സർവേശ്വരൻ ഒരു ചുഴലിക്കാറ്റിലൂടെ ഏലിയായെ സ്വർഗത്തിലേക്ക് എടുക്കാൻ സമയമായി. ഏലിയായും എലീശയും ഗില്ഗാലിൽനിന്നു യാത്ര ചെയ്യുകയായിരുന്നു. ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; ബേഥേലിലേക്കു പോകാൻ സർവേശ്വരൻ എന്നോടു കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ബേഥേലിലേക്കു പോയി. ബേഥേലിലുണ്ടായിരുന്ന പ്രവാചകഗണത്തിൽപ്പെട്ടവർ എലീശായോടു ചോദിച്ചു: “സർവേശ്വരൻ ഇന്നുതന്നെ അങ്ങയുടെ അടുക്കൽനിന്ന് അങ്ങയുടെ യജമാനനെ എടുക്കാൻ പോകുന്ന വിവരം അങ്ങേക്കറിയാമോ?” അദ്ദേഹം പറഞ്ഞു: “എനിക്കറിയാം, നിങ്ങൾ നിശ്ശബ്ദരായിരിക്കൂ.” ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യെരീഹോവിലേക്കു പോകാൻ സർവേശ്വരൻ എന്നോടു കല്പിച്ചിരിക്കുന്നു. “അപ്പോൾ എലീശ പറഞ്ഞു: “സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു. അങ്ങയെ വിട്ടു ഞാൻ പോകുകയില്ല.” അങ്ങനെ അവർ യെരീഹോവിലെത്തി. അവിടെ ഉണ്ടായിരുന്ന പ്രവാചകഗണത്തിൽപ്പെട്ടവർ എലീശയോടു ചോദിച്ചു: “സർവേശ്വരൻ ഇന്നുതന്നെ അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുക്കാൻ പോകുന്ന വിവരം അങ്ങേക്കറിയാമോ.” എലീശ പ്രതിവചിച്ചു: “എനിക്കറിയാം, നിങ്ങൾ നിശ്ശബ്ദരായിരിക്കുവിൻ.” ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സർവേശ്വരൻ എന്നോട് യോർദ്ദാനിലേക്കു പോകാൻ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ഇരുവരും യാത്ര തുടർന്നു. അവർ യോർദ്ദാൻനദിയുടെ അരികിൽ എത്തിയപ്പോൾ പ്രവാചകഗണത്തിൽപ്പെട്ട അമ്പതുപേർ വന്ന് അല്പം അകലെ മാറിനിന്നു. ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തിൽ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; അവർ ഉണങ്ങിയ നിലത്തുകൂടി കടന്നു മറുകര എത്തി. അവിടെ എത്തിയപ്പോൾ ഏലിയാ എലീശയോടു ചോദിച്ചു: “ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ എന്താണ് നിനക്ക് ചെയ്തുതരേണ്ടത്.” എലീശ പറഞ്ഞു: “അങ്ങയുടെ ചൈതന്യത്തിന്റെ ഇരട്ടി അവകാശം എനിക്കു ലഭിക്കട്ടെ.” ഏലിയാ പറഞ്ഞു: “നീ ചോദിച്ചതു ദുഷ്കരമായ കാര്യമാണ്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നത് നീ കാണുകയാണെങ്കിൽ അതു നിനക്കു ലഭിക്കും; കാണുന്നില്ലെങ്കിൽ അതു ലഭിക്കുകയില്ല.” അവർ സംസാരിച്ചുകൊണ്ട് വീണ്ടും നടന്നു. തത്സമയം ഒരു അഗ്നിത്തേരും അഗ്നിക്കുതിരകളും അവരെ തമ്മിൽ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. എലീശ അതുകണ്ടു. “എന്റെ പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ തേരുകളും തേരാളികളുമേ” എന്നു നിലവിളിച്ചു പറഞ്ഞു. പിന്നെ അദ്ദേഹം ഏലിയായെ കണ്ടില്ല. എലീശ തന്റെ വസ്ത്രം രണ്ടായി കീറി. ഏലിയായിൽനിന്നു താഴെ വീണ മേലങ്കി എലീശാ എടുത്തുകൊണ്ട് യോർദ്ദാൻനദിയുടെ തീരത്തു വന്നു. ഏലിയായുടെ ദൈവമായ സർവേശ്വരൻ എവിടെ എന്നു പറഞ്ഞ് ആ മേലങ്കികൊണ്ട് അദ്ദേഹം വെള്ളത്തിൽ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; എലീശ നദി കടക്കുകയും ചെയ്തു.
2 LALTE 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 LALTE 2:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ