2 PETERA 2:1-10

2 PETERA 2:1-10 MALCLBSI

എന്നാൽ വ്യാജപ്രവാചകന്മാരും ഇസ്രായേൽജനതയിൽ ഉണ്ടായിട്ടുണ്ട്. അവരെപ്പോലെയുള്ള ദുരുപദേഷ്ടാക്കൾ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവർ വിനാശകരമായ വിരുദ്ധോപദേശങ്ങൾ രഹസ്യമായി കൊണ്ടുവരും. എന്നുമാത്രമല്ല, തങ്ങളെ വിലകൊടുത്തു വീണ്ടെടുത്ത നാഥനെ തള്ളിപ്പറഞ്ഞുകൊണ്ടു തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും. അവരുടെ ദുർവൃത്തികളെ പലരും അനുകരിക്കും. അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. ദ്രവ്യാഗ്രഹം മൂലം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണം ചെയ്യും. അവരുടെ ന്യായവിധി മുൻപുതന്നെ നടന്നുകഴിഞ്ഞു. അതു സുശക്തമായി നിലവിലിരിക്കുന്നു. വിനാശം അവരെ വിഴുങ്ങുവാൻ ജാഗരൂകമായിരിക്കുന്നു. പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗർത്തങ്ങളിൽ അന്ത്യവിധിനാൾവരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കുന്നു. പുരാതനലോകത്തെയും ദൈവം ഒഴിവാക്കിയില്ല. ദൈവഭയമില്ലാത്ത ജനത്തിന്മേൽ അവിടുന്നു പ്രളയം വരുത്തി. എന്നാൽ നീതിയുടെ വക്താവായ നോഹയെ വേറെ ഏഴുപേരോടുകൂടി ദൈവം കാത്തു രക്ഷിച്ചു. സോദോം ഗോമോറാ പട്ടണങ്ങളെ ചുട്ടുകരിച്ച് ദൈവം ന്യായം വിധിച്ചു. അവ ദൈവഭയമില്ലാത്ത ജനങ്ങൾക്ക് എന്തു സംഭവിക്കും എന്നതിനു ദൃഷ്ടാന്തമായിത്തീർന്നു. ആ ദുഷ്ടജനത്തിന്റെ ഇടയിൽ ജീവിക്കുമ്പോൾ നീതിമാനായ ലോത്ത് അധർമികളായ അവരുടെ കാമാസക്തമായ ദുർവൃത്തികൾ ദിനംതോറും കാണുകയും കേൾക്കുകയും ചെയ്ത് മനംനൊന്തു വലഞ്ഞു. ദൈവം അദ്ദേഹത്തെ വിടുവിച്ചു. തന്റെ ഭക്തജനങ്ങളെ പരീക്ഷയിൽനിന്നു രക്ഷിക്കുവാനും അധർമികളെ പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാൽ ആസക്തരായി ദൈവത്തിന്റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാൾവരെ സൂക്ഷിക്കുവാനും കർത്താവിന് അറിയാം. ധാർഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടർ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാൻ ശങ്കിക്കുന്നില്ല.

2 PETERA 2 വായിക്കുക