ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സർവേശ്വരന്റെ ശിക്ഷയാൽ രോഗിയായിത്തീർന്നു. കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോട് ഉപവസിച്ചു പ്രാർഥിച്ചു. അദ്ദേഹം രാത്രി മുഴുവൻ നിലത്തുതന്നെ കിടന്നു. രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാൻ കൊട്ടാരത്തിലെ പ്രമാണിമാർ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല. ഏഴാം ദിവസം കുട്ടി മരിച്ചു; ഈ വിവരം രാജാവിനെ അറിയിക്കാൻ ദാസന്മാർ ഭയപ്പെട്ടു. അവർ തമ്മിൽ പറഞ്ഞു: “കുഞ്ഞു ജീവനോടിരുന്നപ്പോൾപോലും നാം പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചില്ല; പിന്നെ കുഞ്ഞു മരിച്ച വിവരം എങ്ങനെ പറയും? അദ്ദേഹം വല്ല സാഹസവും കാണിച്ചേക്കും.” ഭൃത്യന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചു എന്നു രാജാവു മനസ്സിലാക്കി. “കുഞ്ഞു മരിച്ചുവോ” എന്ന് അദ്ദേഹം ചോദിച്ചു. “മരിച്ചുപോയി” എന്നവർ പറഞ്ഞു. ഉടൻ തന്നെ ദാവീദ് നിലത്തുനിന്നെഴുന്നേറ്റു; കുളിച്ചു തൈലം പൂശി വസ്ത്രം മാറി ദേവാലയത്തിൽ ചെന്നു സർവേശ്വരനെ ആരാധിച്ചു. പിന്നീടു കൊട്ടാരത്തിൽ മടങ്ങിവന്നു. അദ്ദേഹത്തിന്റെ കല്പനപ്രകാരം അവർ ഭക്ഷണം കൊണ്ടുവന്നുവച്ചു; അദ്ദേഹം അതു ഭക്ഷിച്ചു. ഭൃത്യന്മാർ ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ അവിടുന്ന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചപ്പോൾ അങ്ങ് എഴുന്നേറ്റു ഭക്ഷണം കഴിച്ചല്ലോ?” രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു. സർവേശ്വരൻ കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാൻ ആശിച്ചു. ഇപ്പോഴാകട്ടെ അവൻ മരിച്ചുപോയി; ഇനിയും ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ വീണ്ടും ജീവിപ്പിക്കാൻ എനിക്കു കഴിയുമോ? എനിക്ക് അവന്റെ അടുക്കലേക്കു പോകാമെന്നല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങി വരികയില്ലല്ലോ.” ദാവീദു തന്റെ ഭാര്യ ബത്ത്-ശേബയെ സമാശ്വസിപ്പിച്ചു; അദ്ദേഹം വീണ്ടും അവളെ പ്രാപിച്ചു. അവൾ ഒരു മകനെ പ്രസവിച്ചു. രാജാവ് അവനു ശലോമോൻ എന്നു പേരിട്ടു. സർവേശ്വരൻ അവനെ സ്നേഹിച്ചു; സർവേശ്വരൻ നിയോഗിച്ചതനുസരിച്ചു നാഥാൻപ്രവാചകൻ അവന് യദീദ്യാ എന്നു പേർ വിളിച്ചു.
2 SAMUELA 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 12:15-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ