സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നയമാൻ. അയാൾ മുഖാന്തരം സർവേശ്വരൻ സിറിയായ്‍ക്കു വിജയം നല്‌കിയിരുന്നതുകൊണ്ട് രാജാവ് അയാളെ മഹാനായി കരുതി ബഹുമാനിച്ചു. നയമാൻ വീരപരാക്രമി ആയിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു. സിറിയാക്കാർ ഒരിക്കൽ ഇസ്രായേലിൽ കവർച്ച നടത്തിയപ്പോൾ ഒരു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയെ പരിചരിച്ചുപോന്നു; ഒരു ദിവസം അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു: “ശമര്യയിൽ പാർക്കുന്ന പ്രവാചകന്റെ അടുക്കലേക്ക് എന്റെ യജമാനൻ പോയിരുന്നെങ്കിൽ അദ്ദേഹം എന്റെ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.” അങ്ങനെ നയമാൻ രാജാവിന്റെ അടുക്കൽ ചെന്ന് പെൺകുട്ടി പറഞ്ഞ കാര്യം അറിയിച്ചു. “ഞാൻ തരുന്ന കത്തുമായി ഇസ്രായേൽരാജാവിന്റെ അടുക്കലേക്ക് ഉടൻ പോകുക.” സിറിയാരാജാവ് നയമാനോട് കല്പിച്ചു. അയാൾ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ സ്വർണവും പത്തു വിശിഷ്ട വസ്ത്രങ്ങളുമായി പുറപ്പെട്ടു. അദ്ദേഹം കത്ത് ഇസ്രായേൽരാജാവിനെ ഏല്പിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “ഈ എഴുത്തുമായി വരുന്ന എന്റെ ദാസനായ നയമാനെ കുഷ്ഠരോഗം മാറ്റി സുഖപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.” കത്തു വായിച്ചപ്പോൾ ഇസ്രായേൽരാജാവ് വസ്ത്രം കീറി. അദ്ദേഹം പറഞ്ഞു: “കുഷ്ഠരോഗിയെ സുഖപ്പെടുത്താൻ അയാൾ എന്നോട് ആവശ്യപ്പെടുന്നു; ഞാൻ മരണത്തിന്റെയും ജീവന്റെയുംമേൽ അധികാരമുള്ള ദൈവമാണോ? എന്നോടു യുദ്ധം ചെയ്യാൻ അയാൾ കാരണം ഉണ്ടാക്കുന്നതു കണ്ടില്ലേ?” എലീശ ഇതു കേട്ട് ഒരു ദൂതനെ അയച്ച് രാജാവിനോടു പറഞ്ഞു: “അങ്ങ് എന്തിനാണു വസ്ത്രം കീറിയത്? അയാൾ എന്റെ അടുക്കൽ വരട്ടെ; ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്നു ഞാൻ അയാളെ ബോധ്യപ്പെടുത്തും.” നയമാൻ രഥങ്ങളും കുതിരകളുമായി എലീശയുടെ വീട്ടുപടിക്കൽ എത്തി. എലീശ ഒരു ദൂതനെ അയച്ച് നയമാനെ അറിയിച്ചു: “നീ പോയി ഏഴു പ്രാവശ്യം യോർദ്ദാൻനദിയിൽ കുളിക്കുക; അപ്പോൾ നിന്റെ ശരീരം പൂർവസ്ഥിതിയിലായി നീ ശുദ്ധനാകും.” നയമാൻ കുപിതനായി മടങ്ങിപ്പോയി; അയാൾ സ്വയം പറഞ്ഞു: “അയാൾ എന്റെ അടുക്കൽ ഇറങ്ങിവന്ന് തന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിക്കുമെന്നും തന്റെ കൈ വീശി കുഷ്ഠരോഗം സുഖപ്പെടുത്തുമെന്നും ഞാൻ വിചാരിച്ചു. ദമാസ്ക്കസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലെ ഏതൊരു നദിയെക്കാളും വിശിഷ്ടമല്ലേ? അവയിൽ കുളിച്ച് എനിക്ക് ശുദ്ധനാകാമല്ലോ.” ഇങ്ങനെ ക്രുദ്ധനായി അയാൾ അവിടെനിന്നു മടങ്ങിപ്പോയി. എന്നാൽ ഭൃത്യന്മാർ അടുത്തുവന്നു പറഞ്ഞു: “പ്രഭോ, ഇതിലും വലിയ കാര്യം ചെയ്യാനാണ് പ്രവാചകൻ പറഞ്ഞിരുന്നതെങ്കിൽ അങ്ങു ചെയ്യാതിരിക്കുമോ? അങ്ങനെയെങ്കിൽ ‘കുളിച്ചു ശുദ്ധനാകുക’ എന്നു പറയുമ്പോൾ അത് അനുസരിക്കേണ്ടതല്ലേ.” ഇതു കേട്ടു നയമാൻ പോയി പ്രവാചകൻ പറഞ്ഞതുപോലെ യോർദ്ദാൻനദിയിൽ ഏഴു പ്രാവശ്യം മുങ്ങി; അയാൾ പൂർണസൗഖ്യം പ്രാപിച്ചു; ശരീരം ഒരു ശിശുവിൻറേതുപോലെയായി.
2 LALTE 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 LALTE 5:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ