രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് അമ്മറാണി വിരുന്നുശാലയിലെത്തി. “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ; അങ്ങ് അസ്വസ്ഥനാകേണ്ട. ഭാവം മാറുകയും വേണ്ട. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു മനുഷ്യൻ അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്റെ കാലത്ത് അയാൾക്ക് ദേവതുല്യമായ ജ്ഞാനവും അറിവും വെളിച്ചവും ഉള്ളതായി അറിയപ്പെട്ടിരുന്നു. അങ്ങയുടെ പിതാവായ നെബുഖദ്നേസർരാജാവ് ദാനിയേൽ എന്ന ആ മനുഷ്യനെ ബേൽത്ത്ശസ്സർ എന്നാണു വിളിച്ചിരുന്നത്. അയാൾ അസാധാരണ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനും ഗൂഢാർഥമുള്ള വാക്യങ്ങൾ വിശദീകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ളവനായിരുന്നതിനാൽ അയാളെ ബാബിലോണിലെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും വിദ്വാന്മാരുടെയും ജ്യോത്സ്യന്മാരുടെയും അധിപതിയാക്കി. ഇപ്പോൾ അയാളെ വിളിച്ചാലും അയാൾ വ്യാഖ്യാനം അറിയിക്കും;” രാജ്ഞി പറഞ്ഞു. ഉടനെ ദാനിയേലിനെ രാജസന്നിധിയിൽ വരുത്തി. രാജാവ് ദാനിയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്നു കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനിയേൽ നീ തന്നെയല്ലേ? വിശുദ്ധദേവന്മാരുടെ ആത്മാവും അറിവും വെളിച്ചവും വിശിഷ്ടമായ ജ്ഞാനവും നിന്നിലുണ്ടെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തു വായിച്ച് അതിന്റെ അർഥം പറയാൻ ഇവിടത്തെ മന്ത്രവാദികളെയും വിദ്വാന്മാരെയും നമ്മുടെ മുമ്പിൽ കൊണ്ടുവന്നു. പക്ഷേ ഇതിന്റെ സാരം എന്തെന്നു പറയാൻ അവർക്കു കഴിഞ്ഞില്ല. നിനക്കു വ്യാഖ്യാനങ്ങൾ നല്‌കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തുവായിച്ച് അതിന്റെ പൊരുൾ വ്യാഖ്യാനിച്ചു തന്നാൽ, നിന്നെ രാജകീയമായ ചെങ്കുപ്പായവും സ്വർണമാലയും അണിയിച്ച് രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരി ആക്കും.”
DANIELA 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DANIELA 5:10-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ