TIRHKOHTE 11:9-24

TIRHKOHTE 11:9-24 MALCLBSI

‘ദൈവം ശുദ്ധീകരിച്ചത് നിഷിദ്ധമെന്നു നീ കരുതരുത്’ എന്ന ശബ്ദം പിന്നെയും ആകാശത്തുനിന്നു കേട്ടു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി. പിന്നീട് അവയെല്ലാം തിരിച്ച് ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് അയയ്‍ക്കപ്പെട്ട മൂന്നു പേർ ഞങ്ങൾ പാർത്തിരുന്ന വീടിന്റെ മുമ്പിൽ എത്തിയിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടി പോകുവാൻ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടി പോന്നു. ഞങ്ങൾ കൊർന്നല്യോസിന്റെ ഭവനത്തിലേക്കാണു പോയത്. ഒരു ദൈവദൂതൻ തന്റെ വീട്ടിൽ നില്‌ക്കുന്നതായി അദ്ദേഹം കണ്ടു എന്നും ‘യോപ്പയിലേക്ക് ആളയച്ചു ശിമോൻ പത്രോസിനെ വിളിപ്പിക്കുക; നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ അദ്ദേഹം നിന്നോടു പറയും’ എന്നു ദൂതൻ അദ്ദേഹത്തോടു പറഞ്ഞതായി ഞങ്ങളെ അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ, പരിശുദ്ധാത്മാവു നമ്മുടെമേൽ ആദ്യം വന്നതുപോലെ അവരുടെമേലും വന്നു. “യോഹന്നാൻ വെള്ളംകൊണ്ടു സ്നാപനം ചെയ്തു; നിങ്ങളോ പരിശുദ്ധാത്മാവിനാൽ സ്നാപനം ചെയ്യപ്പെടും’ എന്ന കർത്താവിന്റെ വചനം ഞാൻ അപ്പോൾ ഓർത്തു. അതുകൊണ്ടു കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്ന അതേ ദാനം അവർക്കും ദൈവം നല്‌കിയെങ്കിൽ, ദൈവത്തെ വിലക്കുവാൻ ഞാൻ ആരാണ്?” ഇതു കേട്ട് അവർ നിശ്ശബ്ദരായി. “ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവം നല്‌കിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ പ്രകീർത്തിച്ചു. സ്തേഫാനോസ് നിമിത്തമുണ്ടായ പീഡനത്തിൽ ചിതറിപ്പോയവരിൽ ചിലർ ഫൊയ്നിക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ എത്തിയിരുന്നു. അവർ യെഹൂദന്മാരോടു മാത്രമേ സുവിശേഷം പ്രസംഗിച്ചിരുന്നുള്ളൂ. എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും അന്ത്യോക്യയിലെത്തിയിരുന്ന ചിലർ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം ഗ്രീക്കുകാരെയും അറിയിച്ചു. കർത്താവിന്റെ ശക്തി അവരോടുകൂടി ഉണ്ടായിരുന്നതിനാൽ ഒട്ടേറെ ആളുകൾ വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു. അവരെക്കുറിച്ചുള്ള വാർത്ത യെരൂശലേമിലെ സഭ കേട്ടു; അവർ ബർനബാസിനെ അന്ത്യോക്യയിലേക്കു പറഞ്ഞയച്ചു. ഉത്തമനായ അദ്ദേഹം പരിശുദ്ധാത്മാവിന്റെ പൂർണമായ അധിവാസമുള്ളവനും തികഞ്ഞ വിശ്വാസിയും ആയിരുന്നു. ബർനബാസ് അവിടെയെത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ടു സന്തോഷിച്ചു. സുദൃഢമായ ലക്ഷ്യത്തോടുകൂടി കർത്താവിനോടു ചേർന്നു നിലകൊള്ളുവാൻ അദ്ദേഹം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. അങ്ങനെ ഒരു വലിയ ജനസഞ്ചയം കർത്താവിനോടു ചേർന്നു.

TIRHKOHTE 11 വായിക്കുക