2 SAMUELA 17:1-14

2 SAMUELA 17:1-14 MALCLBSI

അഹീഥോഫെൽ അബ്ശാലോമിനോടു ചോദിച്ചു: “ഞാൻ പന്തീരായിരം പേരെ കൂട്ടിക്കൊണ്ട് ഈ രാത്രിതന്നെ ദാവീദിനെ പിന്തുടരട്ടേ? ക്ഷീണിച്ചും അധൈര്യപ്പെട്ടുമിരിക്കുന്ന ഈ സമയത്ത് അയാളെ ഞാൻ ആക്രമിച്ചു പരിഭ്രാന്തനാക്കും; കൂടെയുള്ളവരെല്ലാം ഓടിപ്പോകുകയും ചെയ്യും. രാജാവിനെ മാത്രമേ ഞാൻ കൊല്ലുകയുള്ളൂ; മണവാളന്റെ അടുക്കലേക്കു വരുന്ന മണവാട്ടിയെപ്പോലെ അയാളുടെ അനുചരന്മാരെല്ലാം അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാൻ ഞാൻ ഇടയാക്കും. ഒരാളെ മാത്രം കൊല്ലുവാനേ അങ്ങ് ആഗ്രഹിക്കുന്നുള്ളല്ലോ; മറ്റുള്ളവരെല്ലാം സുരക്ഷിതരായിരിക്കും.” ഈ ഉപദേശം അബ്ശാലോമിനും കൂടെയുള്ള സകല ഇസ്രായേൽനേതാക്കന്മാർക്കും ഇഷ്ടപ്പെട്ടു. “ഹൂശായിയെക്കൂടി വിളിക്കുക. അവനു പറയാനുള്ളതുകൂടി കേൾക്കാമല്ലോ” അബ്ശാലോം പറഞ്ഞു. ഹൂശായി അടുത്തുവന്നപ്പോൾ, അബ്ശാലോം അയാളോട്, അഹീഥോഫെലിന്റെ അഭിപ്രായം പറഞ്ഞു. “അതുപോലെ ചെയ്കയാണോ വേണ്ടത്? നീ എന്തു പറയുന്നു” എന്നു ചോദിച്ചു. ഹൂശായി പറഞ്ഞു: “അഹീഥോഫെൽ ഇത്തവണ നല്‌കിയ ഉപദേശം ശരിയല്ല; അങ്ങയുടെ പിതാവും അനുയായികളും കരുത്തന്മാരാണ്. കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെപ്പോലെ അവർ ക്ഷോഭിച്ചിരിക്കുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. മാത്രമല്ല അങ്ങയുടെ പിതാവ് യുദ്ധനിപുണനുമാണ്. അയാൾ ജനത്തോടൊത്തു രാത്രി പാർക്കുകയില്ല; ഇപ്പോൾത്തന്നെ ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയായിരിക്കും. അങ്ങയുടെ സൈന്യത്തെ ദാവീദ് ആക്രമിക്കുകയും ആരെങ്കിലും വധിക്കപ്പെടുകയും ചെയ്താൽ അബ്ശാലോമിന്റെ ആളുകളുടെ ഇടയിൽ ഒരു കൂട്ടക്കൊല നടന്നു എന്ന വാർത്ത പരക്കും. അങ്ങനെ സംഭവിച്ചാൽ സിംഹത്തെപ്പോലെ ധീരന്മാരായവർപോലും ഭയവിഹ്വലരാകും. അങ്ങയുടെ പിതാവ് ധീരയോദ്ധാവും കൂടെയുള്ളവർ ശൂരന്മാരുമാണെന്ന് ഇസ്രായേല്യർക്കെല്ലാം അറിയാം. അതുകൊണ്ട് എന്റെ അഭിപ്രായം ഇതാണ്: ദാൻ മുതൽ ബേർ-ശേബാവരെ കടൽക്കരയിലെ മണൽത്തരിപോലെ അസംഖ്യമായുള്ള ഇസ്രായേൽജനത്തെ ഒരുമിച്ചുകൂട്ടണം; അങ്ങുതന്നെ അവരെ യുദ്ധത്തിൽ നയിക്കണം. എവിടെ ആയിരുന്നാലും ദാവീദിനെ നമുക്കു കണ്ടുപിടിക്കാം; കാണുന്നിടത്തുവച്ചു മഞ്ഞുതുള്ളി നിലത്തു വീഴുന്നതുപോലെ നാം അയാളുടെമേൽ ചാടിവീഴും. അപ്പോൾ രാജാവോ കൂടെയുള്ള ജനമോ ജീവനോടെ ശേഷിക്കുകയില്ല. അയാൾ ഏതെങ്കിലും ഒരു പട്ടണത്തിൽ പ്രവേശിച്ചാൽ നാമെല്ലാവരുംകൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്‌വരയിലേക്കു വലിച്ചിടും. അവിടെ ഒരു കൽത്തുണ്ടുപോലും ശേഷിക്കുകയില്ല.” ഇതു കേട്ട് അബ്ശാലോമും ഇസ്രായേല്യരെല്ലാവരും പറഞ്ഞു: “അർഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അഹീഥോഫെലിൻറേതിലും മെച്ചം.” അബ്ശാലോമിന് അനർഥം സംഭവിക്കത്തക്കവിധം അഹീഥോഫെലിന്റെ നല്ല ആലോചന വ്യർഥമായിത്തീരാൻ സർവേശ്വരൻ നിശ്ചയിച്ചിരുന്നു.

2 SAMUELA 17 വായിക്കുക