2 SAMUELA 24:1-9

2 SAMUELA 24:1-9 MALCLBSI

സർവേശ്വരന്റെ കോപം ഇസ്രായേലിന്റെ നേരേ ജ്വലിച്ചു. അവർക്കെതിരെ പ്രവർത്തിക്കാൻ ദാവീദിനെ അവിടുന്നു പ്രേരിപ്പിച്ചു. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങളുടെ എണ്ണമെടുക്കാൻ സർവേശ്വരൻ ദാവീദിനോടു കല്പിച്ചു. അദ്ദേഹം യോവാബിനോടും തന്റെ സൈന്യാധിപന്മാരോടും പറഞ്ഞു: “ദാൻമുതൽ ബേർ-ശേബാവരെ ഇസ്രായേലിലുള്ള എല്ലാ ഗോത്രക്കാരുടെ ഇടയിലും ചെന്ന് അവരുടെ ജനസംഖ്യ എടുത്ത് എന്നെ അറിയിക്കണം.” എന്നാൽ രാജാവിനോട് യോവാബ് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ കാലത്തുതന്നെ ദൈവമായ സർവേശ്വരൻ ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടിയായി വർധിപ്പിക്കട്ടെ; അതു കാണാൻ അങ്ങേക്ക് ഇടയാകട്ടെ; എന്നാൽ അങ്ങ് ഇക്കാര്യത്തിൽ ഇത്ര താൽപര്യം കാണിക്കുന്നത് എന്ത്?” യോവാബ് അങ്ങനെ പറഞ്ഞെങ്കിലും അയാളും സേനാനായകന്മാരും രാജകല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ അവർ ജനത്തിന്റെ എണ്ണമെടുക്കാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻനദി കടന്നു ഗാദ്ദേശത്ത് താഴ്‌വരയുടെ നടുവിലുള്ള പട്ടണമായ അരോവേരിൽ ആരംഭിച്ചു വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി. പിന്നീട് അവർ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലെത്തി. അവർ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിലെത്തി. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു; അതനുസരിച്ച് സൈന്യ സേവനത്തിനു പറ്റിയ എട്ടുലക്ഷം പേർ ഇസ്രായേലിലും അഞ്ചുലക്ഷം പേർ യെഹൂദ്യയിലും ഉണ്ടായിരുന്നു.

2 SAMUELA 24 വായിക്കുക