DANIELA 3:15-28

DANIELA 3:15-28 MALCLBSI

അദ്ദേഹം തുടർന്നു: ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായവയുടെ നാദം മുഴങ്ങും. അപ്പോൾ ഞാൻ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പ്രണമിച്ച് ആരാധിച്ചാൽ നിങ്ങൾക്കു നന്ന്; അല്ലെങ്കിൽ ആ നിമിഷംതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയും; എന്റെ കൈയിൽ നിന്ന് ഏതു ദേവനാണ് നിങ്ങളെ വിടുവിക്കുക?” ശദ്രക്കും മേശക്കും അബേദ്നെഗോയും രാജാവിനോടു പറഞ്ഞു: “മഹാരാജാവേ, ഇതിനു ഞങ്ങൾ മറുപടി പറയേണ്ട ആവശ്യമില്ല. ജ്വലിക്കുന്ന അഗ്നിയിൽ ഞങ്ങളെ എറിയുകയാണെങ്കിൽ ഞങ്ങൾ ആരാധിക്കുന്ന ദൈവം ഞങ്ങളെ രക്ഷിക്കും. അങ്ങയുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിവുള്ളവനാണ് ഞങ്ങളുടെ ദൈവം. ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചില്ലെങ്കിലും അങ്ങയുടെ ദേവന്മാരെ ഞങ്ങൾ ആരാധിക്കുകയില്ല, അങ്ങു പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ നമസ്കരിക്കുകയുമില്ല എന്ന് അങ്ങ് അറിഞ്ഞാലും.” നെബുഖദ്നേസരിന്റെ ഭാവം മാറി ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവർക്കെതിരെ രോഷാകുലനായി ചൂളയുടെ ചൂട് സാധാരണയുള്ളതിന്റെ ഏഴു മടങ്ങ് വർധിപ്പിക്കാൻ അദ്ദേഹം കല്പിച്ചു. സൈന്യത്തിലെ അതിബലിഷ്ഠരായ പടയാളികളോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ എറിയാൻ രാജാവ് ആജ്ഞാപിച്ചു. അവർ അവരെ കാൽച്ചട്ട, കുപ്പായം, മേലാട, തൊപ്പി മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞു. രാജകല്പന അതികർശനമായിരുന്നതുകൊണ്ടു ചൂള അത്യുഗ്രമായി ജ്വലിപ്പിച്ചിരുന്നു. തന്മൂലം ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും എടുത്തുകൊണ്ടു പോയവരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്ന തീച്ചൂളയിൽ നിപതിച്ചു. നെബുഖദ്നേസർരാജാവ് അത്യദ്ഭുതത്തോടെ തിടുക്കത്തിൽ എഴുന്നേറ്റു: “നാം മൂന്നുപേരെയല്ലേ ബന്ധിച്ചു തീച്ചൂളയിൽ ഇട്ടത്?” രാജാവ് മന്ത്രിമാരോടു ചോദിച്ചു. “അതേ, രാജാവേ” അവർ പറഞ്ഞു. “ഇതാ ബന്ധിക്കപ്പെടാത്ത നാലുപേർ അഗ്നിയുടെ മധ്യത്തിലൂടെ നടക്കുന്നതായി ഞാൻ കാണുന്നു. അവർക്ക് ഒരു ഉപദ്രവവും ഏറ്റിട്ടില്ല. നാലാമത്തെ ആളാകട്ടെ ദേവതുല്യൻ” എന്നിങ്ങനെ രാജാവു പറഞ്ഞു. നെബുഖദ്നേസർ ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്‌ക്കൽ ചെന്ന് പറഞ്ഞു: “അത്യുന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ പുറത്തുവരിക.” അപ്പോൾ അവർ മൂന്നു പേരും തീച്ചൂളയിൽനിന്നു പുറത്തുവന്നു. പ്രധാനദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും മറ്റ് ഉദ്യോഗസ്ഥപ്രമുഖരും ആ മൂന്നുപേരുടെ അടുത്തുചെന്നു. അവരുടെ ദേഹത്തു പൊള്ളലേല്പിക്കുന്നതിന് ആ അഗ്നിക്ക് ശക്തിയുണ്ടായിരുന്നില്ലെന്നവർ കണ്ടു. അവരുടെ തലമുടി കരിയുകയോ മേലങ്കി എരിയുകയോ ചെയ്തില്ലെന്നു മാത്രമല്ല തീയുടെ മണംപോലും അവർക്ക് ഏറ്റിരുന്നില്ല. നെബുഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെട്ടവൻ! തന്നിൽ ആശ്രയിക്കുകയും രാജകല്പനകൂടി നിഷേധിച്ച് സ്വന്തദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ഭജിക്കുകയോ വന്ദിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സ്വന്തം ശരീരത്തെകൂടി പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആ മൂവരെ അവരുടെ ദൈവം തന്റെ ദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നു.

DANIELA 3 വായിക്കുക