TIRHKOHTE 13:26-41

TIRHKOHTE 13:26-41 MALCLBSI

“സഹോദരരേ, അബ്രഹാമിന്റെ വംശജരേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഈ രക്ഷയുടെ സന്ദേശം നമുക്കാണ് അയച്ചിരിക്കുന്നത്. യെരൂശലേംനിവാസികളും അവരുടെ ഭരണാധിപന്മാരും യേശു ആരെന്നു ഗ്രഹിച്ചില്ല; ശബത്തുതോറും വായിക്കുന്ന പ്രവാചകഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് മനസ്സിലാക്കിയതുമില്ല. അവർ യേശുവിനെ ശിക്ഷയ്‍ക്കു വിധിച്ചു: അങ്ങനെ ആ പ്രവചനങ്ങൾ സത്യമായി. വധശിക്ഷയ്‍ക്കുള്ള കാരണമൊന്നും കാണാതിരുന്നിട്ടും യേശുവിനെ വധിക്കുവാൻ പീലാത്തോസിനോട് അവർ ആവശ്യപ്പെട്ടു. അവിടുത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതെല്ലാം അവർ പൂർത്തീകരിച്ചു; പീന്നീട് യേശുവിനെ കുരിശിൽനിന്നിറക്കി ഒരു കല്ലറയിൽ വച്ചു. എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ഗലീലയിൽനിന്നു തന്നോടുകൂടി യെരൂശലേമിലേക്കു ചെന്നവർക്ക് അവിടുന്നു പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ അവിടുത്തെ സാക്ഷികളാകുന്നു. നമ്മുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം യേശുവിനെ ഉയിർപ്പിച്ചതുമൂലം മക്കളായ നമുക്കു പൂർത്തിയാക്കിത്തന്നിരിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിത്തീർന്നിരിക്കുന്നു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിട്ടുണ്ടല്ലോ. ആ സദ്‍വാർത്ത ഞങ്ങൾ നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നു. വീണ്ടും ജീർണാവസ്ഥയിലേക്കു തിരിയാത്തവിധം ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അതെക്കുറിച്ചുള്ള അരുളപ്പാട് ഇങ്ങനെയാണ്: ദാവീദിനു വാഗ്ദാനം ചെയ്തിട്ടുള്ള സംശയരഹിതവും വിശുദ്ധവുമായ നന്മകൾ ഞാൻ നിങ്ങൾക്കു നല്‌കും. മറ്റൊരിടത്ത്, അങ്ങയുടെ പരിശുദ്ധൻ ജീർണിക്കുവാൻ അങ്ങ് അനുവദിക്കുകയില്ല എന്നും പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യപ്രകാരം പ്രവർത്തിച്ചശേഷം മരണമടഞ്ഞു; തന്റെ പിതാക്കന്മാരോടു ചേർന്നു ജീർണതയ്‍ക്കു വിധേയനായിത്തീർന്നു. എന്നാൽ ദൈവം ഉയിർപ്പിച്ചവനാകട്ടെ ജീർണതയ്‍ക്കു വിധേയനായില്ല. അതുകൊണ്ട് സഹോദരരേ, ഇത് അറിഞ്ഞുകൊള്ളുക: ഈ യേശു മുഖാന്തരം പാപമോചനത്തിന്റെ സന്ദേശം നിങ്ങളെ അറിയിച്ചിരിക്കുന്നു. മോശയുടെ ധർമശാസ്ത്രപ്രകാരം മോചനം ലഭിക്കാത്ത എല്ലാ പാപങ്ങളിൽനിന്നും, വിശ്വസിക്കുന്ന ഏതൊരുവനും അവിടുന്നു മുഖാന്തരം മോചനം ലഭിക്കുമെന്നും അറിഞ്ഞുകൊള്ളുക. പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക: ഹേ, പരിഹാസികളേ നോക്കുക, നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തിചെയ്യുന്നു; ആരെങ്കിലും വിശദീകരിച്ചു തന്നാലും നിങ്ങൾ അതൊരിക്കലും വിശ്വസിക്കുകയില്ല. അതുകൊണ്ട് നിങ്ങൾ അന്ധാളിക്കുകയും നശിക്കുകയും ചെയ്യട്ടെ.”

TIRHKOHTE 13 വായിക്കുക