TIRHKOHTE 18:1-8

TIRHKOHTE 18:1-8 MALCLBSI

അതിനുശേഷം പൗലൊസ് ആഥൻസിൽനിന്ന് കൊരിന്തിലേക്കു പോയി. അവിടെവച്ച് പൊന്തൊസ്കാരൻ അക്വിലാ എന്ന യെഹൂദനെയും അയാളുടെ ഭാര്യ പ്രിസ്കില്ലയെയും പരിചയപ്പെട്ടു. എല്ലാ യെഹൂദന്മാരും റോമാനഗരം വിട്ടുപോകണമെന്നു ക്ലൗദ്യോസ് കൈസർ ഉത്തരവിട്ടതനുസരിച്ച്, ആയിടയ്‍ക്ക് ഇറ്റലിയിൽനിന്നു വന്നവരായിരുന്നു ആ ദമ്പതികൾ. പൗലൊസ് അവരെ സന്ദർശിച്ചു. കൂടാരനിർമാണമായിരുന്നു അവരുടെ തൊഴിൽ. പൗലൊസിന്റെയും തൊഴിൽ അതായിരുന്നതുകൊണ്ട് അദ്ദേഹം അവരോടുകൂടി പാർത്ത് ആ പണിയിൽ ഏർപ്പെട്ടു. എന്നാൽ ശബത്തുതോറും അദ്ദേഹം സുനഗോഗിൽ പോയി സംവാദം നടത്തുകയും യെഹൂദന്മാരെയും ഗ്രീക്കുകാരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുപോന്നു. ശീലാസും തിമൊഥെയോസും മാസിഡോണിയയിൽനിന്നു വന്നശേഷം പൗലൊസ് മുഴുവൻ സമയവും വചനഘോഷണത്തിലേർപ്പെട്ടു. യേശു തന്നെയാണ് സാക്ഷാൽ ക്രിസ്തു എന്നു യെഹൂദന്മാരോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അവർ അദ്ദേഹത്തെ എതിർക്കുകയും ദുഷിക്കുകയും ചെയ്തതിനാൽ തന്റെ വസ്ത്രം കുടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ നാശത്തിനു നിങ്ങൾ തന്നെയാണ് ഉത്തരവാദികൾ; ഞാൻ നിരപരാധിയത്രേ. ഇനി ഞാൻ വിജാതീയരുടെ അടുക്കലേക്കു പോകും.” പിന്നീട് അദ്ദേഹം സുനഗോഗിനു തൊട്ടടുത്തുള്ള തീത്തോസ് യുസ്തൊസ് എന്നയാളിന്റെ വീട്ടിൽ ചെന്നു പാർത്തു. അദ്ദേഹം ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്ന ഒരു ഭക്തനായിരുന്നു. സുനഗോഗിന്റെ അധികാരിയായ ക്രിസ്പോസും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു. കൊരിന്തിലുള്ള അനേകമാളുകൾ പൗലൊസിന്റെ പ്രസംഗം കേട്ടു വിശ്വസിക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തു.

TIRHKOHTE 18 വായിക്കുക