അവർ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി. ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിർത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. “ഞാൻ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരുന്ന ചിലർക്ക് ഇതു ബോധ്യമായി; അവർ പൗലൊസിനോടും ശീലാസിനോടും ചേർന്നു. അതുപോലെതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്‍ത്രീകളും ക്രിസ്തുവിൽ വിശ്വസിച്ചു. ഇത് യെഹൂദന്മാരിൽ അമർഷം ഉളവാക്കി. അവർ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയിൽ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവർ യാസോൻ എന്ന ആളിന്റെ വീട് ആക്രമിച്ചു. എന്നാൽ അവരെ അവിടെ കാണാഞ്ഞതിനാൽ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പിൽ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ ഇവിടെയും വന്നിരിക്കുന്നു. യാസോൻ അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവർ കൈസറിന്റെ കല്പനകൾക്കെതിരെ പ്രവർത്തിക്കുന്നു” എന്നിങ്ങനെ അവർ ആക്രോശിച്ചു. ഇതുകേട്ടപ്പോൾ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു. ഒടുവിൽ അധികാരികൾ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തിൽ വിട്ടയച്ചു. രാത്രിയായ ഉടനെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോൾ അവർ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി. അവിടെയുള്ളവർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വിശാലമനസ്കരായിരുന്നു. അവർ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങൾ പരിശോധിക്കുകയും ചെയ്തുപോന്നു. അങ്ങനെ അനേകമാളുകൾ വിശ്വാസികളായിത്തീർന്നു. അക്കൂട്ടത്തിൽ കുലീനരായ ധാരാളം ഗ്രീക്കുവനിതകളും പുരുഷന്മാരും ഉണ്ടായിരുന്നു. ബെരോവയിലും പൗലൊസ് ദൈവവചനം പ്രസംഗിക്കുന്നു എന്ന വിവരം തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയുമെത്തി ജനത്തെ പറഞ്ഞിളക്കി പ്രക്ഷോഭമുണ്ടാക്കി. പെട്ടെന്ന് അവിടത്തെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു. എന്നാൽ ശീലാസും തിമൊഥെയോസും ബെരോവയിൽതന്നെ പാർത്തു. പൗലൊസിനെ കൊണ്ടുപോയവർ ആഥൻസുവരെ അദ്ദേഹത്തിന്റെകൂടെ പോയി. പിന്നീട് അവർ ബെരോവയിലേക്കു തിരിച്ചുപോയി. ശീലാസും തിമൊഥെയോസും എത്രയുംവേഗം തന്റെ അടുക്കൽ എത്തിച്ചേരണമെന്നു പൗലൊസ് അവരോടു പറഞ്ഞയച്ചു.
TIRHKOHTE 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 17:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ