രാജാവു ചോദിച്ചു: ” ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ഇനിയും ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ?” സീബ പറഞ്ഞു: “രണ്ടു കാലും മുടന്തുള്ള ഒരു മകൻ യോനാഥാനുണ്ട്.” “അവൻ എവിടെയാണ്” രാജാവു ചോദിച്ചു. “അവൻ ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലുണ്ട്” സീബ പറഞ്ഞു. അപ്പോൾ ദാവീദുരാജാവ് ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലേക്ക് ആളയച്ച് അവനെ വരുത്തി. ശൗലിന്റെ പൗത്രനും യോനാഥാന്റെ പുത്രനുമായ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്കരിച്ചു. ദാവീദ് മെഫീബോശെത്തിനെ വിളിച്ചപ്പോൾ “ഇതാ അടിയൻ” എന്ന് അവൻ പ്രതിവചിച്ചു. ദാവീദ് അവനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ, നിന്റെ പിതാവായ യോനാഥാനെ ഓർത്ത് ഞാൻ നിന്നോടു കരുണ കാണിക്കും. നിന്റെ പിതാമഹനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്നും എന്റെ കൂടെ ഭക്ഷണം കഴിക്കുകയും വേണം.” ഇതുകേട്ടു താണുവണങ്ങിക്കൊണ്ടു മെഫീബോശെത്തു പറഞ്ഞു: “ചത്ത നായ്‍ക്കു തുല്യനായ അടിയനോട് അങ്ങേക്കു കരുണ തോന്നിയല്ലോ.” പിന്നീട് രാജാവ് ശൗലിന്റെ ഭൃത്യനായ സീബയെ വിളിച്ചു പറഞ്ഞു: “നിന്റെ യജമാനനായ മെഫീബോശെത്തിനു ശൗലിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വത്തെല്ലാം ഞാൻ നല്‌കുന്നു. നീയും നിന്റെ പുത്രന്മാരും വേലക്കാരും കൂടി കൃഷി ചെയ്തു നിന്റെ യജമാനനു ഭക്ഷിക്കാൻ ആവശ്യമുള്ളതെല്ലാം കൊണ്ടുവരണം. മെഫീബോശെത്ത് എന്റെ കൂടെ എന്നും ഭക്ഷണം കഴിക്കട്ടെ.” സീബയ്‍ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു. “എന്റെ യജമാനനായ രാജാവ് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യാം” എന്നു സീബ പറഞ്ഞു. അങ്ങനെ രാജാവിന്റെ പുത്രന്മാരിൽ ഒരാളെപ്പോലെ മെഫീബോശെത്ത് രാജാവിന്റെ ഭക്ഷണമേശയിൽനിന്നു ഭക്ഷണം കഴിച്ചുവന്നു. മെഫീബോശെത്തിനു മീഖാ എന്നൊരു ആൺകുഞ്ഞ് ഉണ്ടായിരുന്നു. സീബയുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിന്റെ ഭൃത്യന്മാരായിത്തീർന്നു. അങ്ങനെ രണ്ടു കാലും മുടന്തായിരുന്ന മെഫീബോശെത്ത് യെരൂശലേമിൽത്തന്നെ പാർത്ത് രാജാവിന്റെ മേശയിൽനിന്നു ഭക്ഷണം കഴിച്ചുപോന്നു.
2 SAMUELA 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 9:3-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ