്തൃസഹോദരൻ സ്വസഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്തുന്നതിനു വിസമ്മതിക്കുന്നു; ഭർത്തൃസഹോദരധർമം നിർവഹിക്കുന്നതുമില്ല.” 8അപ്പോൾ നഗരനേതാക്കൾ അയാളെ വരുത്തി അയാളോടു സംസാരിക്കണം. അതിനുശേഷവും ‘എനിക്ക് അവളെ സ്വീകരിക്കാൻ ഇഷ്ടമില്ല’ എന്നു പറഞ്ഞ് ആ തീരുമാനത്തിൽ ഉറച്ചുനിന്നാൽ 9അവൾ നഗരനേതാക്കന്മാർ കാൺകെ അയാളുടെ അടുക്കൽ ചെന്ന് അയാളുടെ ഒരു ചെരുപ്പ് ഊരുകയും അയാളുടെ മുഖത്തു തുപ്പുകയും ചെയ്തുകൊണ്ട് ‘സഹോദരന്റെ കുടുംബം നിലനിർത്താത്തവനോട് ഇങ്ങനെ ചെയ്യും’ എന്നു പറയണം. 10അയാളുടെ കുടുംബം ‘ചെരുപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം’ എന്ന് അറിയപ്പെടും.
മറ്റു നിയമങ്ങൾ
11രണ്ടു പുരുഷന്മാർ തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാളുടെ ഭാര്യ തന്റെ ഭർത്താവിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിൽ മറ്റവന്റെ ഗുഹ്യാവയവത്തിൽ കടന്നുപിടിച്ചാൽ അവളുടെ കൈ വെട്ടിക്കളയണം; 12അവളോടു കരുണ കാണിക്കരുത്.
13നിങ്ങളുടെ സഞ്ചിയിൽ ഏറിയും കുറഞ്ഞും തൂക്കമുള്ള രണ്ടു തരം കട്ടികൾ ഉണ്ടായിരിക്കരുത്. 14നിങ്ങളുടെ വീട്ടിലുള്ള അളവുപാത്രങ്ങൾ ഏറിയും കുറഞ്ഞും വലിപ്പമുള്ളവ ആയിരിക്കരുത്. 15നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു ദീർഘായുസ്സു ലഭിക്കാൻ നിർവ്യാജവും നീതിയുക്തവുമായ തൂക്കുകട്ടികളും അളവുപാത്രങ്ങളും ഉപയോഗിക്കുക. 16ഇക്കാര്യങ്ങളിൽ നീതിരഹിതമായി പ്രവർത്തിക്കുന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ സർവേശ്വരൻ വെറുക്കുന്നു.
17നിങ്ങൾ ഈജിപ്തിൽനിന്നു വരുമ്പോൾ അമാലേക്യർ വഴിയിൽവച്ചു നിങ്ങളോടു ചെയ്തത് ഓർക്കുക. 18ദൈവഭയം ഇല്ലാത്തവരായ അവർ ക്ഷീണിച്ചു വലഞ്ഞ നിങ്ങളെ പിന്നിൽനിന്ന് ആക്രമിക്കുകയും പിൻനിരയിൽ ഉണ്ടായിരുന്ന തളർന്നവരെ സംഹരിക്കുകയും ചെയ്തു. 19നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തിനു ചുറ്റുപാടും പാർക്കുന്ന ശത്രുക്കളെ നശിപ്പിച്ച് നിങ്ങൾക്കു സ്വസ്ഥത വരുത്തുമ്പോൾ അമാലേക്യരെക്കുറിച്ചുള്ള സ്മരണപോലും ഭൂമിയിൽനിന്നു നീക്കിക്കളയണം; ഇതു നിങ്ങൾ മറക്കരുത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DEUTERONOMY 25: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.