DANIELA 2:24-30

DANIELA 2:24-30 MALCLBSI

ബാബിലോണിലെ വിദ്വാന്മാരെ സംഹരിക്കാൻ രാജാവു നിയോഗിച്ച അര്യോക്കിനെ സമീപിച്ചു ദാനിയേൽ പറഞ്ഞു: “ബാബിലോണിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; സ്വപ്നസാരം ഞാൻ രാജാവിനെ അറിയിക്കാം.” അര്യോക്ക് ഉടൻതന്നെ ദാനിയേലിനെ രാജാവിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു ചെന്നു പറഞ്ഞു: “അവിടുത്തെ സ്വപ്നത്തിന്റെ പൊരുൾ അറിയിക്കാൻ കഴിവുള്ള ഒരാളെ യെഹൂദാപ്രവാസികളുടെ ഇടയിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു.” അപ്പോൾ രാജാവ് ബേൽത്ത്ശസ്സർ എന്നും പേരുള്ള ദാനിയേലിനോട് ചോദിച്ചു: “നാം കണ്ട സ്വപ്നവും അതിന്റെ അർഥവും നിനക്കു പറയാമോ?” ദാനിയേൽ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാർക്കോ ആഭിചാരകന്മാർക്കോ ജ്യോതിശാസ്ത്രജ്ഞർക്കോ മന്ത്രവാദികൾക്കോ അങ്ങയെ അറിയിക്കാൻ കഴിയുന്നതല്ല; എന്നാൽ നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്; ഭാവികാലത്ത് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആ ദൈവം നെബുഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. അവിടുന്നു കിടക്കയിൽവച്ചു കണ്ട സ്വപ്നവും ദർശനങ്ങളും എന്തായിരുന്നെന്നു ഞാൻ പറയാം.” “മഹാരാജാവേ, ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്നുള്ള ചിന്ത കിടക്കയിൽവച്ച് തിരുമനസ്സിലുണ്ടായി. നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവം സംഭവിക്കാൻ പോകുന്നത് എന്തെന്ന് അങ്ങയെ അറിയിച്ചിരിക്കുന്നു. മറ്റാരേക്കാളും അധികമായ ജ്ഞാനം എനിക്കുണ്ടായിട്ടല്ല, ഈ നിഗൂഢരഹസ്യം എനിക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പിന്നെയോ ഇതിന്റെ പൊരുൾ അങ്ങ് അറിയാനും അങ്ങയുടെ ഹൃദയവിചാരം ഗ്രഹിക്കാനുമാണ്.

DANIELA 2 വായിക്കുക