TIRHKOHTE 19:1-20

TIRHKOHTE 19:1-20 MALCLBSI

അപ്പൊല്ലോസ് കൊരിന്തിൽ ആയിരിക്കുമ്പോൾ പൗലൊസ് ഉൾനാടുകളിൽകൂടി സഞ്ചരിച്ച് എഫെസൊസിലെത്തി. അവിടെ ഏതാനും ശിഷ്യന്മാരെ അദ്ദേഹം കണ്ടു. “നിങ്ങൾ വിശ്വാസികളായിത്തീർന്നപ്പോൾ പരിശുദ്ധാത്മാവു ലഭിച്ചുവോ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.” അദ്ദേഹം ചോദിച്ചു: “പിന്നെ ഏതു സ്നാപനമാണ് നിങ്ങൾ സ്വീകരിച്ചത്?” “യോഹന്നാന്റെ സ്നാപനം” എന്ന് അവർ പ്രതിവചിച്ചു. പൗലൊസ് പറഞ്ഞു: “യോഹന്നാൻ മാനസാന്തരത്തിന്റെ സ്നാപനമാണ് നടത്തിയത്; തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ഊന്നിപ്പറയുകയും ചെയ്തു.” ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിച്ചു. പൗലൊസ് അവരുടെമേൽ കൈകൾ വച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വരുകയും അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവർ പന്ത്രണ്ടു പേരോളം ഉണ്ടായിരുന്നു. പൗലൊസ് സുനഗോഗിൽ ചെന്ന് ധീരതയോടെ പ്രസംഗിക്കുകയും, ദൈവരാജ്യത്തെക്കുറിച്ചു ബോധ്യമാകുമാറ് സംവാദം നടത്തുകയും ചെയ്തുകൊണ്ട് മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി. എന്നാൽ ചിലർ വഴങ്ങിയില്ല. അവർ വിശ്വസിക്കുവാൻ വിസമ്മതിച്ചു. പൗലൊസ് പ്രസംഗിച്ച മാർഗത്തെ അവർ പരസ്യമായി ദുഷിച്ചു. അപ്പോൾ അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൊണ്ട് തുറന്നൊസിന്റെ പ്രഭാഷണശാലയിൽ പോയി ദിനംപ്രതി സംവാദം നടത്തിപ്പോന്നു. ഇങ്ങനെ രണ്ടു വർഷം ചെയ്തതിന്റെ ഫലമായി ഏഷ്യാസംസ്ഥാനത്ത് നിവസിച്ചിരുന്ന എല്ലാ യെഹൂദന്മാരും, ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കുവാനിടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങൾ പ്രവർത്തിച്ചു. പൗലൊസിന്റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കൾ അവരിൽനിന്നു വിട്ടുപോകുകയും ചെയ്തുവന്നു. ദേശാടനം ചെയ്ത് പിശാചുബാധ ഒഴിക്കുന്ന ചില യെഹൂദമന്ത്രവാദികൾ ദുഷ്ടാത്മാക്കൾക്കെതിരെ കർത്താവിന്റെ നാമം ഉപയോഗിക്കുവാൻ തുനിഞ്ഞു. “പൗലൊസ് ആരെപ്പറ്റി പ്രസംഗിക്കുന്നുവോ, ആ യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ശപഥം ചെയ്തു കല്പിക്കുന്നു” എന്ന് അവർ പറഞ്ഞു. സ്കേവാ എന്ന പുരോഹിതമുഖ്യന്റെ ഏഴു പുത്രന്മാരാണ് ഇപ്രകാരം ചെയ്തത്. എന്നാൽ ദുഷ്ടാത്മാവ് അവരോടു ചോദിച്ചു: “യേശുവിനെ എനിക്കറിയാം; പൗലൊസിനെയും അറിയാം; എന്നാൽ നിങ്ങളാരാണ്?” പിന്നീട് ഭൂതബാധിതൻ അവരുടെമേൽ ചാടിവീണ് എല്ലാവരെയും പതംവരുത്തി കീഴടക്കി. അവർ പരുക്കേറ്റു നഗ്നരായി ആ വീട്ടിൽനിന്ന് ഓടി രക്ഷപെട്ടു. എഫെസൊസിൽ നിവസിക്കുന്ന എല്ലാ യെഹൂദന്മാരും ഗ്രീക്കുകാരും ഈ സംഭവം അറിഞ്ഞപ്പോൾ വല്ലാതെ ഭയപ്പെട്ടു; കർത്താവായ യേശുവിന്റെ നാമം കൂടുതൽ പ്രകീർത്തിക്കപ്പെടുകയും ചെയ്തു. വിശ്വസിച്ചവരായ പലരും വന്നു തങ്ങളുടെ പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന അനേകമാളുകൾ തങ്ങളുടെ ഗ്രന്ഥങ്ങൾ കൊണ്ടുവന്നു പരസ്യമായി ചുട്ടുകളഞ്ഞു. അവയുടെ വില കണക്കാക്കി നോക്കിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു. ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പ്രചരിക്കുകയും പ്രബലപ്പെടുകയും ചെയ്തു.

TIRHKOHTE 19 വായിക്കുക