2 PETERA 3

3
കർത്താവിന്റെ വരവിനെക്കുറിച്ചുള്ള വാഗ്ദാനം
1പ്രിയപ്പെട്ടവരേ, ഇത് ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങൾ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സിൽ ശുദ്ധവിചാരങ്ങൾ ഉണർത്തുവാൻ ഞാൻ ശ്രമിക്കുകയാണ്. 2വിശുദ്ധപ്രവാചകന്മാർ മുൻകൂട്ടി അറിയിച്ച കാര്യങ്ങളും, കർത്താവും രക്ഷകനുമായവൻ നിങ്ങളുടെ അപ്പോസ്തോലന്മാർ മുഖേന നല്‌കിയ കല്പനയും നിങ്ങൾ അനുസ്മരിക്കണം. 3അധമവികാരങ്ങൾക്കു വിധേയരായി ജീവിക്കുന്ന മതനിന്ദകർ അന്ത്യനാളുകളിൽ വരുമെന്നുള്ളത് ആദ്യമായി നിങ്ങൾ മനസ്സിലാക്കണം. 4‘അവിടുത്തെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? നമ്മുടെ പിതാക്കന്മാർ അന്തരിച്ചു കഴിഞ്ഞു. എന്നാൽ പ്രപഞ്ചസൃഷ്‍ടിമുതൽ സകലവും അന്നത്തെ സ്ഥിതിയിൽത്തന്നെ തുടരുന്നു’ എന്ന് അവർ പറയുന്നു. 5ദൈവത്തിന്റെ വചനത്താൽ ആദിയിൽ ആകാശവും ഭൂമിയും ഉണ്ടായി എന്ന വസ്തുത അവർ മനഃപൂർവം വിസ്മരിക്കുന്നു. 6വെള്ളത്തിൽനിന്ന് വെള്ളം മുഖേന ഭൂമി രൂപംപൂണ്ടു. അന്നത്തെ ലോകം ജലപ്രളയത്തിൽ നശിച്ചുപോയി. 7എന്നാൽ അഭക്തരായ മനുഷ്യരെ വിധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാളിൽ, ഇപ്പോഴത്തെ ആകാശവും ഭൂമിയും അഗ്നിയിൽ വെന്തു വെണ്ണീറാക്കപ്പെടുന്നതിനുവേണ്ടി അതേ വചനത്താൽത്തന്നെ കാത്തുസൂക്ഷിക്കപ്പെടുന്നു.
8പ്രിയപ്പെട്ടവരേ, കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയുമാണെന്നുള്ളത് നിങ്ങൾ മറക്കരുത്. 9ചിലർ കരുതുന്നതുപോലെ, തന്റെ വാഗ്ദാനം നിറവേറ്റുവാൻ കർത്താവു കാലവിളംബം വരുത്തുകയില്ല. എന്നാൽ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തിൽനിന്നു പിൻതിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീർഘകാലം ക്ഷമിക്കുന്നു.
10കർത്താവിന്റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കൾ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും #3:10 ‘തിരോധാനം ചെയ്യും’ - ചില കൈയെഴുത്തു പ്രതികളിൽ ‘ദൃശ്യമാകും’ എന്നും വേറെ ചിലതിൽ ‘കത്തി എരിയും’ എന്നുമാണ്.തിരോധാനം ചെയ്യും.
11പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങൾ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്. 12ദൈവത്തിന്റെ ദിവസത്തിനുവേണ്ടി നിങ്ങൾ കാത്തിരിക്കുകയും അതിന്റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കൾ വെന്തുരുകും! 13എന്നാൽ അവിടുത്തെ വാഗ്ദാനമനുസരിച്ച് നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി നാം കാത്തിരിക്കുന്നു.
14അതിനാൽ പ്രിയപ്പെട്ടവരേ, അങ്ങനെ നിങ്ങൾ കാത്തിരിക്കുന്നതുകൊണ്ട്, കറയും കളങ്കവും ഇല്ലാത്തവരും സമാധാനത്തോടുകൂടിയവരുമായി നിങ്ങളെ അവിടുന്നു കണ്ടെത്തുന്നതിന് അത്യുത്സുകരായി വർത്തിക്കുക. നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷിക്കപ്പെടാനുള്ള അവസരമായി കരുതിക്കൊള്ളണം. 15നമ്മുടെ പ്രിയ സഹോദരനായ പൗലൊസും, തനിക്കു ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം, 16തന്റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ, ഇതിനെക്കുറിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. അവയിൽ ചിലത് ദുർഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരും ആയ ചിലർ മറ്റു വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ച് തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു.
17അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇക്കാര്യം നിങ്ങൾ മുൻകൂട്ടി അറിഞ്ഞ് അധർമികളുടെ കെണിയിൽ കുടുങ്ങി നിങ്ങളുടെ സ്ഥൈര്യം നഷ്ടപ്പെടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. 18നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവിടുത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും വളരുക. അവിടുത്തേക്ക് ഇന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 PETERA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക