2 LALTE 3:1-12

2 LALTE 3:1-12 MALCLBSI

യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ഭരണവർഷം ശമര്യയിൽ ആഹാബിന്റെ പുത്രനായ യെഹോരാം ഇസ്രായേലിന്റെ രാജാവായി; അയാൾ പന്ത്രണ്ടു വർഷം ഭരിച്ചു. യെഹോരാം സർവേശ്വരന് അനിഷ്ടമായി പ്രവർത്തിച്ചു; എങ്കിലും തന്റെ മാതാപിതാക്കളെപ്പോലെ ദുഷ്ടത പ്രവർത്തിച്ചില്ല. പിതാവ് നിർമ്മിച്ച ബാൽവിഗ്രഹം അയാൾ നീക്കിക്കളഞ്ഞു. എങ്കിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യെരോബെയാമിന്റെ വഴികളിൽനിന്നു വിട്ടുമാറാതെ പാപപ്രവൃത്തികൾ ചെയ്തുപോന്നു. മോവാബുരാജാവായ മേശ ധാരാളം ആടുകളെ വളർത്തിയിരുന്നു. അയാൾ വർഷംതോറും ഇസ്രായേൽരാജാവിന് ഒരുലക്ഷം കുഞ്ഞാടുകളെയും ഒരുലക്ഷം മുട്ടാടുകളുടെ രോമവും കൊടുക്കേണ്ടിയിരുന്നു. ആഹാബിന്റെ മരണശേഷം മോവാബുരാജാവ് ഇസ്രായേൽരാജാവിനോട് കലഹിച്ചു. അപ്പോൾ യെഹോരാം രാജാവ് ശമര്യയിൽനിന്നു വന്ന് ഇസ്രായേൽജനത്തെയെല്ലാം ഒരുമിച്ചുകൂട്ടി. അയാൾ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “മോവാബ് രാജാവ് എന്നെ എതിർത്ത് കലാപം ഉണ്ടാക്കുന്നു. അയാളോടു യുദ്ധം ചെയ്യുന്നതിന് അങ്ങ് എന്റെകൂടെ പോരുമോ” എന്നു ചോദിച്ചു. “ഞാൻ അങ്ങയെപ്പോലെയും എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെയും എന്റെ കുതിരകൾ അങ്ങയുടെ കുതിരകളെപ്പോലെയും വർത്തിക്കും” എന്ന് യെഹോശാഫാത്ത് മറുപടി പറഞ്ഞു. “നാം ഏതുവഴി നീങ്ങണം” യെഹോശാഫാത്ത് ചോദിച്ചു; “എദോംമരുഭൂമിയിലൂടെ പോകാം” യെഹോരാം പറഞ്ഞു. അങ്ങനെ ഇസ്രായേൽരാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും കൂടി പുറപ്പെട്ടു. വളഞ്ഞ പാതയിലൂടെ ഏഴു ദിവസത്തെ യാത്ര കഴിഞ്ഞപ്പോൾ അവർ സംഭരിച്ചിരുന്ന വെള്ളം തീർന്നു. സൈനികർക്കും അവരെ അനുഗമിച്ച മൃഗങ്ങൾക്കും കുടിക്കാൻ വെള്ളം ഇല്ലാതെയായി. അപ്പോൾ ഇസ്രായേൽരാജാവു പറഞ്ഞു: “കഷ്ടം! സർവേശ്വരൻ ഈ മൂന്നുരാജാക്കന്മാരെയും വിളിച്ചുവരുത്തി മോവാബ്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ.” യെഹോശാഫാത്ത് ചോദിച്ചു: “സർവേശ്വരന്റെ ഹിതം ആരായുന്നതിന് അവിടുത്തെ ഒരു പ്രവാചകനും ഇവിടെയില്ലേ?” ഇസ്രായേൽരാജാവിന്റെ ഒരു ഭൃത്യൻ പറഞ്ഞു: “ഏലിയായുടെ സഹായിയും ശാഫാത്തിന്റെ പുത്രനുമായ എലീശ എന്നൊരാൾ ഉണ്ട്.” യെഹോശാഫാത്ത് പറഞ്ഞു: “അദ്ദേഹം ഒരു യഥാർഥ പ്രവാചകൻതന്നെ.” അങ്ങനെ ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും എദോംരാജാവും എലീശയുടെ അടുക്കൽ ചെന്നു.

2 LALTE 3 വായിക്കുക