TIRHKOHTE 20:22-32

TIRHKOHTE 20:22-32 MALCLBSI

ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തിൽവച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ പ്രാണനെ ഞാൻ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാൻ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം. “നിങ്ങളുടെ മധ്യത്തിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ഇനി കാണുകയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നഷ്ടപ്പെട്ടുപോയാൽ, അതിനു ഞാൻ ഉത്തരവാദിയായിരിക്കുകയില്ല എന്ന് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഒന്നും മറച്ചുവയ്‍ക്കാതെ സമസ്തവും ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. തന്റെ ജീവൻ കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ സംരക്ഷിക്കുവാൻ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിൻപറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക. ഞാൻ പോയതിനുശേഷം, കടിച്ചുകീറുന്ന ചെന്നായ്‍ക്കൾ വന്നു നിങ്ങളെ ആക്രമിക്കുന്നുവെന്നും, അവയ്‍ക്ക് ആടുകളോട് അശേഷം കരുണ ഉണ്ടായിരിക്കുകയില്ലെന്നും എനിക്കറിയാം. ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകൾ നിങ്ങളുടെ ഇടയിൽ നിന്നുതന്നെ മുമ്പോട്ടു വരും. അതുകൊണ്ട് ഉണർന്നിരിക്കുക; മൂന്നു വർഷം രാപകൽ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാൻ നിങ്ങൾക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങൾ ഓർമിച്ചുകൊള്ളണം. “നിങ്ങളുടെ ജീവിതത്തെ പടുത്തുയർത്തുവാനും, സകല വിശുദ്ധന്മാർക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്കു തരുവാനും കഴിയുന്ന, ദൈവത്തിന്റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ സമർപ്പിക്കുന്നു.

TIRHKOHTE 20 വായിക്കുക