DEUTERONOMY 12

12
ആരാധനയ്‍ക്ക് ഏകസ്ഥലം
1നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തു പാർക്കുന്നിടത്തോളം കാലം നിങ്ങൾ ശ്രദ്ധാപൂർവം അനുസരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഇവയാകുന്നു. 2നിങ്ങൾ കൈവശപ്പെടുത്തുന്ന ദേശത്തെ ജനതകൾ പർവതങ്ങളിലും കുന്നുകളിലും വൃക്ഷച്ചുവട്ടിലും അവരുടെ ദേവന്മാരെ ആരാധിച്ചിരുന്ന സ്ഥാനങ്ങളെല്ലാം പൂർണമായി നശിപ്പിച്ചുകളയണം. 3അവരുടെ യാഗപീഠങ്ങൾ ഇടിച്ചു നിരത്തണം; സ്തംഭങ്ങൾ തകർക്കണം; അവരുടെ അശേരാപ്രതിഷ്ഠകൾ തീയിൽ ഇട്ടു ചുട്ടുകളയുകയും ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങൾ ഉടച്ചുകളയുകയും വേണം. അങ്ങനെ ആ സ്ഥലങ്ങളിൽനിന്ന് അവയുടെ നാമം നിശ്ശേഷം നീക്കപ്പെടണം. 4അവിടെ പാർക്കുന്ന ജനതകൾ അവരുടെ ദേവന്മാരെ ആരാധിക്കുന്നതുപോലെയല്ല, നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ ആരാധിക്കേണ്ടത്. 5നിങ്ങളുടെ എല്ലാ ഗോത്രങ്ങൾക്കും നല്‌കിയിട്ടുള്ള പ്രദേശത്ത് തന്റെ നാമം സ്ഥാപിക്കുന്നതിനും തനിക്കു വസിക്കുന്നതിനും ഒരു സ്ഥലം നിങ്ങളുടെ ദൈവമായ സർവേശ്വരൻ തിരഞ്ഞെടുക്കും. അവിടെ നിങ്ങൾ അവിടുത്തെ ആരാധിക്കണം. 6അവിടെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേർച്ചകളും സ്വമേധാ നിവേദ്യങ്ങളും ആടുമാടുകളുടെ ആദ്യഫലവും സമർപ്പിക്കണം. 7അവിടെ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ നിങ്ങളും കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം; നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചുവല്ലോ. 8ഇന്നുവരെ നിങ്ങൾ അവരവർക്ക് ഇഷ്ടപ്പെട്ട മാതിരി ആരാധന നടത്തി. 9നിങ്ങൾ സ്വസ്ഥമായി ജീവിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞിട്ടില്ലല്ലോ; അവിടെ ചെന്നുകഴിഞ്ഞാൽ നിങ്ങൾ യഥേഷ്ടം പ്രവർത്തിക്കാൻ പാടില്ല. 10യോർദ്ദാൻ നദികടന്ന് നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിങ്ങൾ പാർക്കും. സകല ശത്രുക്കളിൽനിന്നും അവിടുന്നു നിങ്ങളെ സംരക്ഷിക്കും; നിങ്ങൾ അവിടെ സുരക്ഷിതരായി വസിക്കും. 11അപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ ഒരു സ്ഥലം തിരഞ്ഞെടുക്കും. അവിടെ ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ളതുപോലെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേർച്ചകളും സ്വമേധാനിവേദ്യങ്ങളും കൊണ്ടുവരണം. 12നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽവച്ചു നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ പാർക്കുന്ന ലേവ്യരും ആനന്ദിക്കണം; നിങ്ങൾക്കുള്ളതുപോലെ ലേവ്യർക്ക് ഓഹരിയും അവകാശവും നല്‌കിയിട്ടില്ലല്ലോ. 13ഇഷ്ടമുള്ളിടത്തെവിടെയും നിങ്ങൾ ഹോമയാഗം അർപ്പിച്ചുകൂടാ; 14നിങ്ങളുടെ ഗോത്രങ്ങളിൽ ഒന്നിൽനിന്നു സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വേണം നിങ്ങൾ ഹോമയാഗങ്ങൾ അർപ്പിക്കാൻ. ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുഷ്ഠിക്കുകയും വേണം. 15എന്നാൽ അവിടുന്ന് നിങ്ങൾക്കു നല്‌കിയിരിക്കുന്ന മൃഗങ്ങളെ ഏതു പട്ടണത്തിൽവച്ചും കൊന്ന് വേണ്ടിടത്തോളം ഭക്ഷിക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ആചാരപരമായി ശുദ്ധരോ അശുദ്ധരോ എന്നു നോക്കാതെ കലമാനിന്റെയും പുള്ളിമാനിന്റെയും മാംസം എന്നപോലെ നിങ്ങൾക്ക് അവ ഭക്ഷിക്കാം. 16രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം. 17ധാന്യം, വീഞ്ഞ്, എണ്ണ ഇവയുടെ ദശാംശവും നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളും നിങ്ങളുടെ നേർച്ചകളും സ്വമേധാനിവേദ്യങ്ങളും വഴിപാടുകളും ഇങ്ങനെ ദൈവത്തിനു നിവേദിച്ചതൊന്നും നിങ്ങളുടെ പട്ടണങ്ങളിൽവച്ചു ഭക്ഷിക്കരുത്. 18നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരും ചേർന്നു നിങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങൾ അവ ഭക്ഷിക്കണം. നിങ്ങളുടെ സകല പ്രവൃത്തികളെയും കുറിച്ചു നിങ്ങൾ ദൈവമായ സർവേശ്വരന്റെ മുമ്പാകെ സന്തോഷിച്ചുകൊൾവിൻ. 19നിങ്ങളുടെ ദേശത്തു നിങ്ങൾ പാർക്കുന്നിടത്തോളം കാലം ലേവ്യരെ അവഗണിക്കരുത്.
20നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളുടെ ദേശം വിസ്തൃതമാക്കുമ്പോൾ നിങ്ങൾക്കു വേണമെന്നു തോന്നുമ്പോഴെല്ലാം തൃപ്തിയാകുവോളം മാംസം ഭക്ഷിക്കാം. 21നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ ആരാധനയ്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ ദൂരെയാണെങ്കിൽ അവിടുന്നു നിങ്ങൾക്കു നല്‌കിയിട്ടുള്ള ആടുമാടുകളിൽ ഏതിനെയെങ്കിലും 22ഞാൻ പറഞ്ഞിട്ടുള്ളതുപോലെ കൊന്ന് ആചാരപരമായി ശുദ്ധാശുദ്ധഭേദം കൂടാതെ കലമാനെയോ പുള്ളിമാനെയോ ഭക്ഷിക്കുന്നതുപോലെ ആ മാംസം നിങ്ങളുടെ പട്ടണത്തിൽവച്ചു യഥേഷ്ടം ഭക്ഷിക്കാം. 23ഒരു കാര്യം ശ്രദ്ധിക്കുക: രക്തം മാത്രം ആഹാരമാക്കരുത്. രക്തം ജീവനാണല്ലോ; അതുകൊണ്ട് മാംസത്തോടൊപ്പം ജീവനും ഭക്ഷിക്കാൻ ഇടയാകരുത്. 24രക്തം ആഹാരമാക്കാതെ വെള്ളം എന്നപോലെ അതു നിലത്ത് ഒഴിച്ചുകളയണം; അത് ഭക്ഷിക്കരുത്. 25അങ്ങനെ സർവേശ്വരന്റെ മുമ്പിൽ ശരിയായുള്ളതു ചെയ്താൽ നിങ്ങൾക്കും നിങ്ങൾക്കുശേഷം നിങ്ങളുടെ മക്കൾക്കും നന്മ ഭവിക്കും. 26ദൈവത്തിനു സമർപ്പിക്കേണ്ട വിശുദ്ധവസ്തുക്കളും നേർച്ചകാഴ്ചകളും അവിടുത്തെ ആരാധനയ്‍ക്ക് അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുപോകണം. 27അവിടെ സർവേശ്വരന്റെ യാഗപീഠത്തിൽ നിങ്ങളുടെ ഹോമയാഗങ്ങൾ-മാംസവും രക്തവും-സമർപ്പിക്കണം. യാഗവസ്തുവിന്റെ രക്തം നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ യാഗപീഠത്തിൽ ഒഴിക്കണം; മാംസം നിങ്ങൾക്കു ഭക്ഷിക്കാം. 28ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം ശ്രദ്ധാപൂർവം അനുസരിക്കുക; ദൈവമായ സർവേശ്വരന്റെ ദൃഷ്‍ടിയിൽ നല്ലതും ശരിയുമായ പ്രവൃത്തികൾ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ മക്കൾക്കും എല്ലാക്കാലത്തും നന്മ വരും.
ഒരു മുന്നറിയിപ്പ്
29“നിങ്ങൾ അധീനമാക്കുവാൻ പോകുന്ന ദേശത്തുള്ള ജനതകളെ സർവേശ്വരൻ നിങ്ങളുടെ മുമ്പിൽവച്ച് നശിപ്പിക്കും; നിങ്ങൾ അവരുടെ ദേശം കൈവശമാക്കി, അവിടെ കുടിപാർക്കും. 30ഈ ജനതകൾ നിങ്ങളുടെ മുമ്പിൽവച്ചു സംഹരിക്കപ്പെട്ടുകഴിയുമ്പോൾ, അവരെ അനുകരിച്ച് കെണിയിൽപ്പെട്ട് അവരുടെ ദേവന്മാരെ ആരാധിക്കാൻ ഇടയാകാതെ ശ്രദ്ധിക്കണം. ഈ ജനതകൾ ചെയ്തതുപോലെ പ്രവർത്തിക്കാൻ അവർ എങ്ങനെ തങ്ങളുടെ ദേവന്മാരെ ആരാധിച്ചു എന്നു നിങ്ങൾ അന്വേഷിക്കരുത്. 31അവർ ആരാധിച്ചിരുന്നതുപോലെ നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ ആരാധിക്കരുത്. അവിടുന്നു വെറുക്കുന്ന മ്ലേച്ഛകാര്യങ്ങളാണ് തങ്ങളുടെ ദേവന്മാർക്കുവേണ്ടി അവർ അനുഷ്ഠിച്ചുപോന്നത്. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയുംപോലും അവർ ദേവന്മാർക്കുവേണ്ടി ദഹിപ്പിച്ചുവല്ലോ. 32ഞാൻ നിങ്ങളോടു കല്പിക്കുന്നവയെല്ലാം പാലിക്കുന്നതിൽ ജാഗ്രത പുലർത്തണം; ഒന്നും കൂട്ടുകയോ കുറയ്‍ക്കുകയോ ചെയ്യരുത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

DEUTERONOMY 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക