DANIELA 8
8
മുട്ടാടുകൾ
1ദാനിയേൽ എന്ന എനിക്ക് ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം വർഷം വീണ്ടുമൊരു ദർശനമുണ്ടായി. 2ആ സമയത്ത് ഞാൻ ഏലാംസംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരുന്നു. ഞാൻ ഊലായി നദീതീരത്തു നില്‌ക്കുന്നതായി ദർശനത്തിൽ കണ്ടു. 3ഞാൻ നോക്കിയപ്പോൾ ഒരു മുട്ടാട് നില്‌ക്കുന്നു. അതിന്റെ നീണ്ട രണ്ടു കൊമ്പുകളിൽ ഒന്നു മറ്റേതിനെക്കാൾ ഉയർന്നുനിന്നിരുന്നു. ഒടുവിൽ മുളച്ചുവന്നതിനായിരുന്നു കൂടുതൽ ഉയരം. 4ആ മുട്ടാട് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കാൻ കുതിക്കുന്നതായി കാണപ്പെട്ടു. ഒരു മൃഗത്തിനും അതിനെ നേരിടാൻ കഴിഞ്ഞില്ല. അതിന്റെ ശക്തിയിൽനിന്നു രക്ഷിക്കാൻ കഴിയുന്ന ആരും ഉണ്ടായിരുന്നില്ല. അതു തനിക്കു തോന്നിയപോലെ ഗർവു കാട്ടി നിന്നു. 5ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറുനിന്ന് ഒരു ആൺകോലാട് നിലംതൊടാതെ സർവഭൂതലവും കടന്നുവന്നു. അതിന്റെ നേത്രങ്ങൾക്ക് ഇടയ്‍ക്ക് അസാധാരണമായ ഒരു കൊമ്പുണ്ടായിരുന്നു. 6നദീതീരത്തു നില്‌ക്കുന്നതായി കണ്ട രണ്ടു കൊമ്പുള്ള മുട്ടാടിന്റെ നേരെ അത് ഉഗ്രരോഷത്തോടെ പാഞ്ഞുചെന്നു. 7അത് മുട്ടാടിനെ കോപാവേശത്തോടെ ഇടിച്ച് അതിന്റെ കൊമ്പു രണ്ടും തകർത്തുകളയുന്നത് ഞാൻ കണ്ടു. അതിനെ ചെറുത്തു നില്‌ക്കാനുള്ള ശക്തി മുട്ടാടിനുണ്ടായിരുന്നില്ല. 8ആൺകോലാട് അതിനെ നിലത്തു തള്ളിയിട്ടു ചവുട്ടിമെതിച്ചു. അതിന്റെ ആക്രമണത്തിൽനിന്നു മുട്ടാടിനെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആൺകോലാട് വളർന്നു വളരെ വലുതായിത്തീർന്നു. അത് ഏറ്റവും ശക്തനായി തീർന്നപ്പോൾ അതിന്റെ കൊമ്പ് തകർന്നുപോയി. ആ കൊമ്പിന്റെ സ്ഥാനത്തു നാല് ദിക്കുകൾക്കും അഭിമുഖമായി നാലു അസാധാരണമായ കൊമ്പുകൾ മുളച്ചുവന്നു.
9അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോട്ടും കിഴക്കോട്ടും വാഗ്ദത്തനാടിനു നേരെയും വളർന്നുവലുതായിത്തീർന്നു. 10അത് ആകാശ സൈന്യത്തോളം വലുതായിത്തീർന്നു. നക്ഷത്രവ്യൂഹത്തിൽ ചിലതിനെ അത് നിലത്തു തള്ളിയിട്ടു ചവിട്ടി. 11അത് ആകാശസൈന്യത്തിന്റെ അധിപതിയോളം സ്വയം ഉയർത്തി ഗർവുകാട്ടി. അവിടുത്തേക്കു ദിനംതോറും അർപ്പിക്കുന്ന ഹോമയാഗങ്ങൾ മുടക്കി അവിടുത്തെ വിശുദ്ധമന്ദിരം ഇടിച്ചുകളഞ്ഞു. 12നിത്യേനയുള്ള ഹോമയാഗങ്ങൾ അർപ്പിക്കാതെ ജനങ്ങൾ പാപംചെയ്തു സത്യത്തെ നിലത്തു വലിച്ചെറിഞ്ഞു. കൊമ്പ് അതിന്റെ പ്രവൃത്തികളിലെല്ലാം വിജയിച്ചു. 13പിന്നീട് ഒരു പരിശുദ്ധൻ സംസാരിക്കുന്നതു കേട്ടു. അദ്ദേഹത്തോട് മറ്റൊരു പരിശുദ്ധൻ ചോദിച്ചു: “ദിനംതോറുമുള്ള ഹോമയാഗങ്ങൾ മുടക്കുന്നതും വിശുദ്ധമന്ദിരവും ആകാശസൈന്യവും ചവുട്ടി മെതിക്കപ്പെടുന്നതും ശൂന്യമാക്കുന്ന അതിക്രമവും എത്രനാൾ നീണ്ടുനില്‌ക്കും?” 14ആ പരിശുദ്ധൻ പ്രതിവചിച്ചു: “രണ്ടായിരത്തി മുന്നൂറു സന്ധ്യയും ഉഷസ്സും തികയുന്നതുവരെ ഇത് നീണ്ടുനില്‌ക്കും. പിന്നീട് വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.”
ദർശനത്തിന്റെ പൊരുൾ
15ദാനിയേലെന്ന ഞാൻ ഈ ദർശനം കണ്ട് അതിന്റെ അർഥത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ മനുഷ്യസദൃശമായ ഒരു രൂപം എന്റെ മുമ്പിൽ നില്‌ക്കുന്നതു ഞാൻ കണ്ടു. 16ഗബ്രീയേലേ, ഈ ദർശനത്തിന്റെ അർഥം ഇവന് വ്യക്തമാക്കിക്കൊടുക്കുക എന്ന് ഊലായിതീരത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നതു ഞാൻ കേട്ടു. 17ഗബ്രീയേൽ എന്റെ സമീപത്തുവന്നു. അപ്പോൾ ഞാൻ ഭയപ്പെട്ടു ഗബ്രീയേലിന്റെ മുമ്പിൽ സാഷ്ടാംഗം വീണു. “അല്ലയോ മനുഷ്യാ, ഇതു ഗ്രഹിച്ചുകൊള്ളുക; ഈ ദർശനം അന്ത്യകാലത്തെ സൂചിപ്പിക്കുന്നതാണ്” എന്നു ഗബ്രീയേൽ പറഞ്ഞു.
18ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രജ്ഞയറ്റ് കമിഴ്ന്നുവീണു. ഗബ്രീയേൽ എന്നെ തൊട്ട് എഴുന്നേല്പിച്ചു നിറുത്തിയശേഷം പറഞ്ഞു: 19“ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ അന്ത്യത്തിൽ എന്തു സംഭവിക്കും എന്നു ഞാൻ നിന്നോടു പറയാം. അത് അന്ത്യകാലത്തെക്കുറിച്ചുള്ളതാണ്. 20നീ ദർശനത്തിൽ കണ്ട രണ്ടു കൊമ്പുള്ള മുട്ടാട് മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരെ സൂചിപ്പിക്കുന്നു. 21ആൺകോലാട് ഗ്രീസ് രാജ്യത്തെയും അതിന്റെ കണ്ണുകൾക്കു മധ്യേയുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവിനെയും കുറിക്കുന്നു. 22ആ കൊമ്പു തകർന്നശേഷം മുളച്ചുവന്ന നാലു കൊമ്പുകളാകട്ടെ, ആ രാജ്യത്തിൽനിന്ന് നാലു രാജ്യങ്ങൾ ഉദയം ചെയ്യുമെന്നും അവ ആദ്യത്തെ രാജ്യത്തിനൊപ്പം ശക്തമല്ലാത്തതും ആയിരിക്കുമെന്നും സൂചിപ്പിക്കുന്നു. 23ആ രാജ്യങ്ങളുടെ അന്ത്യകാലത്ത് മനുഷ്യരുടെ അതിക്രമങ്ങൾ ഉച്ചകോടിയിലെത്തുമ്പോൾ ക്രൂരനും കുശാഗ്രബുദ്ധിയുമുള്ള ഒരു രാജാവ് പ്രത്യക്ഷനാകും. 24അയാളുടെ പ്രതാപം അപാരമായിരിക്കും. അതു സ്വന്തം ശക്തികൊണ്ടായിരിക്കുകയില്ല. അയാൾ ഭീകരനാശം പ്രവർത്തിക്കും; തന്റെ എല്ലാ പ്രവൃത്തിയിലും അയാൾ വിജയിക്കും. ശക്തന്മാരെയും വിശുദ്ധജനത്തെയും അയാൾ നശിപ്പിക്കും. 25തന്റെ കൗശലത്താൽ ചതിപ്രയോഗത്തിലൂടെ അയാൾ വിജയം നേടുന്നു. അയാൾ ഗർവുകാട്ടുന്നു. മുന്നറിയിപ്പു കൂടാതെ അയാൾ പലരെയും നശിപ്പിക്കുന്നു. രാജാധിരാജനെതിരെപോലും അയാൾ പൊരുതും. എന്നാൽ മനുഷ്യശക്തികൊണ്ടല്ലാതെ തന്നെ അയാൾ നശിപ്പിക്കപ്പെടും. 26സന്ധ്യകളെയും ഉഷസ്സുകളെയും സംബന്ധിച്ചുള്ള ദർശനം സത്യംതന്നെ. ഈ ദർശനം വിദൂരഭാവിയിൽ സംഭവിക്കാനുള്ളതാകയാൽ മുദ്രവച്ചു സൂക്ഷിക്കുക.
27ദാനിയേലെന്ന ഞാൻ ഏതാനും നാളുകൾ തളർന്നു രോഗിയായി കിടന്നു. പിന്നീടു ഞാൻ എഴുന്നേറ്റു രാജാവ് എന്നെ ഏല്പിച്ച ജോലികളിൽ ഏർപ്പെട്ടു. എന്നാൽ ഞാൻ ഈ ദർശനത്തെ ഓർത്ത് ചിന്താകുലനായി. എനിക്കതിന്റെ അർഥം ഗ്രഹിക്കാൻ കഴിഞ്ഞില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DANIELA 8: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.