2 SAMUELA 1

1
ശൗലിന്റെ മരണവാർത്ത
1ശൗലിന്റെ മരണശേഷം അമാലേക്യരെ കൊന്നൊടുക്കിയ ദാവീദ് സിക്ലാഗിൽ തിരിച്ചെത്തി രണ്ടു ദിവസം അവിടെ പാർത്തു. 2മൂന്നാം ദിവസം ശൗലിന്റെ പാളയത്തിൽനിന്ന് ഒരു യുവാവു വസ്ത്രം പിച്ചിച്ചീന്തിയും തലയിൽ പൂഴി വാരിയിട്ടും ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്കരിച്ചു. 3അവനോട്: “നീ എവിടെനിന്നു വരുന്നു” എന്നു ദാവീദു ചോദിച്ചപ്പോൾ, “ഇസ്രായേൽപാളയത്തിൽനിന്നു ഞാൻ ഓടിപ്പോന്നതാണ്” എന്ന് അവൻ മറുപടി പറഞ്ഞു. 4“എന്തുണ്ടായി? എന്നോടു പറയുക” എന്നു ദാവീദ് വീണ്ടും ചോദിച്ചു. “നമ്മുടെ സൈന്യം തോറ്റോടി, അവരിൽ അനേകം പേർ കൊല്ലപ്പെട്ടു; ശൗലും പുത്രനായ യോനാഥാനും സംഹരിക്കപ്പെട്ടു.” എന്ന് അവൻ പറഞ്ഞു. 5ദാവീദു പിന്നെയും ചോദിച്ചു: “ശൗലും യോനാഥാനും കൊല്ലപ്പെട്ടു എന്നു നീ എങ്ങനെ അറിഞ്ഞു?” അവൻ പറഞ്ഞു: 6“യദൃച്ഛയാ ഞാൻ ഗിൽബോവ മലയിലെത്തി; അവിടെ ശൗൽ കുന്തം ഊന്നി നില്‌ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പട്ടാളവും ശൗലിനെ സമീപിക്കുന്നതും കണ്ടു. 7ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ കണ്ടു; അദ്ദേഹം എന്നെ വിളിച്ചു; ഞാൻ വിളികേട്ടു. 8‘നീ ആരാണ്’ എന്നു തിരക്കിയപ്പോൾ ‘ഞാൻ ഒരു അമാലേക്യ’നെന്നു മറുപടി നല്‌കി. 9‘വന്ന് എന്നെ കൊല്ലുക; ഞാൻ മരണവേദനയിലാണ്; ജീവൻ ഉണ്ടെന്നു മാത്രം’ എന്ന് അദ്ദേഹം പറഞ്ഞു. 10ഉടനെ ഞാൻ അടുത്തുചെന്ന് അദ്ദേഹത്തെ വധിച്ചു; വീണാലുടൻ അദ്ദേഹം മരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; അദ്ദേഹം ധരിച്ചിരുന്ന കിരീടവും തോൾവളയും ഞാൻ എടുത്തു; അവ ഇതാ ഞാൻ കൊണ്ടുവന്നിരിക്കുന്നു.” 11അപ്പോൾ ദാവീദ് തന്റെ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു. 12ശൗലും പുത്രനായ യോനാഥാനും സർവേശ്വരന്റെ ജനവും ഇസ്രായേൽകുടുംബാംഗങ്ങളും വധിക്കപ്പെട്ടതിനാൽ അവർ ദുഃഖിച്ചു വിലപിച്ചുകൊണ്ട് അവർ സന്ധ്യവരെ ഉപവസിച്ചു. 13“നീ എവിടത്തുകാരൻ” എന്നു ദാവീദ് ആ യുവാവിനോടു ചോദിച്ചു. “ഞാൻ നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു അമാലേക്യൻ” എന്നു യുവാവു പ്രതിവചിച്ചു. 14“സർവേശ്വരന്റെ അഭിഷിക്തനെ വധിക്കാൻ നീ എങ്ങനെ ധൈര്യപ്പെട്ടു” എന്നു ദാവീദ് ചോദിച്ചു. 15അദ്ദേഹം ഭൃത്യന്മാരിൽ ഒരാളെ വിളിച്ച് “അവനെ കൊന്നുകളയുക” എന്നു കല്പിച്ചു. അയാൾ അമാലേക്യനെ വെട്ടിക്കൊന്നു. 16ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്റെ മരണത്തിന് ഉത്തരവാദി നീ തന്നെ. സർവേശ്വരന്റെ അഭിഷിക്തനെ കൊന്നു എന്നു നീതന്നെ നിനക്കെതിരായി സാക്ഷ്യം പറഞ്ഞുവല്ലോ.”
ദാവീദിന്റെ വിലാപം
17ശൗലിനെയും അദ്ദേഹത്തിന്റെ പുത്രൻ യോനാഥാനെയുംകുറിച്ചു ദാവീദ് ഒരു വിലാപഗാനം പാടി: 18യെഹൂദ്യയിലെ ജനത്തെ ഈ ഗാനം പഠിപ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു. ശൂരന്മാരുടെ പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
19ഇസ്രായേലേ, നിന്റെ ഗിരികളിൽ മഹത്ത്വം നിഹനിക്കപ്പെട്ടു;
ശക്തന്മാർ വീണുപോയതെങ്ങനെ?
20ഗത്തിൽ ഇതു ഘോഷിക്കരുത്;
അസ്കലോൻ തെരുവുകളിൽ പ്രസിദ്ധമാക്കരുത്.
ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കാതിരിക്കട്ടെ
വിജാതീയപുത്രിമാർ ആർപ്പിടാതിരിക്കട്ടെ
21ഗിൽബോവാ ഗിരികളിൽ മഞ്ഞും മഴയും പെയ്യാതിരിക്കട്ടെ.
അഗാധതയിൽനിന്ന് ഉറവ പുറപ്പെടാതിരിക്കട്ടെ.
വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത് അവിടെയാണല്ലോ.
ശൗലിന്റെ എണ്ണയിടാത്ത പരിച അവിടെയാണല്ലോ കിടക്കുന്നത്.
22കൊല്ലപ്പെട്ടവരുടെ രക്തത്തിൽനിന്നും
ശക്തന്മാരുടെ മേദസ്സിൽനിന്നും
യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല.
ശൗലിന്റെ വാൾ വൃഥാ പിൻവാങ്ങിയില്ല.
23ശൗലും യോനാഥാനും പ്രീതിയുള്ളവരും സ്നേഹശീലരും ആയിരുന്നു.
ജീവിതത്തിലും മരണത്തിലും അവർ വേർപിരിഞ്ഞില്ല.
അവർ കഴുകനെക്കാൾ വേഗതയുള്ളവർ,
സിംഹത്തെക്കാൾ ബലമേറിയവർ.
24ഇസ്രായേല്യവനിതകളേ, ശൗലിനെച്ചൊല്ലി വിലപിക്കുവിൻ.
അവൻ നിങ്ങളെ മോടിയായി രക്താംബരം ധരിപ്പിച്ചു
ഉടയാടകളിൽ പൊന്നാഭരണം അണിയിച്ചു.
25യുദ്ധത്തിൽ വീരന്മാർ എങ്ങനെ നിലംപതിച്ചു?
നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ
26യോനാഥാനേ, എന്റെ സഹോദരാ നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു
നീ എന്റെ ആത്മസുഹൃത്തായിരുന്നു;
എന്നോടുള്ള നിന്റെ സ്നേഹം എത്ര അദ്ഭുതകരം
അതു സ്‍ത്രീകളുടെ പ്രേമത്തെക്കാൾ അഗാധം
27ശക്തന്മാർ എങ്ങനെ നിലംപതിച്ചു?
അവരുടെ ആയുധങ്ങൾ എങ്ങനെ നശിച്ചു?

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക