വാക്കുകളെചൊല്ലിയുള്ള വാഗ്വാദങ്ങൾ ഉപേക്ഷിക്കുവാൻ ദൈവസമക്ഷം ജനത്തെ ഉപദേശിക്കുക. ഇങ്ങനെയുള്ള തർക്കങ്ങൾ കേൾവിക്കാരെ നശിപ്പിക്കുകയേയുള്ളൂ. ഒരു നന്മയും അതുകൊണ്ട് ഉണ്ടാകുകയില്ല. ഇത് അവരെ അനുസ്മരിപ്പിക്കണം. സത്യത്തിന്റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാൻ അങ്ങേയറ്റം പരിശ്രമിക്കുക. ഭക്തിവിരുദ്ധമായ വ്യർഥഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതൽ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ. ശരീരത്തെ നിർജീവമാക്കി ജീർണിപ്പിക്കുന്ന വ്രണംപോലെ അത്തരം സംഭാഷണം മനുഷ്യനെ നശിപ്പിക്കും. ഹുമനയോസും ഫിലേത്തൊസും അങ്ങനെയുള്ളവരാണ്. അവർ സത്യത്തിൽനിന്നു വ്യതിചലിച്ച് പുനരുത്ഥാനം നേരത്തെ കഴിഞ്ഞുപോയി എന്ന വാദം ഉന്നയിച്ചുകൊണ്ട് ചിലരുടെ വിശ്വാസത്തെ കീഴ്മേൽ മറിക്കുന്നു. എന്നാൽ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കർത്താവ് അറിയുന്നു’ എന്നും ‘കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടു നിർമിച്ചവയും ഉണ്ടായിരിക്കും. ചിലത് വിശേഷസന്ദർഭങ്ങളിലും മറ്റുചിലത് സാധാരണ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവൻ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങൾക്കായി മാറ്റിവയ്‍ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും. അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങൾ വിട്ടകന്ന്, നിർമ്മലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയിൽ ലക്ഷ്യം ഉറപ്പിക്കുക. മൂഢവും നിരർഥകവുമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടരുത്; അവ ശണ്ഠയ്‍ക്ക് ഇടയാക്കുമെന്നു നിങ്ങൾക്ക് അറിയാമല്ലോ. കർത്താവിന്റെ ദാസൻ ശണ്ഠ കൂടുന്നവൻ ആയിരിക്കരുത്; അവൻ എല്ലാവരോടും ദയാലുവും യോഗ്യനായ പ്രബോധകനും ക്ഷമാശീലനും ആയിരിക്കണം; പ്രതിയോഗികളെ സൗമ്യമായി തിരുത്തുകയും വേണം. അവർ അനുതപിച്ച് സത്യം എന്തെന്ന് അറിയുവാൻ ദൈവം ഇടയാക്കിയേക്കാം. തന്റെ ഇഷ്ടം ചെയ്യുന്നതിന് പിശാച് അവരെ അടിമപ്പെടുത്തിയെങ്കിലും അവന്റെ കെണിയിൽനിന്ന് അവർ രക്ഷപെട്ടേക്കാം.
2 TIMOTHEA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 TIMOTHEA 2:14-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ