2 LALTE 23
23
യോശീയായുടെ നവീകരണം
(2 ദിന. 34:3-7, 29-33)
1രാജാവ് യെഹൂദ്യയിലെയും യെരൂശലേമിലെയും ജനപ്രമുഖന്മാരെ ആളയച്ചു വരുത്തി. 2യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ സകലരും സർവേശ്വരമന്ദിരത്തിൽ അദ്ദേഹത്തോടൊത്തു ചെന്നു. അവിടെനിന്നു കിട്ടിയ നിയമഗ്രന്ഥത്തിലെ വാക്യങ്ങൾ അവരെല്ലാം കേൾക്കെ രാജാവ് വായിച്ചു. 3രാജാവ് സ്തംഭത്തിനരികെ നിന്നുകൊണ്ട് നിയമഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും സർവാത്മനാ പാലിച്ച് സർവേശ്വരനെ അനുഗമിക്കുമെന്ന് അവിടുത്തെ നാമത്തിൽ ഉടമ്പടി ചെയ്തു. ജനമെല്ലാം ആ ഉടമ്പടിയിൽ പങ്കുചേർന്നു. 4ബാലിനും അശേരായ്‍ക്കും വാനഗോളങ്ങൾക്കുംവേണ്ടി ഉണ്ടാക്കിയിരുന്ന പാത്രങ്ങൾ സർവേശ്വരന്റെ ആലയത്തിൽനിന്നു പുറത്തുകൊണ്ടുവരാൻ മഹാപുരോഹിതനായ ഹില്‌ക്കീയായോടും മറ്റു പുരോഹിതന്മാരോടും വാതിൽകാവല്‌ക്കാരോടും രാജാവ് കല്പിച്ചു. അദ്ദേഹം അവ യെരൂശലേമിനു പുറത്തു കിദ്രോൻതാഴ്‌വരയിൽവച്ച് അഗ്നിക്കിരയാക്കി; ചാരം ബേഥേലിലേക്കു കൊണ്ടുപോയി. 5യെഹൂദാ പട്ടണങ്ങളിലും യെരൂശലേമിനു പരിസരങ്ങളിലുമുള്ള പൂജാഗിരികളിൽ യെഹൂദാരാജാക്കന്മാരുടെ നിയോഗപ്രകാരം ധൂപം അർപ്പിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രനക്ഷത്രാദികളായ ആകാശഗോളങ്ങൾക്കും ധൂപം അർപ്പിച്ചിരുന്നവരെയും രാജാവ് നീക്കിക്കളഞ്ഞു. 6ദേവാലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ യെരൂശലേമിനു പുറത്ത് എടുത്തുകൊണ്ടുപോയി കിദ്രോൻതോടിനരികെവച്ചു ചുട്ടു ചാമ്പലാക്കി. അതു പൊതുശ്മശാനസ്ഥലത്തു വിതറി. 7ദേവപ്രീതിക്കുവേണ്ടി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന പുരുഷന്മാരുടെ ദേവാലയ പരിസരത്തുണ്ടായിരുന്ന വീടുകൾ അദ്ദേഹം ഇടിച്ചുനിരത്തി. അവിടെ വച്ചായിരുന്നു സ്‍ത്രീകൾ അശേരായ്‍ക്കുവേണ്ടിയുള്ള ശീലകൾ നെയ്തിരുന്നത്. 8യെഹൂദാനഗരങ്ങളിലുണ്ടായിരുന്ന പുരോഹിതന്മാരെയെല്ലാം അദ്ദേഹം പുറത്താക്കി. ഗേബമുതൽ ബേർ-ശേബവരെ ഉണ്ടായിരുന്നതും ധൂപാർപ്പണം നടത്തിയിരുന്നതുമായ സകല പൂജാഗിരികളും അശുദ്ധമാക്കി. നഗരാധിപനായ യോശുവയുടെ പ്രവേശനകവാടത്തിന്റെ ഇടതുവശത്തുള്ള പൂജാഗിരികളും അദ്ദേഹം നശിപ്പിച്ചു. 9പൂജാഗിരികളിലെ പുരോഹിതന്മാർ യെരൂശലേമിലുള്ള സർവേശ്വരന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യാൻ വന്നില്ല. എന്നാൽ തങ്ങളുടെ പുരോഹിതന്മാരോടൊപ്പം പുളിപ്പുചേർക്കാത്ത അപ്പം അവർ ഭക്ഷിച്ചു. 10ആരും തന്റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയർപ്പിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്‌വരയിലുള്ള #23:10 തോഫത് = ദഹനസ്ഥലം.തോഫത് അദ്ദേഹം മലിനമാക്കി. 11സർവേശ്വരന്റെ ആലയത്തിനടുത്ത് ഷണ്ഡനായ നാഥാൻ-മേലെക്കിന്റെ വസതിക്കു സമീപം, ദേവാലയത്തിലേക്കുള്ള പ്രവേശനദ്വാരത്തിൽ യെഹൂദാരാജാക്കന്മാർ സൂര്യദേവനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങൾ അദ്ദേഹം നീക്കംചെയ്യുകയും സൂര്യരഥങ്ങളെ അഗ്നിക്കിരയാക്കുകയും ചെയ്തു. 12ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമ്മിച്ചിരുന്ന ബലിപീഠങ്ങളും സർവേശ്വരന്റെ ആലയത്തിലെ രണ്ട് അങ്കണങ്ങളിൽ മനശ്ശെ സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തു പൊടിയാക്കി കിദ്രോൻതോട്ടിൽ ഒഴുക്കി. 13ഇസ്രായേൽരാജാവായ ശലോമോൻ, യെരൂശലേമിനു കിഴക്കും ഒലിവുമലയ്‍ക്കു തെക്കും സ്ഥാപിച്ചിരുന്ന സീദോന്യരുടെ അസ്തോരെത്ത്, മോവാബ്യരുടെ കെമോശ്, അമ്മോന്യരുടെ മില്‌കോം എന്നീ മ്ലേച്ഛവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്ന പൂജാഗിരികൾ രാജാവു മലിനപ്പെടുത്തി. 14അദ്ദേഹം വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും അശേരാപ്രതിഷ്ഠകൾ വെട്ടിവീഴ്ത്തുകയും അവ സ്ഥാപിച്ചിരുന്ന സ്ഥലങ്ങൾ മനുഷ്യരുടെ അസ്ഥികൾകൊണ്ടു നിറയ്‍ക്കുകയും ചെയ്തു. 15ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ പുത്രൻ യെരോബെയാം ബേഥേലിൽ പണിതിരുന്ന ബലിപീഠവും പൂജാഗിരികളും രാജാവ് ഇടിച്ചുനിരത്തി; പൂജാഗിരിയും അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി. 16യോശീയാ തിരിഞ്ഞുനോക്കിയപ്പോൾ മലയിൽ ഉണ്ടായിരുന്ന ചില ശവക്കല്ലറകൾ കണ്ടു. അവയിൽനിന്ന് രാജാവ് അസ്ഥികൾ എടുപ്പിച്ച് പ്രവാചകൻ മുമ്പു പറഞ്ഞിരുന്നതുപോലെ അവ ബലിപീഠത്തിൽവച്ചു ദഹിപ്പിച്ച് ബലിപീഠം അശുദ്ധമാക്കി. 17അടുത്തുണ്ടായിരുന്ന ഒരു സ്മാരകം കണ്ട് “ഇത് ആരുടേതാണെന്നു” രാജാവ് ചോദിച്ചു. ആ പട്ടണവാസികൾ പറഞ്ഞു: “അങ്ങ് ബേഥേലിലെ ബലിപീഠത്തിനെതിരെ ഇപ്പോൾ ചെയ്ത കാര്യങ്ങളെപ്പറ്റി മുമ്പുതന്നെ പ്രവചിച്ചിരുന്ന യെഹൂദായിലെ പ്രവാചകന്റെ ശവകുടീരമാണിത്. 18രാജാവ് കല്പിച്ചു: “അതവിടെ ഇരിക്കട്ടെ; അദ്ദേഹത്തിന്റെ അസ്ഥികളെ ആരും തൊടരുത്.” അദ്ദേഹത്തിന്റെ അസ്ഥികൾ മാത്രമല്ല ശമര്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളും അവർ ഇളക്കിയില്ല. 19സർവേശ്വരനെ പ്രകോപിപ്പിച്ചുകൊണ്ട് ഇസ്രായേൽരാജാക്കന്മാർ ശമര്യപട്ടണങ്ങളിൽ നിർമ്മിച്ചിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളും യോശീയാ നശിപ്പിച്ചു. ബേഥേലിൽ ചെയ്തതുപോലെ അവിടെയും ചെയ്തു. 20പൂജാഗിരികളിലെ പുരോഹിതന്മാരെ ബലിപീഠങ്ങളിൽ വച്ചുതന്നെ വെട്ടിക്കൊല്ലുകയും മനുഷ്യരുടെ അസ്ഥികൾ അവിടെവച്ചു ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി.
യോശീയാ പെസഹ ആചരിക്കുന്നു
(2 ദിന. 35:1-19)
21നിയമഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ ദൈവമായ സർവേശ്വരനു പെസഹ ആചരിക്കാൻ യോശീയാ ജനത്തോടു കല്പിച്ചു. 22ഇസ്രായേലിൽ ഭരണം നടത്തിയിരുന്ന ന്യായാധിപന്മാരുടെ കാലംമുതൽ ഏതെങ്കിലും ഇസ്രായേൽരാജാവിന്റെയോ യെഹൂദാരാജാവിന്റെയോ കാലത്ത് ഇതുപോലെ പെസഹ ആചരിച്ചിട്ടില്ല. 23യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വർഷം യെരൂശലേമിൽ സർവേശ്വരനു പെസഹ ആചരിച്ചു.
യോശീയായുടെ മറ്റു പരിഷ്കാരങ്ങൾ
24ഹില്‌ക്കീയാപുരോഹിതൻ സർവേശ്വരന്റെ ആലയത്തിൽനിന്നു കണ്ടെത്തിയ നിയമപുസ്തകത്തിൽ അടങ്ങിയിരുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ആഭിചാരകരെയും ശകുനക്കാരെയും കുലദൈവങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദ്യയിലും യെരൂശലേമിലുമുള്ള സകല മ്ലേച്ഛതകളെയും യോശീയാ നീക്കിക്കളഞ്ഞു. 25യോശീയായെപ്പോലെ മോശയുടെ നിയമങ്ങളനുസരിച്ച് സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടി സേവിച്ചിട്ടുള്ള ഒരു രാജാവും അദ്ദേഹത്തിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. 26എങ്കിലും മനശ്ശെ ചെയ്ത തിന്മപ്രവൃത്തികൾമൂലം യെഹൂദായ്‍ക്കെതിരെയുള്ള സർവേശ്വരന്റെ ഉഗ്രകോപത്തിനു ശമനം ഉണ്ടായില്ല. 27അവിടുന്നു കല്പിച്ചു: “ഇസ്രായേലിനെപ്പോലെ യെഹൂദായെയും എന്റെ മുമ്പിൽനിന്ന് ഞാൻ നീക്കിക്കളയും; ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെയും എന്റെ നാമം ഇവിടെ ആയിരിക്കും എന്നു ഞാൻ പ്രസ്താവിച്ച ആലയത്തെയും ഞാൻ പരിത്യജിക്കും.”
യോശീയായുടെ ഭരണത്തിന്റെ അന്ത്യഘട്ടം
(2 ദിന. 35:20—36:1)
28യോശീയായുടെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 29അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈജിപ്തിലെ ഫറവോ ആയ നെഖോ അസ്സീറിയാരാജാവിന്റെ നേരെ യൂഫ്രട്ടീസ്നദിയുടെ സമീപത്തേക്കു പുറപ്പെട്ടു. യോശീയാരാജാവ് അദ്ദേഹത്തെ നേരിട്ടു; മെഗിദ്ദോയിൽവച്ചു നെബോ യോശീയായെ വധിച്ചു. 30യോശീയായുടെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ മൃതശരീരം ഒരു രഥത്തിൽ മെഗിദ്ദോയിൽനിന്നും യെരൂശലേമിൽ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. പിന്നീട് ജനം യോശീയായുടെ പുത്രൻ യെഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്തു.
യെഹോവാഹാസ്
(2 ദിന. 36:2-4)
31ഭരണമേറ്റപ്പോൾ യെഹോവാഹാസിനു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അദ്ദേഹം മൂന്നു മാസം യെരൂശലേമിൽ ഭരിച്ചു. ലിബ്നക്കാരനായ യിരെമ്യായുടെ പുത്രി ഹമൂതൽ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 32തന്റെ പിതാക്കന്മാരെപ്പോലെ അദ്ദേഹവും സർവേശ്വരനെതിരെ പാപം ചെയ്തു. 33ഈജിപ്തിലെ നെഖോരാജാവ് രിബ്ലയിൽവച്ച് അദ്ദേഹത്തെ തടവിലാക്കി. അങ്ങനെ അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചു. നെഖോ നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വർണവും യെഹൂദായ്‍ക്കു കപ്പം ചുമത്തി. 34നെഖോരാജാവ് യോശീയായുടെ പുത്രൻ എല്യാക്കീമിനെ യെഹൂദായുടെ രാജാവാക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്ന് മാറ്റുകയും ചെയ്തു. യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം മരിച്ചു.
യെഹോയാക്കീം
(2 ദിന. 36:5-8)
35ഈജിപ്തുരാജാവ് ആവശ്യപ്പെട്ട കപ്പം കൊടുക്കാൻ യെഹോയാക്കീം ജനത്തിന്റെമേൽ നികുതി ചുമത്തി. താൻ നികുതിയായി ചുമത്തിയ വെള്ളിയും സ്വർണവും പിരിച്ചെടുത്ത് അദ്ദേഹം നെഖോരാജാവിനു കൊടുത്തു. 36ഭരണമാരംഭിച്ചപ്പോൾ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ പതിനൊന്നു വർഷം ഭരിച്ചു. റൂമാ പട്ടണക്കാരൻ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 37തന്റെ പിതാക്കന്മാരെപ്പോലെ സർവേശ്വരന് അഹിതകരമായി അദ്ദേഹം ജീവിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 LALTE 23: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.