തെക്കൻകാറ്റ് മന്ദംമന്ദം വീശുവാൻ തുടങ്ങിയതുകൊണ്ട്, തങ്ങൾ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവർ നങ്കൂരമെടുത്തു കപ്പൽ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്റെ തീരം ചേർന്ന് അവർ യാത്ര തുടർന്നു. പെട്ടെന്ന് ദ്വീപിൽനിന്ന് വടക്കുകിഴക്കൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാൻ തുടങ്ങി. കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാൻ കഴിയാതെ വന്നപ്പോൾ, ഞങ്ങൾ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്റെ ഗതിക്കൊത്തു കപ്പൽ വിട്ടു. അങ്ങനെ ഞങ്ങൾ ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറവിലെത്തി. അവിടെവച്ച് ഞങ്ങൾ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു. അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പൽ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണൽത്തിട്ടയിൽ ചെന്നു കയറുമെന്ന് അവർ ഭയപ്പെട്ടു. അതുകൊണ്ട് അവർ പായ് താഴ്ത്തി; കാറ്റിന്റെ ഗതിക്കൊത്ത് കപ്പൽ നീങ്ങി. തുടരെ അടിച്ചുകൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞു. പിറ്റേദിവസം അവർ ചരക്കുകൾ പുറത്തെറിയുവാൻ തുടങ്ങി. മൂന്നാം ദിവസം കപ്പലിന്റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ കടലിലെറിഞ്ഞു. ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു. കപ്പലിൽ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോൾ പൗലൊസ് അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങൾ എന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റിൽനിന്നു പുറപ്പെടാതിരുന്നെങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നല്ലോ. എങ്കിലും, ഇപ്പോൾ ഞാൻ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളിൽ ആർക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽ വന്നു. ‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പിൽ നില്‌ക്കേണ്ടതാകുന്നു; നിന്റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു. അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്. എങ്കിലും നാം ഒരു ദ്വീപിൽ ചെന്നു കുടുങ്ങേണ്ടിവരും.” അദ്രിയാറ്റിക് കടലിൽ ഞങ്ങൾ അലഞ്ഞു തിരിയുന്നതിന്റെ പതിനാലാമത്തെ രാത്രിയിൽ ഏതാണ്ട് അർധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികർക്കു തോന്നി. അതുകൊണ്ട് അവർ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റർ ആഴമുണ്ടെന്ന് അവർക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവർ വീണ്ടും അളന്നപ്പോൾ മുപ്പതു മീറ്റർ എന്നു കണ്ടു. കപ്പൽ പാറക്കെട്ടിൽ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവർ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു. പുലർച്ചയായപ്പോൾ നാവികർ കപ്പൽ ഉപേക്ഷിച്ച് രക്ഷപെടുവാൻ ശ്രമിച്ചു. അവർ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തിൽ തോണി കടലിലിറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യർ കപ്പലിൽ നിന്നിറങ്ങിയാൽ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുകയില്ല.” അതുകൊണ്ട് പടയാളികൾ തോണിയുടെ കയർ അറുത്തുവിട്ടുകളഞ്ഞു. നേരം പുലരാറായപ്പോൾ എല്ലാവരെയും ഭക്ഷണം കഴിക്കുവാൻ പൗലൊസ് നിർബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ. അതുകൊണ്ട്, നിങ്ങൾ എന്തെങ്കിലും കഴിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവൻ അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.” ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പിൽവച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാൻ തുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു. അവർ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
TIRHKOHTE 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 27:13-38
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ