2 KORINTH 9
9
സഹവിശ്വാസികൾക്കുവേണ്ടിയുള്ള ധനസഹായം
1യെഹൂദ്യയിലെ ദൈവജനത്തിനുവേണ്ടി സഹായധനം അയച്ചുകൊടുക്കുന്നതിനെപ്പറ്റി വിശേഷിച്ചു ഞാൻ എഴുതേണ്ട ആവശ്യമില്ലല്ലോ. 2അവരെ സഹായിക്കുവാനുള്ള സന്മനസ്സ് നിങ്ങൾക്കുണ്ടെന്ന് എനിക്കറിയാം. അഖായയിലെ സഹോദരന്മാർ കഴിഞ്ഞവർഷം മുതൽതന്നെ സഹായിക്കുവാൻ സന്നദ്ധമായിരിക്കുന്നു എന്നു നിങ്ങളെക്കുറിച്ചു ഞാൻ പ്രശംസിച്ചിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കപേരെയും ഉണർത്തിയിരിക്കുന്നു. 3ഇക്കാര്യത്തിൽ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ വ്യർഥമാകാതിരിക്കുവാൻ ഈ സഹോദരന്മാരെ ഞാൻ അയയ്‍ക്കുന്നു. സഹായഹസ്തം നീട്ടാൻ നിങ്ങൾ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ അവരോടു പറഞ്ഞിട്ടുണ്ട്. നിങ്ങൾ അപ്രകാരം ഒരുങ്ങിയിരിക്കേണ്ടതാണ്. 4മാസിഡോണിയക്കാർ എന്റെകൂടെ വരികയും സഹായസന്നദ്ധത ഇല്ലാതെ നിങ്ങളെ കാണുകയും ചെയ്യുന്ന പക്ഷം, നിങ്ങളുടെ കാര്യം പോകട്ടെ, നിങ്ങളിൽ ഇത്രമാത്രം വിശ്വാസം അർപ്പിച്ച ഞങ്ങൾ എത്രമാത്രം ലജ്ജിതരാകും! 5അതിനാൽ എനിക്കുമുമ്പായി നിങ്ങളുടെ അടുക്കൽ വന്ന് നിങ്ങൾ വാഗ്ദാനം ചെയ്ത സംഭാവനകൾ മുൻകൂട്ടി ഒരുക്കി വയ്‍ക്കുന്നതിന് ഈ സഹോദരന്മാരെ പറഞ്ഞയയ്‍ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണെങ്കിൽ ഞാൻ വരുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സംഭാവന ഒരുക്കിവയ്‍ക്കുകയും ആരുടെയും നിർബന്ധംകൊണ്ടല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടുതന്നെ, ഈ സഹായം നല്‌കി എന്നു സ്പഷ്ടമാകുകയും ചെയ്യുമല്ലോ.
6കുറച്ചു വിതച്ചവൻ കുറച്ചേ കൊയ്യൂ; എന്നാൽ കൂടുതൽ വിതച്ചവൻ കൂടുതൽ കൊയ്യുന്നു എന്ന വസ്തുത മറക്കരുത്. 7ഓരോരുത്തൻ അവനവൻ നിശ്ചയിച്ചതുപോലെ ദാനം ചെയ്യട്ടെ; വൈമനസ്യത്തോടെയോ, നിർബന്ധത്തിനു വഴങ്ങിയോ ആരും കൊടുക്കേണ്ടതില്ല. സന്തോഷപൂർവം കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നല്‌കുവാൻ ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങൾക്കും ദാനം ചെയ്യുവാൻ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങൾക്കുണ്ടായിരിക്കും. 9വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ
അവിടുന്നു ബുദ്ധിമുട്ടുള്ളവർക്ക് ഉദാരമായി നല്‌കുന്നു;
അവിടുത്തെ ദയ എന്നേക്കും നിലനില്‌ക്കുന്നു.
10വിതയ്‍ക്കുവാൻ വിത്തും ഭക്ഷിക്കുവാൻ ആഹാരവും തരുന്ന ദൈവം, നിങ്ങൾ വിതച്ചത് മുളപ്പിക്കുകയും, നിങ്ങളുടെ ഉദാരമനസ്കതമൂലം സമൃദ്ധമായ വിളവ് ഉൽപാദിപ്പിക്കുകയും ചെയ്യും. 11എപ്പോഴും ഉദാരശീലരായിരിക്കുവാൻ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങൾക്കു നല്‌കും. ഞങ്ങളിൽനിന്നു ദാനങ്ങൾ സ്വീകരിക്കുന്നവർ നിങ്ങളുടെ ദാനങ്ങൾക്കുവേണ്ടി ദൈവത്തെ സ്തുതിക്കും. 12നിങ്ങൾ ചെയ്യുന്ന ഈ സേവനം ദൈവത്തിന്റെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നു എന്നു മാത്രമല്ല, നന്ദി നിറഞ്ഞ ഹൃദയങ്ങളിൽനിന്നു ദൈവത്തിന്റെ അടുക്കലേക്ക് ഒഴുകിച്ചെല്ലുന്ന സ്തോത്രധാരകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. 13നിങ്ങൾ സ്വീകരിച്ച ക്രിസ്തുവിന്റെ സുവിശേഷത്തോടു നിങ്ങൾക്കുള്ള കൂറ് ഈ സേവനംമൂലം തെളിയുന്നു. അതിന്റെ പേരിലും, തങ്ങളോടും മറ്റുള്ള എല്ലാവരോടും നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിന്റെ പേരിലും അനേകമാളുകൾ ദൈവത്തെ പ്രകീർത്തിക്കുന്നു. 14ദൈവം നിങ്ങളോടു കാണിച്ച ഉദാരമായ കൃപ നിമിത്തം അവർ ഉറ്റ സ്നേഹത്തോടുകൂടി നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. 15അവർണനീയമായ അവിടുത്തെ ദാനത്തിന്റെ പേരിൽ ദൈവത്തിനു സ്തോത്രം!
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 KORINTH 9: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.