ശൗലാകട്ടെ, പൂർവാധികം ശക്തിപ്രാപിക്കുകയും യേശുതന്നെ മശിഹാ എന്ന് ശക്തമായി സമർഥിച്ചുകൊണ്ട് ദമാസ്കസിൽ നിവസിച്ചിരുന്ന യെഹൂദന്മാരെ മൊഴിമുട്ടിക്കുകയും ചെയ്തു. കുറെനാൾ കഴിഞ്ഞ് ശൗലിനെ വധിക്കുവാൻ യെഹൂദന്മാർ ഗൂഢാലോചന നടത്തി. എന്നാൽ അദ്ദേഹം അതറിഞ്ഞു. അദ്ദേഹത്തെ പിടിച്ച് വധിക്കുന്നതിനുവേണ്ടി നഗരത്തിന്റെ പ്രവേശനദ്വാരങ്ങളിൽ രാവും പകലും കാവല്‌ക്കാരെ നിറുത്തിയിരുന്നു. എന്നാൽ ഒരു രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ മതിലിന്റെ മുകളിലൂടെ ഒരു കുട്ടയിൽ കെട്ടിയിറക്കി വിട്ടു. ശൗൽ യെരൂശലേമിലെത്തി ക്രിസ്തുശിഷ്യന്മാരുടെകൂടെ ചേരുവാൻ ശ്രമിച്ചു. എന്നാൽ ശൗൽ ഒരു ശിഷ്യനാണെന്നു വിശ്വസിക്കാഞ്ഞതുമൂലം അവരെല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടു. അപ്പോൾ ബർനബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയിൽവച്ച് ശൗൽ കർത്താവിനെ ദർശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസിൽവച്ച് അദ്ദേഹം യേശുവിന്റെ നാമത്തിൽ സുധീരം പ്രസംഗിച്ചതുമെല്ലാം ബർനബാസ് വിവരിച്ചു പറഞ്ഞു. അങ്ങനെ ശൗൽ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമിൽ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിക്കുകയും ചെയ്തു. ഗ്രീക്കുഭാഷക്കാരായ യെഹൂദന്മാരോടും അദ്ദേഹം സംസാരിക്കുകയും തർക്കിക്കുകയും ചെയ്തു പോന്നു. എന്നാൽ അവർ അദ്ദേഹത്തെ വധിക്കുവാൻ വട്ടംകൂട്ടി. അവിടുത്തെ സഹോദരന്മാർ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെനിന്നു തർസൊസിലേക്ക് അയയ്‍ക്കുകയും ചെയ്തു. അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ പ്രദേശങ്ങളിലെങ്ങുമുള്ള സഭയ്‍ക്കു സമാധാനമുണ്ടായി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ സഭ ശക്തിപ്പെട്ടു; അംഗസംഖ്യ വർധിച്ചു; കർത്താവിനോടുള്ള ഭക്തിയിൽ ജീവിക്കുകയും ചെയ്തു. പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി. അവിടെ എട്ടു വർഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. അയാളോടു പത്രോസ് പറഞ്ഞു: “ഐനിയാസേ, യേശുക്രിസ്തു ഇതാ നിനക്കു സൗഖ്യം നല്‌കുന്നു; എഴുന്നേറ്റു നീ തന്നെ കിടക്ക വിരിക്കുക.” തൽക്ഷണം അയാൾ എഴുന്നേറ്റു. സുഖംപ്രാപിച്ച ഐനിയാസിനെ കണ്ടിട്ട് ലുദ്ദയിലും ശാരോനിലും പാർക്കുന്നവരെല്ലാം കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കിൽ ദോർക്കാസ്-പേടമാൻ-എന്നാണർഥം. അവൾ ധാരാളം സൽപ്രവൃത്തികളും ദാനധർമങ്ങളും ചെയ്യുന്നതിൽ സദാ ജാഗരൂകയായിരുന്നു. ആയിടയ്‍ക്ക് ഒരു രോഗം പിടിപെട്ട് അവൾ മരണമടഞ്ഞു. മൃതദേഹം കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. പത്രോസ് തൊട്ടടുത്തുള്ള ലുദ്ദയിലുണ്ടെന്നു യോപ്പയിലെ ശിഷ്യന്മാരറിഞ്ഞു. അദ്ദേഹം കഴിയുന്നതും വേഗം യോപ്പയിലേക്കു ചെല്ലണമെന്നു നിർബന്ധപൂർവം അപേക്ഷിക്കുന്നതിനായി രണ്ടു പേരെ ലുദ്ദയിലേക്കു പറഞ്ഞയച്ചു. പത്രോസ് അവരോടുകൂടി യോപ്പയിൽ ചെന്നു. അവർ അദ്ദേഹത്തെ മാളികമുറിയിലേക്ക് ആനയിച്ചു; ദോർക്കാസ് ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കിക്കൊടുത്ത കുപ്പായങ്ങളും ഉടുപ്പുകളും മറ്റും കാണിച്ചുകൊടുത്തുകൊണ്ട് വിധവമാർ പത്രോസിന്റെ ചുറ്റുംനിന്നു വിലപിച്ചു. അവരെയെല്ലാം പുറത്തിറക്കി നിറുത്തിയശേഷം പത്രോസ് മുട്ടുകുത്തി പ്രാർഥിച്ചു. പിന്നീട് മൃതദേഹത്തിനു നേരെ തിരിഞ്ഞ്, “തബീഥയേ, എഴുന്നേല്‌ക്കൂ” എന്ന് ആജ്ഞാപിച്ചു. ഉടനെ അവൾ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു. അദ്ദേഹം കൈകൊടുത്തു തബീഥയെ എഴുന്നേല്പിച്ചു. പിന്നീട് വിധവമാരെയും ഭക്തജനങ്ങളെയും വിളിച്ച് ജീവൻ പ്രാപിച്ച തബീഥയെ അവരുടെ മുമ്പിൽ നിറുത്തി. യോപ്പയിൽ എല്ലായിടത്തും ഈ വാർത്ത പരന്നു. അനേകം ആളുകൾ കർത്താവിൽ വിശ്വസിച്ചു. യോപ്പയിൽ ശിമോൻ എന്നയാളിന്റെ വീട്ടിൽ അദ്ദേഹം വളരെനാൾ പാർത്തു. തുകൽ ഊറയ്‍ക്കിടുകയായിരുന്നു ശിമോന്റെ തൊഴിൽ.
TIRHKOHTE 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 9:22-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ