2 SAMUELA 5:17-25

2 SAMUELA 5:17-25 MALCLBSI

ദാവീദ് ഇസ്രായേൽരാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ അദ്ദേഹത്തെ ആക്രമിച്ചു കീഴടക്കാൻ പുറപ്പെട്ടു. ആ വിവരം അറിഞ്ഞു ദാവീദ് കോട്ടയ്‍ക്കുള്ളിൽ പ്രവേശിച്ചു. ഫെലിസ്ത്യർ രെഫായീംതാഴ്‌വരയിൽ പാളയമടിച്ചു. അപ്പോൾ ദാവീദ് സർവേശ്വരന്റെ ഹിതം ആരാഞ്ഞു: “ഞാൻ ഫെലിസ്ത്യരെ ആക്രമിക്കണമോ? എനിക്ക് അവരുടെമേൽ വിജയം തരുമോ?” “പുറപ്പെടുക, ഫെലിസ്ത്യരെ തീർച്ചയായും നിന്റെ കൈയിൽ ഏല്പിച്ചുതരും” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. ദാവീദു ബാൽ-പെരാസീമിലേക്കു ചെന്നു; അവിടെവച്ച് അവരെ തോല്പിച്ചു. “കുതിച്ചുപായുന്ന വെള്ളച്ചാട്ടംപോലെ സർവേശ്വരൻ ശത്രുക്കളെ എന്റെ മുമ്പിൽ ചിതറിച്ചു” എന്ന് അദ്ദേഹം പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേരുണ്ടായി. ഫെലിസ്ത്യർ തങ്ങളുടെ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ച് പലായനം ചെയ്തു. ദാവീദും അനുയായികളും അവ എടുത്തു കൊണ്ടുപോയി. ഫെലിസ്ത്യർ വീണ്ടും വന്നു രെഫായീംതാഴ്‌വരയിൽ പാളയമടിച്ചു. അപ്പോൾ ദാവീദ് സർവേശ്വരന്റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ നേരെ ചെന്ന് അവരെ ആക്രമിക്കരുത്; വളഞ്ഞുചെന്നു ബാൾസാംവൃക്ഷങ്ങളുടെ അടുത്തുവച്ചു അവരെ ആക്രമിക്കുക. ബാൾസാം വൃക്ഷങ്ങളുടെ മുകളിൽ പടനീക്കത്തിന്റെ ശബ്ദം കേൾക്കുമ്പോൾ വേണം അവരെ ആക്രമിക്കേണ്ടത്. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാൻ ഞാൻ നിങ്ങൾക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.” സർവേശ്വരൻ കല്പിച്ചതുപോലെ ദാവീദു പ്രവർത്തിച്ചു. ഗേബയിൽനിന്നു ഗേസെർവരെ ഫെലിസ്ത്യരെ തോല്പിച്ച് ഓടിച്ചു.

2 SAMUELA 5 വായിക്കുക