അപ്പോൾ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും ഏതു ജാതിയിൽപ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ എനിക്കു ബോധ്യമായിരിക്കുന്നു. സകല മനുഷ്യരുടെയും കർത്താവായ യേശുക്രിസ്തുവിൽകൂടി സമാധാനത്തിന്റെ സദ്‍വാർത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേൽജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങൾ അറിയുന്നുവല്ലോ. മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്റെ പ്രസംഗത്തിനുശേഷം ഗലീലയിൽ ആരംഭിച്ച് യെഹൂദ്യയിൽ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്. ദൈവം നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരുന്നു. ദൈവം അവിടുത്തോടു കൂടെയിരുന്നതിനാൽ എല്ലാവർക്കും നന്മ ചെയ്തുകൊണ്ടും പിശാചിന്റെ ശക്തിക്ക് അടിപ്പെട്ടിരുന്നവരെ സുഖപ്പെടുത്തിക്കൊണ്ടും അവിടുന്ന് സഞ്ചരിച്ചു. യെരൂശലേമിലും യെഹൂദന്മാരുടെ നാട്ടിലെങ്ങും അവിടുന്നു ചെയ്ത സകല പ്രവൃത്തികൾക്കും ഞങ്ങൾ സാക്ഷികളാകുന്നു. അവർ അവിടുത്തെ കുരിശിൽ തറച്ചു കൊല്ലുകയാണു ചെയ്തത്. എന്നാൽ ദൈവം അവിടുത്തെ മൂന്നാംനാൾ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. എല്ലാവർക്കും പ്രത്യക്ഷനായില്ലെങ്കിലും, സാക്ഷികളായി ദൈവം മുൻകൂട്ടി നിയമിച്ച ഞങ്ങൾക്ക് അവിടുന്നു പ്രത്യക്ഷനാകുവാൻ ദൈവം ഇടയാക്കി. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, ഞങ്ങൾ അവിടുത്തോടുകൂടി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയായി ദൈവം നിയമിച്ചിരിക്കുന്ന ആൾ അവിടുന്നു തന്നെയാണെന്നു പ്രസംഗിക്കുവാനും സാക്ഷ്യം വഹിക്കുവാനും അവിടുന്ന് ഞങ്ങളോടാജ്ഞാപിച്ചു. തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അവിടുത്തെ നാമം മൂലം പാപമോചനം ലഭിക്കുമെന്നതിന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം വഹിക്കുന്നു.’ പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ശ്രോതാക്കളായ എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവു വന്ന് ആവസിച്ചു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും കേട്ടപ്പോൾ, വിജാതീയർക്കുകൂടി പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം പകർന്നുകൊടുക്കുന്നതായി കണ്ട് പത്രോസിന്റെ കൂടെ വന്ന പരിച്ഛേദനകർമവാദികളായ യെഹൂദവിശ്വാസികൾ വിസ്മയിച്ചു. “നമുക്കു ലഭിച്ചതുപോലെ, പരിശുദ്ധാത്മാവു ലഭിച്ച ഇവരെ ജലത്താൽ സ്നാപനം നടത്തുവാൻ പാടില്ലെന്ന് ആർക്കു വിലക്കുവാൻ കഴിയും?” എന്നു പത്രോസ് ചോദിച്ചു. യേശുക്രിസ്തുവിന്റെ നാമത്തിൽ അവരെ സ്നാപനം ചെയ്യുവാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾ അവിടെ പാർക്കണമെന്ന് അവർ അദ്ദേഹത്തോട് അപേക്ഷിച്ചു.
TIRHKOHTE 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 10:34-48
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ