TIRHKOHTE 15:1-11

TIRHKOHTE 15:1-11 MALCLBSI

“മോശ ഏർപ്പെടുത്തിയ ആചാരപ്രകാരം പരിച്ഛേദനകർമം നടത്താതെ നിങ്ങൾക്കു രക്ഷപ്പെടാൻ സാധ്യമല്ല” എന്ന് യെഹൂദ്യയിൽനിന്നു വന്ന ചിലർ അക്കാലത്ത് സഹോദരന്മാരെ പഠിപ്പിച്ചു തുടങ്ങി. പൗലൊസിനും ബർനബാസിനും ഈ അഭിപ്രായത്തോട് ഉഗ്രമായ വിയോജിപ്പും തർക്കവും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പ്രശ്നത്തെക്കുറിച്ച് അപ്പോസ്തോലന്മാരോടും സഭാമുഖ്യന്മാരോടും ആലോചിക്കുന്നതിന് അവരും മറുപക്ഷത്തുള്ള ചിലരും യെരൂശലേമിലേക്കു പോകണമെന്നു നിശ്ചയിച്ചു. അങ്ങനെ സഭ അവരെ യഥോചിതം യാത്ര അയച്ചു. അവർ ഫൊയ്നിക്യയിലും ശമര്യയിലുംകൂടി കടന്നുപോയപ്പോൾ വിജാതീയരുടെ മാനസാന്തരത്തെക്കുറിച്ച് അവർ ആ പ്രദേശങ്ങളിലെ സഹോദരന്മാരെ അറിയിച്ചു. അതുകേട്ട് അവർ അത്യന്തം ആനന്ദിച്ചു. പൗലൊസും ബർനബാസും മറ്റുള്ളവരും യെരൂശലേമിലെത്തിയപ്പോൾ സഭയും അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങളോടുകൂടിയിരുന്നു പ്രവർത്തിച്ച കാര്യങ്ങൾ അവർ പ്രസ്താവിച്ചു. എന്നാൽ പരീശപക്ഷക്കാരായ ചില വിശ്വാസികൾ വിജാതീയർ പരിച്ഛേദനകർമം സ്വീകരിക്കേണ്ടതാണെന്നും, മോശയുടെ നിയമസംഹിത അനുസരിക്കേണ്ടതാണെന്ന് അവരെ അനുശാസിക്കണമെന്നും വാദിച്ചു. ഈ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ഒരു യോഗം കൂടി. ദീർഘസമയത്തെ വാദപ്രതിവാദങ്ങൾക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിന്, അവരോടു പ്രസംഗിക്കുവാൻ നിങ്ങളുടെ ഇടയിൽനിന്ന് വളരെ മുമ്പ് ദൈവം എന്നെ തിരഞ്ഞെടുത്തു എന്നത് നിങ്ങൾക്കറിയാമല്ലോ. സകല ഹൃദയങ്ങളെയും അറിയുന്ന ദൈവം, നമുക്കു നല്‌കിയതുപോലെ, വിജാതീയർക്കും പരിശുദ്ധാത്മാവു പകർന്നു കൊടുത്തുകൊണ്ട്, അവരെ അംഗീകരിച്ചു എന്നതിനു സാക്ഷ്യം വഹിച്ചു. നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും കല്പിച്ചില്ല; വിശ്വസിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങളെയും അവിടുന്നു ശുദ്ധീകരിച്ചുവല്ലോ. അങ്ങനെയിരിക്കെ, നമ്മുടെ പിതാക്കന്മാർക്കോ, നമുക്കോ, വഹിക്കുവാൻ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെമേൽ കെട്ടിയേല്പിച്ച് നാം എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു? നാം വിശ്വസിക്കുന്നത് കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കുമെന്നത്രേ. അതുപോലെ തന്നെയാണ് അവരും രക്ഷപ്രാപിക്കുന്നത്.”

TIRHKOHTE 15 വായിക്കുക