TIRHKOHTE 20:17-38

TIRHKOHTE 20:17-38 MALCLBSI

എന്നാൽ മിലേത്തൊസിൽവച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു: “ഞാൻ ഏഷ്യയിൽ കാലുകുത്തിയ നാൾമുതൽ നിങ്ങളുടെ ഇടയിൽ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്ക് അറിയാമല്ലോ. യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂർവം ഞാൻ കർത്താവിനെ സേവിച്ചുപോന്നു. നിങ്ങൾക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാൻ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തിൽവച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ പ്രാണനെ ഞാൻ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാൻ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം. “നിങ്ങളുടെ മധ്യത്തിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ഇനി കാണുകയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നഷ്ടപ്പെട്ടുപോയാൽ, അതിനു ഞാൻ ഉത്തരവാദിയായിരിക്കുകയില്ല എന്ന് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഒന്നും മറച്ചുവയ്‍ക്കാതെ സമസ്തവും ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. തന്റെ ജീവൻ കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ സംരക്ഷിക്കുവാൻ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിൻപറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക. ഞാൻ പോയതിനുശേഷം, കടിച്ചുകീറുന്ന ചെന്നായ്‍ക്കൾ വന്നു നിങ്ങളെ ആക്രമിക്കുന്നുവെന്നും, അവയ്‍ക്ക് ആടുകളോട് അശേഷം കരുണ ഉണ്ടായിരിക്കുകയില്ലെന്നും എനിക്കറിയാം. ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകൾ നിങ്ങളുടെ ഇടയിൽ നിന്നുതന്നെ മുമ്പോട്ടു വരും. അതുകൊണ്ട് ഉണർന്നിരിക്കുക; മൂന്നു വർഷം രാപകൽ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാൻ നിങ്ങൾക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങൾ ഓർമിച്ചുകൊള്ളണം. “നിങ്ങളുടെ ജീവിതത്തെ പടുത്തുയർത്തുവാനും, സകല വിശുദ്ധന്മാർക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്കു തരുവാനും കഴിയുന്ന, ദൈവത്തിന്റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ സമർപ്പിക്കുന്നു. ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെയും എന്റെ സഹചാരികളുടെയും ആവശ്യങ്ങൾക്കുവേണ്ടി, ഈ കൈകൾകൊണ്ടു ഞാൻ അധ്വാനിച്ചു എന്നത് നിങ്ങൾക്കുതന്നെ അറിവുള്ളതാണല്ലോ. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതാണു ഭാഗ്യം എന്നു കർത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓർത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാൻ നിങ്ങൾക്കു മാതൃക കാട്ടിയിരിക്കുന്നു.” ഇങ്ങനെ പറഞ്ഞശേഷം അദ്ദേഹം അവരോടുകൂടി മുട്ടുകുത്തി പ്രാർഥിച്ചു. അവരെല്ലാവരും വളരെയധികം കരയുകയും പൗലൊസിനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു. ഇനിമേൽ തന്റെ മുഖം അവർ കാണുകയില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് അവരെ അധികം വേദനിപ്പിച്ചത്. അവർ കപ്പലിനടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.

TIRHKOHTE 20 വായിക്കുക