2 SAMUELA 20

20
ശേബയുടെ വിപ്ലവം
1ബെന്യാമീൻഗോത്രത്തിലെ ബിക്രിയുടെ പുത്രൻ ശേബ എന്ന ഒരു നീചനായ മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കാഹളമൂതി പറഞ്ഞു: “ദാവീദുമായി നമുക്ക് എന്തു ബന്ധം? യിശ്ശായിയുടെ പുത്രനിൽ നമുക്ക് എന്ത് അവകാശം? ഇസ്രായേല്യരേ, നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിൻ.” 2അതു കേട്ട് ഇസ്രായേല്യർ ദാവീദിനെ ഉപേക്ഷിച്ചു ബിക്രിയുടെ പുത്രനായ ശേബയുടെ പക്ഷത്തു ചേർന്നു. യെഹൂദ്യരാകട്ടെ ദാവീദുരാജാവിന്റെ പക്ഷത്തുതന്നെ നിന്നു; യോർദ്ദാൻമുതൽ യെരൂശലേംവരെ അവർ അദ്ദേഹത്തെ അനുഗമിച്ചു.
3ദാവീദ് കൊട്ടാരത്തിലെത്തിയശേഷം കൊട്ടാരം സൂക്ഷിക്കാൻ നിയോഗിച്ചിരുന്ന പത്ത് ഉപഭാര്യമാരെയും വീട്ടുതടങ്കലിലാക്കി. അവരുടെ ദൈനംദിനാവശ്യങ്ങൾ നല്‌കിയെങ്കിലും അവരെ പ്രാപിച്ചില്ല. അവർ ജീവിതകാലം മുഴുവൻ അവിടെ വിധവകളെപ്പോലെ ജീവിച്ചു.
4രാജാവ് അമാസയോട്: “യെഹൂദ്യയിലെ പുരുഷന്മാരെയെല്ലാം മൂന്നു ദിവസത്തിനകം എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. 5അമാസ അവരെ വിളിച്ചുകൂട്ടുവാൻ പോയി. എങ്കിലും രാജാവു കല്പിച്ചിരുന്ന സമയത്തിനുള്ളിൽ അയാൾ തിരിച്ചെത്തിയില്ല. 6ദാവീദ് അബീശായിയോടു: “ബിക്രിയുടെ പുത്രനായ ശേബ അബ്ശാലോമിനെക്കാൾ അധികം ഉപദ്രവം ചെയ്യും; അതുകൊണ്ട് എന്റെ സൈന്യങ്ങളെക്കൂട്ടി അവനെ പിന്തുടരുക; അല്ലാഞ്ഞാൽ കോട്ട കെട്ടി ഉറപ്പിച്ച ചില പട്ടണങ്ങൾ കൈവശപ്പെടുത്തി അവൻ നമുക്ക് ഉപദ്രവം ഉണ്ടാക്കും.” 7അങ്ങനെ യോവാബും കൂടെയുള്ള ക്രേത്യരും പെലേത്യരും മറ്റു യുദ്ധവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരാൻ അബീശായിയുടെ കൂടെ യെരൂശലേമിൽനിന്നു പുറപ്പെട്ടു. 8ഗിബെയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോൾ അമാസ അവർക്കെതിരെ വരുന്നത് അവർ കണ്ടു; യോവാബു ധരിച്ചിരുന്ന പടച്ചട്ടയുടെ മീതെയുള്ള അരക്കെട്ടിൽ വാൾ തൂക്കിയിട്ടിരുന്നു. അവൻ മുന്നോട്ട് നടന്നപ്പോൾ വാൾ ഉറയിൽനിന്ന് ഊരി പുറത്തേക്കു തള്ളിനിന്നു. 9“സഹോദരാ, സുഖം തന്നെയോ” എന്നു യോവാബ് അമാസയോടു ചോദിച്ചു; ചുംബനം ചെയ്യാൻ എന്ന ഭാവത്തിൽ യോവാബു വലതുകൈകൊണ്ട് അമാസയുടെ താടിക്കു പിടിച്ചു. 10യോവാബിന്റെ കൈയിലിരുന്ന വാൾ അമാസ ശ്രദ്ധിച്ചില്ല. യോവാബ് അയാളുടെ വയറ്റത്തു കുത്തി; കുടൽ പുറത്തു ചാടി നിലത്തു വീണു. പിന്നെയും ഒരു കുത്തുകൂടി വേണ്ടിവന്നില്ല; അയാൾ മരിച്ചു. പിന്നീട് യോവാബും സഹോദരനായ അബീശായിയും കൂടി ബിക്രിയുടെ പുത്രനായ ശേബയെ പിന്തുടർന്നു. 11യോവാബിന്റെ സൈനികരിൽ ഒരാൾ അമാസയുടെ മൃതശരീരത്തിന്റെ അടുത്തുനിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിന്റെയും ദാവീദിന്റെയും പക്ഷത്തുള്ളവർ യോവാബിനെ അനുഗമിക്കട്ടെ.” 12അമാസയുടെ ജഡം രക്തത്തിൽ കുളിച്ചു വഴിമധ്യേ കിടക്കുകയായിരുന്നു. ആ വഴി വന്നവർ അതു നോക്കിനിന്നതുകൊണ്ട് അയാൾ അമാസയുടെ ജഡം വയലിലേക്കു വലിച്ചുമാറ്റി, ഒരു തുണികൊണ്ട് അതു മൂടി. 13അയാളുടെ ശരീരം വഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ശേബയെ പിടികൂടാൻ യോവാബിനെ അനുഗമിച്ചു. 14ശേബ സകല ഇസ്രായേൽഗോത്രക്കാരുടെയും ഇടയിൽക്കൂടി കടന്ന് ആബേൽ-ബേത്ത്മാഖ എന്ന പട്ടണത്തിൽ എത്തി; ബിക്രിയുടെ വംശത്തിൽപ്പെട്ട സകലരും അയാളെ അനുഗമിച്ചു. 15യോവാബിന്റെ അനുയായികൾ ആ പട്ടണം വളഞ്ഞു; അതിനെതിരേ ഒരു മൺതിട്ട ഉണ്ടാക്കി; പട്ടണമതിൽ ഇടിച്ചുനിരത്താൻ തുടങ്ങി. 16അവിടെ വിവേകവതിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു; അവൾ മതിലിന്റെ മുകളിൽനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: “കേട്ടാലും, കേട്ടാലും; യോവാബ് ഇവിടംവരെ ഒന്നു വരാൻ പറയണേ; അദ്ദേഹത്തോടു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” 17യോവാബ് അവളുടെ അടുത്തു ചെന്നു. “അങ്ങു യോവാബു തന്നെയോ” എന്നവൾ ചോദിച്ചു. “അതേ” എന്ന് അയാൾ മറുപടി പറഞ്ഞു. അവൾ യോവാബിനോടു പറഞ്ഞു: “അടിയൻ പറയുന്നതു ശ്രദ്ധിച്ചുകേട്ടാലും.” “പറയൂ” എന്നു യോവാബു പ്രതിവചിച്ചു. 18അപ്പോൾ അവൾ പറഞ്ഞു: “ആബേൽനഗരത്തിൽ ചെന്ന് ഉപദേശം സ്വീകരിക്കുവിൻ എന്ന് പണ്ടു പറയുകയും അങ്ങനെ പ്രശ്നങ്ങൾ തീർത്തുവരികയും ചെയ്തിരുന്നു. 19ഇസ്രായേലിൽ ശാന്തതയും വിശ്വസ്തതയും ഉള്ളവരിൽ ഒരുവളാണു ഞാൻ. ഇസ്രായേലിലെ ഒരു അമ്മയായ ഈ നഗരത്തെയാണ് അങ്ങ് നശിപ്പിക്കാൻ ഒരുങ്ങുന്നത്. സർവേശ്വരന്റെ അവകാശത്തിൽപ്പെട്ട ഈ നഗരം അങ്ങ് എന്തിനു നശിപ്പിക്കുന്നു?” 20യോവാബ് പറഞ്ഞു: “നിങ്ങളുടെ പട്ടണത്തെ നശിപ്പിക്കാനോ തകർക്കാനോ എനിക്ക് അശ്ശേഷം ആഗ്രഹമില്ല; ഞാൻ അങ്ങനെ ചെയ്യുകയില്ല; ഞങ്ങളുടെ ലക്ഷ്യം അതല്ല. 21എഫ്രയീംമലനാട്ടിലെ ബിക്രിയുടെ പുത്രൻ ശേബ ദാവീദുരാജാവിനെതിരെ മത്സരം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ കൈയിൽ അവനെ ഏല്പിച്ചുതരിക; ഞങ്ങൾ പിൻവാങ്ങിക്കൊള്ളാം.” “അവന്റെ തല മതിലിന്റെ മുകളിൽക്കൂടി എറിഞ്ഞുതരാം” എന്നവൾ പറഞ്ഞു. 22അവൾ പട്ടണനിവാസികളെ സമീപിച്ചു; തന്റെ ബുദ്ധിവൈഭവംകൊണ്ട് അവൾ അവരെ അതിനു സമ്മതിപ്പിച്ചു. അവർ ശേബയുടെ തല വെട്ടിയെടുത്ത് മതിലിന്റെ മുകളിൽക്കൂടി യോവാബിന്റെ അടുക്കലേക്ക് എറിഞ്ഞുകൊടുത്തു. അപ്പോൾ അയാൾ കാഹളം ഊതി; സൈനികർ പട്ടണം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി; യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുത്തേക്കും പോയി.
ദാവീദിന്റെ ഉദ്യോഗസ്ഥന്മാർ
23യോവാബ് ഇസ്രായേൽസൈന്യത്തിന്റെയെല്ലാം അധിപനായിരുന്നു. യെഹോയാദയുടെ പുത്രനായ ബെനായാ രാജാവിന്റെ അംഗരക്ഷകരായ ക്രേത്യരുടെയും പെലേത്യരുടെയും അധിപനും 24അദോരാം അടിമകളുടെ തലവനും അഹീലൂദിന്റെ പുത്രൻ യെഹോശാഫാത്ത് എഴുത്തുകാരനും 25ശെവാ കാര്യദർശിയും സാദോക്കും അബ്യാഥാരും പുരോഹിതന്മാരും ആയിരുന്നു. 26യായീർകാരനായ ഈരയും ദാവീദിന്റെ പുരോഹിതഗണത്തിൽ ഒരാളായിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 20: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക