2 LALTE 13

13
യെഹോവാഹാസ് ഇസ്രായേൽരാജാവ്
1യെഹൂദാരാജാവായ അഹസ്യായുടെ പുത്രൻ യോവാശിന്റെ ഇരുപത്തിമൂന്നാം ഭരണവർഷം യേഹൂവിന്റെ പുത്രൻ യെഹോവാഹാസ് ഇസ്രായേൽരാജാവായി. 2അദ്ദേഹം ശമര്യയിൽ പതിനേഴു വർഷം ഭരിച്ചു. യെഹോവാഹാസ് സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു; നെബാത്തിന്റെ പുത്രൻ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നു വിട്ടുമാറാതെ അദ്ദേഹം അവ തുടർന്നുപോന്നു. 3അതിനാൽ സർവേശ്വരന്റെ കോപം ഇസ്രായേലിനു നേരെ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്റെയും അയാളുടെ പുത്രൻ ബെൻ-ഹദദിന്റെയും കൈകളിൽ തുടർച്ചയായി ഏല്പിച്ചുകൊടുത്തു. 4യെഹോവാഹാസ് സർവേശ്വരന്റെ സഹായത്തിനായി പ്രാർഥിച്ചു. അവിടുന്ന് അയാളുടെ യാചന കേട്ടു; സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു. 5അവിടുന്ന് ഇസ്രായേലിന് ഒരു വിമോചകനെ നല്‌കി. ഇസ്രായേല്യർ സിറിയാക്കാരുടെ കൈയിൽനിന്നു വിമോചിതരായി. അങ്ങനെ ഇസ്രായേൽജനം മുൻപെന്നപോലെ സുരക്ഷിതരായി പാർത്തു. 6എങ്കിലും അവർ ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യെരോബെയാമിന്റെ പാപങ്ങളിൽനിന്ന് പിന്മാറാതെ അയാളുടെ വഴികളിൽ തന്നെ നടന്നു. അശേരാദേവിയുടെ പ്രതിഷ്ഠ ശമര്യയിൽനിന്ന് അവർ നീക്കിയില്ല. 7യെഹോവാഹാസിന്റെ സൈന്യത്തിൽ അമ്പതിലധികം അശ്വഭടന്മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിലധികം കാലാൾപ്പടയോ ഉണ്ടായിരുന്നില്ല. ബാക്കിയുള്ളവയെല്ലാം സിറിയാരാജാവ് നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു. 8യെഹോവാഹാസിന്റെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 9യെഹോവാഹാസ് മരിച്ച് പിതാക്കന്മാരോടു ചേർന്നു. ശമര്യയിൽ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്റെ പുത്രൻ യെഹോവാശ് പകരം രാജാവായി.
യെഹോവാശ് ഇസ്രായേൽരാജാവ്
10യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ഭരണവർഷം യെഹോവാഹാസിന്റെ പുത്രൻ യെഹോവാശ് ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ പതിനാറു വർഷം ഭരിച്ചു; 11അദ്ദേഹവും സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്റെ പുത്രൻ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നു വിട്ടുമാറാതെ അവയിൽ ചരിച്ചു; 12യെഹോവാശിന്റെ മറ്റു പ്രവർത്തനങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധത്തിൽ പ്രകടിപ്പിച്ച വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 13യെഹോവാശ് മരിച്ചു; ശമര്യയിലുള്ള പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രൻ യെരോബെയാം പകരം രാജാവായി.
എലീശയുടെ മരണം
14എലീശ രോഗബാധിതനായി മരണത്തോടു സമീപിച്ചു; തത്സമയം ഇസ്രായേൽരാജാവായ യെഹോവാശ് അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു: “എന്റെ പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ തേരും തേരാളികളുമേ” 15എന്നു കരഞ്ഞുകൊണ്ടു പറഞ്ഞ് അമ്പും വില്ലും എടുത്തു. 16“വില്ലു കുലയ്‍ക്കാൻ തയ്യാറാകൂ” എന്ന് എലീശ പറഞ്ഞു. രാജാവ് അങ്ങനെ ചെയ്തു. എലീശ തന്റെ കൈകൾ അദ്ദേഹത്തിന്റെ കൈകളുടെമേൽ വച്ചശേഷം 17“കിഴക്കോട്ടുള്ള ജനാല തുറക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “ഇനി അമ്പ് എയ്യുക” എലീശ പറഞ്ഞു. അദ്ദേഹം അങ്ങനെ പ്രവർത്തിച്ചു. അപ്പോൾ എലീശ പറഞ്ഞു: “ഇതു സർവേശ്വരന്റെ വിജയശരം. സിറിയായ്‍ക്കെതിരെയുള്ള വിജയശരം. നീ അഫേക്കിൽവച്ച് സിറിയാക്കാരോട് യുദ്ധം ചെയ്ത് അവരെ നശിപ്പിക്കും.” 18പിന്നീട് എലീശ പറഞ്ഞു: “അമ്പുകളെടുത്തു നിലത്തടിക്കുക.” രാജാവ് അമ്പുകളെടുത്തു മൂന്നു തവണ നിലത്തടിച്ചു. 19അപ്പോൾ പ്രവാചകൻ ക്ഷുഭിതനായി പറഞ്ഞു: “നീ അഞ്ചോ ആറോ തവണ നിലത്തടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ നീ സിറിയാക്കാരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. നീ മൂന്നു പ്രാവശ്യം മാത്രമേ സിറിയാക്കാരെ തോല്പിക്കുകയുള്ളൂ.”
20എലീശ മരിച്ചു; അവർ അദ്ദേഹത്തെ സംസ്കരിച്ചു. വർഷംതോറും വസന്തത്തിൽ മോവാബ്യർ കൂട്ടമായി വന്ന് ഇസ്രായേലിനെ ആക്രമിച്ചിരുന്നു. 21ഒരിക്കൽ ഒരു മനുഷ്യന്റെ മൃതദേഹം സംസ്കരിച്ചുകൊണ്ടിരിക്കെ മോവാബ്യരുടെ സംഘം വരുന്നതുകണ്ട് ഇസ്രായേല്യർ ആ ജഡം എലീശയുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീശയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾ ജഡം ജീവൻ പ്രാപിച്ച് എഴുന്നേറ്റു നിന്നു.
ഇസ്രായേലും സിറിയായും തമ്മിൽ യുദ്ധം
22യെഹോവാഹാസിന്റെ കാലം മുഴുവൻ സിറിയാരാജാവായ ഹസായേൽ ഇസ്രായേലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. 23എങ്കിലും അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അനുസരിച്ച് സർവേശ്വരൻ ഇസ്രായേലിനോടു കരുണയും ദയയും കാണിച്ചു. അവരെ നശിപ്പിക്കുകയോ അവിടുത്തെ മുമ്പിൽനിന്ന് ഇന്നുവരെ നീക്കിക്കളയുകയോ ചെയ്തില്ല. 24സിറിയാരാജാവായ ഹസായേലിന്റെ മരണശേഷം പുത്രൻ ബെൻ-ഹദദ് രാജാവായി. 25തന്റെ പിതാവായ യെഹോവാഹാസിൽനിന്ന് ഹസായേൽ പിടിച്ചെടുത്തിരുന്ന പട്ടണങ്ങളെ ഹസായേലിന്റെ പുത്രനായ ബെൻ-ഹദദിനെ മൂന്നു പ്രാവശ്യം തോല്പിച്ച് യെഹോവാശ് വീണ്ടെടുത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 LALTE 13: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക